'സംഘടനകള്‍ വലിയ സിനിമകള്‍ക്ക് വേണ്ടി മാത്രമെ ചര്‍ച്ച നടത്തുകയുള്ളു'; മിഷന്‍ സി പ്രദര്‍ശനം നിര്‍ത്തിയതിനെ കുറിച്ച് സംവിധായകന്‍

'സംഘടനകള്‍ വലിയ സിനിമകള്‍ക്ക് വേണ്ടി മാത്രമെ ചര്‍ച്ച നടത്തുകയുള്ളു'; മിഷന്‍ സി പ്രദര്‍ശനം നിര്‍ത്തിയതിനെ കുറിച്ച് സംവിധായകന്‍

തിയേറ്റര്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മിഷന്‍ സി എന്ന മലയാളം ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. തിയേറ്ററില്‍ പ്രേക്ഷകര്‍ വരാത്ത പ്രതിസന്ധിക്കൊപ്പം തന്നെ ചെറിയ മലയാള സിനിമകള്‍ക്ക് വേണ്ട രീതിയിലുള്ള സഹായ സഹകരണങ്ങള്‍ തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറയുന്നത്. തിയേറ്ററില്‍ പ്രേക്ഷകര്‍ എത്തുന്നു എന്നത് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും ഇനി മിഷന്‍ സി റിലീസ് ചെയ്യുക. തിയേറ്റര്‍ ഉടമകളുടെ സഹകരണം ലഭിക്കാതെ വന്നാല്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്നും വിനോദ് ഗുരുവായൂര്‍ ദ ക്യുവിനോട് പ്രതികരിച്ചു.

വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍:

'എല്ലാ തിയേറ്ററുകാരെയും കുറ്റം പറയാന്‍ കഴിയുന്ന ഒരു സാഹചര്യമല്ല. പക്ഷെ തിയേറ്ററില്‍ നമുക്ക് നല്ല സമയങ്ങള്‍ തന്നില്ലെന്നത് പ്രശ്‌നമാണ്. ഫസ്റ്റ് ഷോയ്ക്കും സെക്കന്റ് ഷോയ്ക്കുമാണ് ആളുകള്‍ തിയേറ്ററിലേക്ക് വരുന്നത്. ആ സമയത്ത് സിനിമ കളിക്കുന്നത് വളരെ ചുരുക്കം ചില തിയേറ്ററുകളിലാണ്. മലബാര്‍ ഭാഗത്ത് കുറിച്ച് തിയേറ്ററുകള്‍ തന്നു എന്നല്ലാതെ ബാക്കി എവിടെയും തിയേറ്ററുകള്‍ തന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കാലത്ത് 11 മണിയുടെ ഷോയ്‌ക്കൊന്നും ആളുകള്‍ വരില്ല. പിന്നെ പൊതുവെ എല്ലാ സിനിമകള്‍ക്കും കളക്ഷന്‍ കുറവാണ്. അതുകൊണ്ട് നിലവില്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയാണ്. സിനിമയ്ക്ക് നല്ല അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. അതുകൊണ്ട് തന്നെ ഈ രീതിയിലുള്ള കളക്ഷന്‍ വെച്ച് നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ഇനി തിയേറ്ററുകാര്‍ സഹകരിച്ചാല്‍ മാത്രമെ ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ സാധിക്കു. ആ സമയത്ത് മൂന്ന് ദിവസം റിലീസ് ചെയ്ത ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഒടിടി വേണ്ടെന്ന് വെച്ച് തിയേറ്ററിലേക്ക് വന്നൊരു നിര്‍മ്മാതാവ് ഇനി തിയേറ്ററിലേക്ക് വരില്ല എന്ന അവസ്ഥയിലേക്ക് അല്ലെ അത് കൊണ്ട് പോവുക. അതുകൊണ്ട് കളക്ക്ഷന്‍ കുറവാണെങ്കിലും ഇത്തരം സിനിമകള്‍ തിയേറ്ററില്‍ കളിച്ച് കൊടുക്കുക എന്ന മര്യാദ തിയേറ്റര്‍ ഉടമകളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.

വലിയ സിനിമകള്‍ക്ക് വേണ്ടി മാത്രമെ സംഘടനകള്‍ ചര്‍ച്ച നടത്തു. ചെറിയ സിനിമ നിര്‍മ്മാതാവിന്റെ മാത്രം ഉത്തരവാദിത്വമാണ്. അവിടെ സംഘടന ചര്‍ച്ചയൊന്നുമില്ല. വലിയ സിനിമയ്ക്ക് മാത്രമെ സംഘടനയുടെ ചര്‍ച്ചകള്‍ ഉണ്ടാവു. ഇനിയിപ്പോ വലിയ സിനിമ ഒടിടിയിലും തിയേറ്ററിലും റിലീസ് ചെയ്യും. എന്നാല്‍ ചെറിയ സിനിമയ്ക്ക് വേണ്ടി ഒരു സംഘടനയും സംസാരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ മിഷന്‍ സിയുടെ കാര്യത്തില്‍ സഹകരിക്കണമെന്ന് നിര്‍മ്മാതാവ് പ്രസ്താവന ഇറക്കിയിട്ട് ആരും അതില്‍ ഒന്നും പറഞ്ഞിട്ടില്ലല്ലോ. അതുകൊണ്ട് വലിയ സിനിമകള്‍ക്കെ സംഘടനകളെ കൊണ്ട് കാര്യമുള്ളു. അല്ലാതെ ചെറിയ സിനിമകള്‍ക്ക് ഒരു ഉപകാരവുമില്ല.'

സര്‍ക്കാര്‍ തിയേറ്ററുകളായ കൈരളിയും ശ്രീയും മലയാള സിനിമയ്ക്ക് ഉപകാരമില്ലെന്നും വിനോദ് പറയുന്നു. കൈരളി, ശ്രീ സംസ്ഥാനത്ത് 28 തിയേറ്ററുകളാണ് ഉള്ളത്. അവിടെയെല്ലാം എത്രയോ ദിവസം മുമ്പ് റിലീസിന് അനുവാദം ചോദിച്ചിരുന്നു. പക്ഷെ ഒരു തിയേറ്ററില്‍ പോലും മലയാള സിനിമ കളിച്ചിട്ടില്ല. കൈരളി, ശ്രീയൊക്കെ മലയാളികള്‍ക്ക് ഒരു കാര്യവുമില്ലാത്ത തിയേറ്ററുകളാണ്. ഞങ്ങള്‍ തിയേറ്ററിന്റെ പ്രധാനപ്പെട്ട ആളുകളോടെല്ലാം നേരിട്ട് സംസാരിച്ചിട്ട് പോലും ഒരു തിയേറ്റര്‍ പോലും അവര്‍ തന്നില്ല. അവസാനം തൃശൂര്‍ കൈരളിയിലും ശ്രീയിലും ഒരു ഷോയെങ്കിലും തരാന്‍ പറഞ്ഞു. എന്നിട്ട് പോലും അവര്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും വിനോദ് ഗുരുവായൂര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in