വിനോദ് രാജിന്റെ 'കൂഴങ്കലിന്' റോട്ടര്‍ഡാമില്‍ ടൈഗര്‍ അവാര്‍ഡ്, അന്താരാഷ്ട്ര നേട്ടത്തിന്റെ ആഹ്ലാദവുമായി നയന്‍താരയും വിഘ്നേശ് ശിവനും

വിനോദ് രാജിന്റെ 'കൂഴങ്കലിന്' റോട്ടര്‍ഡാമില്‍ ടൈഗര്‍ അവാര്‍ഡ്, അന്താരാഷ്ട്ര നേട്ടത്തിന്റെ ആഹ്ലാദവുമായി നയന്‍താരയും വിഘ്നേശ് ശിവനും

ദാരിദ്ര്യത്തിന്റെ വേദനയും നിരാശയും പകര്‍ത്തിയ കൂഴങ്കല്‍ എന്ന തമിഴ് ചിത്രത്തിന് അന്‍പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം. പി.എസ് വിനോദ് രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകന്‍ റാമിന്റെ ശിഷ്യന്‍ കൂടിയാണ് വിനോദ് രാജ്. നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും നിര്‍മ്മാണ സംരംഭമായ റൗഡി പിക്ചേഴ്സ് നിര്‍മ്മിച്ച ആദ്യ സിനിമയുമാണ് കൂഴങ്കല്‍. പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം വിഘ്നേശ് ശിവനും നയന്‍താരയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ടൈഗര്‍ പുരസ്‌കാരം നേടുന്ന ആദ്യ തമിഴ് ചിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്ന് വിഘ്‌നേശ് ശിവന്‍. നയന്‍താരയും വിഘ്‌നേശും റോട്ടര്‍ഡാം പ്രിമിയറില്‍ സംവിധായകനൊപ്പം നേരത്തെ പങ്കെടുത്തിരുന്നു. സിനിമ കണ്ട് ഇഷടമായതിന് പിന്നാലെ കൂഴങ്കല്‍ റൗഡി പിക്‌ചേഴ്‌സ് ഏറ്റെടുക്കുകയായിരുന്നു. ആത്മാവില്‍ തൊട്ട ചിത്രമെന്നാണ് ഇതേക്കുറിച്ച് വിഘ്‌നേശ് ശിവന്‍ പറഞ്ഞിരുന്നത്. തിയറ്ററുകള്‍ക്കൊപ്പം അന്താരാഷ്ട്ര മേളകളിലേക്ക് സിനിമ എത്തേണ്ടതുണ്ടെന്നും വിഘ്‌നേശ്.

ഭാര്യ ഉപേക്ഷിച്ചുപോയതില്‍ അസ്വസ്ഥനായ പിതാവ് മകനൊപ്പം ഒരു യാത്ര പോകുന്നു. കടുത്ത വേനല്‍ ചൂടില്‍ വിശപ്പും ദാഹവും സഹിച്ചുകൊണ്ടു വിജനമായ സ്ഥലത്ത് ഇരുവരും നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. പ്രശംസനീയ നിരവധി സിനിമകള്‍ ഉണ്ടായിരുന്നു. വളരെ ലളിതമായ രീതിയില്‍ സംവിധാനം ചെയ്ത ഈ സിനിമയോട് വല്ലാത്ത അടുപ്പം തോന്നിയതായി ജൂറി അംഗം പറഞ്ഞു . കഥാപാത്രങ്ങളിലെ നിശയദാര്‍ഢ്യം സംവിധാനത്തിലും പ്രകടമാണ്. ആഴത്തിലുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്തത്. എന്നാല്‍ സിനിമയിലെ സൗന്ദര്യവും നര്‍മ്മവും നമ്മളെ ആകര്‍ഷിക്കുമെന്നും ജൂറി അംഗം കൂട്ടിച്ചേര്‍ത്തു.

പി എസ് വിനോദ് രാജ് തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ഛായാഗ്രഹണം വിഘ്നേശ് കുമുളയ്. റൗഡി പിക്‌ചേഴ്‌സിന്റെ മൂന്നാമത്തെ പ്രൊജക്ടാണ് 'കൂഴങ്കള്‍'. നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലര്‍ സിനിമ 'നെട്രികണ്‍' ആണ് റൗഡി പിക്‌ചേഴ്‌സ് ആദ്യം പ്രഖ്യാപിച്ച സിനിമ. തരാമണി ഫെയിം വസന്ത് രവി നായകനാവുന്ന 'റോക്കി'യുടെ നിര്‍മ്മാണവും വിതരണവും അടുത്തിടെ റൗഡി പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരുന്നു. വിജയ് സേതുപതി, നയന്‍താര, സമാന്തര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാതുവാക്കുള്ള രണ്ട് കഥകള്‍ എന്ന ത്രികോണ പ്രണയകഥയുടെ ചിത്രീകരണത്തിലാണ് വിഘ്‌നേശ് ശിവന്‍.

2017ല്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ റോട്ടര്‍ഡാം മേളയില്‍ ടൈഗര്‍ അവാര്‍ഡ് നേടിയിരുന്നു. ഹൃദയത്തില്‍ തൊടുന്ന കഥ പറച്ചിലും പ്രമേയവുമാണ് കൂഴങ്കലിന്റേതെന്ന് സംവിധായിക ഗീതു മോഹന്‍ദാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു നവാഗത സംവിധായകനില്‍ നിന്ന് പുറത്തുവന്ന മികച്ച സിനിമകളിലൊന്നാണ് കൂഴങ്കലെന്നും ഗീതു മോഹന്‍ദാസ്.

Related Stories

No stories found.
logo
The Cue
www.thecue.in