സിബിഐ തീം മ്യൂസിക് റെക്കോഡിങ്ങില്‍ എ.ആര്‍ റഹ്‌മാന്‍ ഇല്ലായിരുന്നു: ശ്യാമിന്റെ വയലിനിസ്റ്റ് റെക്‌സ് ഐസക്‌സ്

സിബിഐ തീം മ്യൂസിക് റെക്കോഡിങ്ങില്‍ എ.ആര്‍ റഹ്‌മാന്‍ ഇല്ലായിരുന്നു: ശ്യാമിന്റെ വയലിനിസ്റ്റ് റെക്‌സ് ഐസക്‌സ്

പ്രശ്‌സ്തമായ സിബിഐ തീം മ്യൂസിക് സംഗീത സംവിധായകന്‍ ശ്യാമിന്റെ സൃഷ്ടിയല്ല മറിച്ച് എ.ആര്‍ റഹ്‌മാനിന്റേതാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ വ്യക്ത വരുത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ശ്യാമിനൊപ്പം വയലിനിസ്റ്റായി പ്രവര്‍ത്തിച്ച റെക്‌സ് ഐസക്‌സ്.

എ.ആര്‍ റഹ്‌മാന്‍ സിബിഐയുടെ റെക്കോഡിങ്ങില്‍ കീബോര്‍ഡ് വായിച്ചിരുന്നില്ലെന്നാണ് റെക്‌സ് ഐസക്‌സിന്റെ ഓര്‍മ്മ. ശ്യാമിന് സ്വന്തമായി കംപോസ് ചെയ്യാനുള്ള കഴിവുണ്ടെന്നും ഇത്തരത്തില്‍ ഒരു പ്രശസ്ത തീം മ്യൂസികിന്റെ വിജയം എ.ആര്‍ റഹ്‌മാന്റേതാണെന്ന് പറയുന്നത് ശരിയല്ലെന്നും റെക്‌സ് പറയുന്നു. മാതൃഭൂമി മ്യൂസിക് റിസേര്‍ച്ച് ഹെഡായ രവി മേനോനാണ് ഫെയ്‌സ്ബുക്കില്‍ റെക്‌സ് ഐസക്‌സിന്റെ കുറുപ്പ് പങ്കുവെച്ചത്.

രവി മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സി ബി ഐ ഡയറിക്കുറിപ്പ് എന്ന സിനിമയുടെ വിഖ്യാത തീം മ്യൂസിക്കിന്റെ പൂര്‍ണ്ണ പിതൃത്വം സംഗീത സംവിധായകന്‍ ശ്യാമിന് തന്നെ എന്ന് സാക്ഷ്യപ്പെടുത്തുന്നു ആ റെക്കോര്‍ഡിംഗില്‍ പങ്കെടുത്ത പ്രമുഖ വയലിനിസ്റ്റ് റെക്‌സ് ഐസക്‌സ്. എ ആര്‍ റഹ്‌മാന്‍ ആ റെക്കോര്‍ഡിംഗില്‍ കീബോര്‍ഡ് വായിച്ചിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ഓര്‍മ്മ.

റെക്‌സ് മാസ്റ്ററുടെ കുറിപ്പ്:

ഞാന്‍ ശ്യാമിന്റെ ഓര്‍ക്കെസ്ട്രയുടെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മിക്ക റെക്കോഡിങ്ങിലും ഉണ്ടാവാറുമുണ്ട്. ഈ സിനിമയുടെ റെക്കോഡിങ്ങിനും ഞാന്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു. ആദ്യം തന്നെ ഞാന്‍ പറയട്ടെ ശ്യാം സ്വന്തമായി സംഗീതം കംപോസ് ചെയ്യാനും അത് ഓര്‍ക്കസ്‌ട്രേറ്റ് ചെയ്യാനും കഴിവുള്ള വ്യക്തിയാണ്. ഒരു അസിസ്റ്റന്റിന്റേയും സഹായമില്ലാതെ സിനിമകളുടെ പശ്ചാത്തല സംഗീതം പോലും അദ്ദേഹം തന്നെയാണ് കംപോസ് ചെയ്യാറ്.

വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അദ്ദേഹം പിയാനിസ്റ്റ് ടോണി മെനേസസിനോട് വെസ്‌റ്റേണ്‍ ക്ലാസിക്കല്‍ സ്‌റ്റൈലില്‍ എന്തെങ്കിലും ചിട്ടപ്പെടുത്താന്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ എസ്.പി വെങ്കിടേഷ്, വിദ്യാസാഗര്‍, സമ്പത്ത്, ചിന്ന കണ്ണന്‍ എന്നിവരെല്ലാം ശ്യാമിന്റെ ഓര്‍ക്കസ്ട്രയാണ് ഗൈഡ് ചെയ്തിരുന്നത്. (ജോണ്‍സണ് വേണ്ടി രാജാമണിയും ചിട്ടി പ്രകാശും ചെയ്യുന്നത് പോലെ).

