ഹൃദയത്തിന് മൂന്നിരട്ടി തരാമെന്ന് പറ‍ഞ്ഞിട്ടും ഒടിടിക്ക് കൊടുത്തില്ല, ലോക്ക് ഡൗൺ പ്രതിസന്ധിയിൽ തിയറ്ററിനൊപ്പം നിന്നു; വിനീത് ശ്രീനിവാസൻ

ഹൃദയത്തിന് മൂന്നിരട്ടി തരാമെന്ന് പറ‍ഞ്ഞിട്ടും ഒടിടിക്ക് കൊടുത്തില്ല, ലോക്ക് ഡൗൺ പ്രതിസന്ധിയിൽ തിയറ്ററിനൊപ്പം നിന്നു; വിനീത് ശ്രീനിവാസൻ

മലയാള സിനിമ പ്രദർ‌ശിപ്പിക്കുന്നത് ബഹിഷ്കരിച്ച പിവിആർ സിനിമാസിന്റെ നടപടിക്കെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. സൺ ഡേ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഹൃദയം എന്ന ചിത്രത്തിന്റെ തിയറ്റർ കളക്ഷന്റെ മൂന്നിരട്ടി ഒടിടി വാ​ഗ്ദാനം ചെയ്തിട്ടും തിയറ്ററിൽ സിനിമ ഇറങ്ങണം എന്ന ആ​ഗ്രഹത്താൽ തിയറ്ററുടമകൾക്കൊപ്പം നിന്നയാളാണ് താൻ എന്നും ഇത് കലാകാരന്മാരുടെ പ്രശ്നമാണെന്നും അത്തരത്തിൽ തന്നെ പൊതു സമൂഹം ഇതിനെ നോക്കി കാണണമെന്ന് താൻ ആ​ഗ്രഹിക്കുന്നുവെന്നും വിനീത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വിനീത് പറ‍ഞ്ഞത്:

ഇതിൽ സ്വാഭാവികമായും എല്ലാവരുടെയും ഉള്ളിലുണ്ടാകുന്ന സംശയമുണ്ട്. ഇത് പിവിആർ എന്നു പറയുന്ന ഒരു ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇന്ത്യയുടെ പല ഭാഗത്തായി മറ്റു സ്ക്രീനുകളും പിവിആറിനു സ്വന്തമായുണ്ട്. ഐനോക്സ് എന്ന മൾടിപ്ലക്സ് ചെയ്ൻ ഇപ്പോൾ പിവിആറിന്റെ കയ്യിലാണ്. അതുപോലെ ഇന്ത്യയുടെ പലഭാഗത്തുള്ള ചെറിയ തിയറ്ററുകൾ വരെ ഇവരുടെ കയ്യിലുണ്ട്. ഈ തിയറ്ററുകളിലൊന്നും നമ്മുടെ സിനിമയില്ല.

പ്രേക്ഷകനെ സംബന്ധിച്ചടത്തോളം തിയറ്റർ ലോയൽറ്റി എന്നൊരു സംഭവമുണ്ട്. തൊട്ടടുത്ത് ഒരു തിയറ്ററുണ്ടെങ്കിൽ സൗകര്യം കൂടുതലാണ്. കുടുംബമായി പോകുന്നവർക്ക് രാത്രി ഷോ കഴിഞ്ഞ് നേരത്തെ വീട്ടിൽ തിരിച്ചെത്തണം. നല്ല ബാത്ത് റൂം, പാർക്കിങ് അങ്ങനെ ഒരുപാട് വിഷയങ്ങൾ ആലോചിച്ചാകും ഒരാൾ തിയറ്ററിൽ പോകുന്നത്. നമുക്കെല്ലാം അങ്ങനെയൊരു പ്രിയപ്പെട്ട തിയറ്റർ ഉണ്ടാകും. ഈ തിയറ്ററുകളിലും പിവിആറിന് സ്വന്തമായുള്ള തിയറ്ററുകൾ ഉണ്ടാകാം. അത്തരം പ്രേക്ഷകർക്ക് ഇപ്പോൾ സിനിമ കാണാൻ സാധിക്കുന്നില്ല. ഈ പ്രേക്ഷകരെ മുഴുവൻ നമുക്ക് നഷ്ടപ്പെടുകയാണ്. അതൊരു വലിയ നഷ്ടമാണ്. ‘ഹൃദയം’ ചെയ്യുന്ന സമയത്ത് സൺഡേ ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്ന് എത്ര തിയറ്ററുകാർ എന്നെയും നിർമാതാവ് വിശാഖിനെയും വിളിക്കുമായിരുന്നു. ഓരോ തിയറ്ററുകാരും വിളിച്ചിട്ട് പറയും ‘നിങ്ങൾ ഒടിടിക്കു കൊടുക്കരുത്, തിയറ്ററിൽ റിലീസ് ചെയ്യരുത്’ എന്ന്. സൺഡേ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനും മുൻപാണത്. ഞങ്ങൾ അവരുടെ കൂടെ നിന്നു.

വിശാഖിന് ട്രിപ്പിൾ പ്രോഫിറ്റ് കിട്ടാനുള്ള ഒടിടി ഓഫർ ഉണ്ടായിരുന്നു. ഹൃദയം തിയറ്ററിൽ നിന്നും കലക്ട് ചെയ്തതിൽ നിന്നും ട്രിപ്പിളായുള്ള തുകയായിരുന്നു ഒടിടിയിൽ നിന്നുള്ള ഓഫർ. ഞങ്ങൾ കൊടുത്തില്ല, അവൻ തിയറ്റർ ഉടമയാണ്, ഞാൻ കലാകാരനാണ്. എന്റെ സിനിമ തിയറ്ററിൽ ഓടണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. അവൻ എന്റെ കൂടെനിന്നു. തിയറ്ററിനു വേണ്ടി അത്രയും കൂടെ നിൽക്കുന്ന ആളുകളാണ് ഞങ്ങൾ. ആ ഞങ്ങളുടെ അടുത്താണ് ഇങ്ങനെയൊരു നടപടിയുമായി ഇവർ എത്തിയത്. ഇത് പിവിആറിന്റെ മാത്രം വിഷയമല്ല, പിവിആറിന് കീഴിലുള്ള തിയറ്ററുകളിലൊന്നിലും നമുക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നില്ല. വളരെ വേദനയോടെയാണ് ഞാനിതു പറയുന്നത്. പൊതുവെ ഇത്രയും സംസാരിക്കാത്ത ആളാണ്. ഈ വിഷയം ജനങ്ങളിലേക്കെത്തണം. പണമുണ്ടാക്കുന്ന ആളുകൾ നിന്നു സംസാരിക്കുന്ന കാര്യമല്ല, ഇത് കലാകാരന്മാരുടെ പ്രശ്നമാണ്. അത് ആ രീതിയിൽ തന്നെ പൊതുസമൂഹവും എടുക്കണം. വിനീത് പറഞ്ഞു.

ഫെഫ്കയും മലയാള ചലച്ചിത്ര മേഖലയിലെ പ്രവർത്തകരും ചേർന്ന് നടത്തിയ ചർച്ചയിൽ പിവിആറുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കപ്പെട്ടു. തുടർന്ന് മലയാള സിനിമകൾ പിവിആറിൽ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓൺലെെൻ വഴി നടന്ന ചർച്ചയിലാണ് തർക്കം പരിഹരിക്കപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in