'വർഷങ്ങൾക്ക് ശേഷം' ഒടിടി റിലീസ് കഴിഞ്ഞ് വിമർശനങ്ങൾ കേട്ടപ്പോൾ ആദ്യമുണ്ടായത് ഞെട്ടൽ': വിനീത് ശ്രീനിവാസൻ

'വർഷങ്ങൾക്ക് ശേഷം' ഒടിടി റിലീസ് കഴിഞ്ഞ് വിമർശനങ്ങൾ കേട്ടപ്പോൾ ആദ്യമുണ്ടായത്  ഞെട്ടൽ': വിനീത് ശ്രീനിവാസൻ
Published on

'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയുടെ ഒടിടി റിലീസിന് ശേഷം നേരിട്ട വിമർശനങ്ങളെ കുറിച്ച് പ്രതികരിച്ച് വിനീത് ശ്രീനിവാസൻ. സിനിമയുടെ ഒടിടി റിലീസ് കഴിഞ്ഞ് വിമർശനങ്ങൾ കേട്ടപ്പോൾ ഞെട്ടലാണുണ്ടായത്. കാരണം തിയറ്ററിൽ മികച്ച രീതിയിൽ ഓടിയ ചിത്രമായിരുന്നു അത്. ഒടിടി റിലീസിന് ശേഷം അലക്ക് കല്ലിലിട്ട് അടിക്കുന്നത് പോലെയായിരുന്നു. ആദ്യത്തെ മൂന്നു നാല് ദിവസം എന്താണ് നടക്കുന്നതെന്ന് മനസ്സിലായില്ല. പിന്നീട് ആളുകളുടെ ഫീഡ്ബാക്ക് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു. എവിടെയാണ് അവർക്ക് പ്രശ്‌നം തോന്നിയതെന്ന് ശ്രദ്ധിച്ചു. തിയറ്ററിൽ ആളുകൾ സിനിമ കാണുന്നത് കുറേക്കൂടെ ഇമോഷണലായിട്ടാണ്. കംഫർട്ടായ സ്‌പേസിലേക്ക് സിനിമ എത്തുമ്പോൾ കുറേക്കൂടെ ആളുകൾ അതിനെ കുറേക്കൂടെ അനലറ്റിക്കലായി കാണും. അപ്പോൾ സിനിമയിലെ തെറ്റുകൾ കൂടുതൽ ആളുകൾക്ക് കാണാൻ കഴിയുമെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞു. വിനീത് ശ്രീനിവാസൻ നായകനായി എത്തിയ 'ഒരു ജാതി ജാതകം' എന്ന ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയാണ്.

വിനീത് ശ്രീനിവാസൻ പറഞ്ഞത്:

'വർഷങ്ങൾക്ക് ശേഷം' ഒടിടി റിലീസ് കഴിഞ്ഞ് വിമർശനങ്ങൾ കേൾക്കുന്ന സമയത്ത് അത് വലിയൊരു ഷോക്കായിരുന്നു. കാരണം തിയറ്ററിൽ നന്നായി ഓടിയ സിനിമയാണല്ലോ. ഒടിടി വന്നതിന് ശേഷമാണല്ലോ വിമർശനങ്ങൾ വരുന്നത്. തിയറ്റർ റിലീസിലും കൂട്ടത്തോടെയുള്ള ഒരഭിപ്രായമല്ല വന്നത്. കുറെ പേർക്ക് സിനിമ ഇഷ്ടപ്പെട്ടിരുന്നു. എന്റെ കൂട്ടത്തിൽ ബേസിലിന് സിനിമ ഇഷ്ടപ്പെട്ടിരുന്നു. അതേ അഭി എന്നെ വിളിച്ചിട്ട് തീരെ ഇഷ്ടമായില്ല എന്ന് പറഞ്ഞു. അങ്ങനെയുള്ള ഫീഡ്ബാക്കുകൾ കിട്ടിയിട്ടുണ്ട്. അത് പല സിനിമയ്ക്കും കിട്ടിയിട്ടുണ്ട്. എന്നാൽ തിയറ്ററിലെ സിനിമയുടെ പെർഫോമൻസ് കാണുമ്പോൾ വലിയ ഒരു ഓഡിയൻസിലേക്ക് സിനിമ നന്നായി എത്തിയിട്ടുണ്ട് എന്ന് മനസിലാകുമല്ലോ.

ഒടിടി റീലിസ് വന്നപ്പോൾ അലക്ക് കല്ലിലിട്ട് അടിക്കുന്നത് പോലെയായിരുന്നു. ആദ്യത്തെ മൂന്നു നാല് ദിവസം എന്താണ് നടക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല. പിന്നീട് എന്തൊക്കെയാണ് ഫീഡ്ബാക്ക്, എവിടെയാണ് ആളുകൾക്ക് പ്രശ്‌നം തോന്നിയത് എന്ന് ശ്രദ്ധിച്ചു. അതും നമ്മൾ മനസ്സിലാക്കണമല്ലോ. തിയറ്ററിൽ പൈസ കൊടുത്ത് ഒരു ഇരുട്ട് മുറിക്കുള്ളിൽ വന്നിരിക്കുമ്പോൾ ആളുകൾ കുറേക്കൂടെ ഇമോഷണലായിട്ടാണ് സിനിമ കാണുന്നത്. നമ്മളുടെ കംഫർട്ട് സ്‌പേസിൽ സിനിമ കാണുമ്പോൾ കൂടുതൽ അനലറ്റിക്കലായിരിക്കും. അനലൈസ് ചെയ്ത് കാണുമ്പോൾ കൂടുതൽ തെറ്റുകൾ ആളുകൾക്ക് കാണാൻ കഴിയും. ഇതെല്ലാം നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. അതിൽ കൂടുതലൊന്നും പറയാനില്ല.

Related Stories

No stories found.
logo
The Cue
www.thecue.in