ശ്യാമിന്റെ പ്രധാന കീ ബോര്‍ഡ് പ്ലേയര്‍ മുരളിയായിരുന്നു. ശ്യാം ഹാര്‍മോണിയത്തില്‍ വായിക്കുന്നത് അത്ര തന്നെ വേഗത്തില്‍ അദ്ദേഹം വായിക്കുമായിരുന്നു. പക്ഷെ ശ്യാമിന്റെ റെക്കോഡിങ്ങില്‍ ദിലീപിനെ (എആര്‍ റഹ്‌മാന്‍) കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. ഒരു ദിവസം ചിലപ്പോള്‍ മുരളിക്ക് പകരമായി വന്നിട്ടുണ്ടാവാം.

സിബിആ ഡയറി കുറുപ്പിന്റെ റെക്കോഡിങ്ങ് സമയത്ത് ഞാന്‍ ശ്യാമിനൊപ്പം ഉണ്ടായിരുന്നു. സിബിആ ഡയറി കുറുപ്പിന്റെ പ്രശസ്തമായ ബിജിഎം ശ്യം തന്നെയാണ് ഹാര്‍മോണിയത്തില്‍ വായിച്ചത്. യഥാര്‍ത്ഥ സംഗീത സംവിധായകനെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒരു തീം മ്യൂസിക്കിന്റെ വിജയം എ ആര്‍ റഹ്‌മാന് കൊടുക്കുന്നത് ശരിയായ കാര്യമല്ല.

ഇനി റഹ്‌മാന്‍ റെക്കോഡിങ്ങ് സമയത്ത് ഉണ്ടായിരുന്നെങ്കില്‍ തന്നെ അദ്ദേഹത്തിന്റെ ജോലി ശ്യാം കംപോസ് ചെയ്തതിന്റെ നോട്ട്‌സ് എഴുതി എടുത്ത് ശ്യാമിന് വേണ്ട രീതിയിലേക്ക് ആക്കുക എന്നത് മാത്രമാണ്. പക്ഷെ ഞാനോ അന്ന് അവിടെ ഉണ്ടായിരുന്ന മറ്റ് ആളുകളോ റഹ്‌മാനെ കണ്ടതായി ഓര്‍ക്കുന്നില്ല.

സംഗീത സംവിധായകന്‍ ശ്യാമും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു എന്ന് രവി മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'മൂന്നര പതിറ്റാണ്ടോളമായി ആ ഈണം പിറന്നിട്ട്. മറ്റെല്ലാം മറന്നാലും അതിന്റെ ജന്മനിമിഷങ്ങള്‍ ഞാന്‍ മറക്കില്ല. ഒരു പക്ഷേ ഞാന്‍ ചെയ്ത സിനിമാപ്പാട്ടുകളേക്കാള്‍ സാധാരണക്കാരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഈണമാണിത്. റഹ്‌മാന്‍ എനിക്കേറെ പ്രിയപ്പെട്ട കുട്ടിയാണ്. സംഗീത ജീവിതത്തിന്റെ ആരംഭ ഘട്ടത്തില്‍ എനിക്ക് തണലും തുണയുമായിരുന്ന പ്രിയ സുഹൃത്ത് ആര്‍ കെ ശേഖറിന്റെ മകന്‍. അസാമാന്യ പ്രതിഭാശാലി. എന്റെ മറ്റു പല ഗാനങ്ങളിലും ആദ്യകാലത്ത് കീബോര്‍ഡ് വായിച്ചിട്ടുണ്ട് അന്ന് ദിലീപ് ആയിരുന്ന റഹ്‌മാന്‍. ഒരിക്കലും മറക്കാന്‍ പറ്റില്ല അതൊന്നും. പക്ഷേ സി ബി ഐയിലെ തീം മ്യൂസിക്ക് എന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണ്. എന്റെ മാത്രം സൃഷ്ടി...എന്തിനാണ് മറിച്ചൊരു പ്രചരണം നടക്കുന്നത് എന്നറിയില്ല. റഹ്‌മാന്‍ ഒരിക്കലും അങ്ങനെ പറയാന്‍ ഇടയില്ല.' എന്നാണ് ശ്യാം പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in