

'ഹെയിൽ മേരി' സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ വിനയ് ഫോർട്ട്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും ബ്രില്യന്റായ ഒരു ഫൈറ്റ് സീക്വൻസ് ഈ സിനിമയിലാണ് എന്ന് വിനയ് അഭിപ്രായപ്പെട്ടു. ചിത്രം ഒരു മികച്ച കൊമേർഷ്യൽ പാക്കേജായിരിക്കും എന്നും നടൻ വ്യക്തമാക്കി. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനയ് ഫോർട്ട്.
'ചാക്കോച്ചൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും ബ്രില്യന്റായ ഒരു ഫൈറ്റ് സീക്വൻസ് ഈ സിനിമയിലാണ്. വളരെ ബ്രില്യന്റായ ഒരു ഫൈറ്റ് സീക്വൻസ് ഈ സിനിമയിലുണ്ട്. ഇതൊരു കൊമേർഷ്യൽ പാക്കേജാണ്. ഒരു കൊമേർഷ്യൽ സിനിമയ്ക്ക് വേണ്ടുന്ന എല്ലാ ചേരുവകളും ഈ സിനിമയിലുണ്ടാകും,' വിനയ് ഫോർട്ട് പറഞ്ഞു.
അതേസമയം നവംബർ 26 ന് തിയറ്ററുകളിൽ എത്തും. പ്രശസ്ത സാഹിത്യകാരൻ ജി.ആര്. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കാണ് ഹെയില്‍ മേരി ഒരുക്കിയിരിക്കുന്നത്. 'എബിസിഡി', 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഡോ. നീരജ് രാജനും മാര്ട്ടിന് പ്രക്കാട്ടും ചേര്‍ന്നാണ് രചന. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂട്, അനു സിതാര, ജഗദീഷ്, വിനയ് ഫോര്‍ട്ട്, സുഹാസിനി മണിരത്നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. മലയാള സിനിമയിൽ ശ്രദ്ധേയമായ വിജയങ്ങൾ സമ്മാനിച്ച പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് 'ഹെയ്ൽ മേരി'യുടെ അണിയറയിലും ഒന്നിക്കുന്നത്. റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.