എന്റെ അഹങ്കാരത്തിന്റെ പുറത്ത് ഒഴിവാക്കി വിട്ട ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'; കരിയറിലുണ്ടായ വിജയം അഹങ്കാരിയാക്കിയെന്ന് വിൻസി

എന്റെ അഹങ്കാരത്തിന്റെ പുറത്ത് ഒഴിവാക്കി വിട്ട ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'; കരിയറിലുണ്ടായ വിജയം അഹങ്കാരിയാക്കിയെന്ന് വിൻസി
Published on

കരിയറിൽ പെട്ടെന്നുണ്ടായ വിജയം നൽകിയ അഹങ്കാരം കാരണം താൻ വേണ്ടെന്ന് വച്ച സിനിമയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന് നടി വിൻസ് അലോഷ്യസ്. 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നെന്നും എന്നാൽ തനിക്ക് പറ്റിയ സിനിമയല്ല എന്ന അഹങ്കാരത്തിന്റെ പുറത്ത് താൻ ആ സിനിമ ഒഴിവാക്കി വിടുകയായിരുന്നുവെന്നും വിൻസി പറയുന്നു. കരിയറില്‍ പെട്ടെന്നുണ്ടായ വിജയത്തിൽ അഹങ്കാരിച്ചതിന് പിന്നാലെ ഉയർച്ചയിൽ നിന്ന് ഇപ്പോൾ താഴേക്ക് എത്തി നിൽക്കുകയാണെന്നും വിൻസി പറഞ്ഞു. പ്രാർത്ഥനയും നന്മയും ഉണ്ടായിരുന്ന സമയത്ത് താൻ എത്തേണ്ട സ്ഥലത്ത് തന്നെ എത്തിയിരുന്നുവെന്നും കർമഫലം എപ്പോഴും തിരിച്ചടിക്കുമെന്നും വിൻസി കൂട്ടിച്ചേർത്തു. നസ്രാണി യുവശക്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിൻസി

വിൻസി അലോഷ്യസ് പറഞ്ഞത്:

എന്റെ വീട്ടുകാർക്ക് ഈ കാര്യം അറിയില്ല, ഒരു ഏറ്റു പറച്ചിൽ പോലെ നിങ്ങളോട് ഞാൻ പറയാം. അഹങ്കാരം കയറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ല എന്നു പറഞ്ഞു ഞാൻ അത് ഒഴിവാക്കി വിട്ടു. ആ ചിത്രം ഇന്ന് കാനിൽ വരെ എത്തി നില്‍ക്കുന്ന ഒരു സിനിമയാണ്. ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്നാണ് ആ സിനിമയുടെ പേര്. ദിവ്യ പ്രഭ, കനി കുസൃതി തുടങ്ങിയവരൊക്കെ അഭിനയിച്ച സിനിമയാണ് അത്. അടുത്തകാലത്തായി എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. അത് ഞാന്‍ എന്റെ അഹങ്കാരത്തിന്റെ പുറത്ത് ഒഴിവാക്കി വിട്ട ചിത്രമായിരുന്നു. കരിയറില്‍ നല്ല ഉയര്‍ച്ചയില്‍ നിന്ന് താഴേക്ക് പോയ ആ ഞാൻ ആണ് ഇന്ന് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഈ ഞാന്‍. കർമ്മ എന്നത് തിരിച്ചടിക്കും എന്നൊക്കെ നമ്മൾ പറയില്ലേ, കുറച്ചു കൂടി മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ വാളെടുത്തവൻ വാളാൽ എന്നു പറയുന്നത് പോലെ. എന്റെ ജീവിതത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യം നിങ്ങൾ ഒരു മേഖലയിലേക്ക് എത്തിച്ചേരാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരൊറ്റ കാര്യമേയുള്ളൂ ഉള്ളിൽ പ്രാർത്ഥന വേണം. പ്രാർത്ഥന ഇല്ലാതിരുന്ന സമയം എനിക്ക് ഉണ്ടായിരുന്നു. ആ സമയത്തുള്ള വ്യത്യാസം ഇപ്പോൾ നന്നായി കാണാം. പ്രാർത്ഥന ഉണ്ടായിരുന്നപ്പോൾ ഉള്ളിൽ നന്മയുണ്ടായിരുന്നപ്പോൾ ഞാൻ എത്തേണ്ട ഇടത്ത് എത്തിയിരുന്നു. ഇതെല്ലാം മാറിയ സമയത്ത് ഞാൻ ജീവിതത്തിൽ ഒരു സ്ഥലത്തും എത്തിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in