'ചുരുളി റീഷൂട്ട് പൊളിയായിരുന്നു'; ഐഎഫ്എഫ്‌കെ വേര്‍ഷനല്ല ഒടിടിയില്‍ വരുന്നതെന്ന് വിനയ് ഫോര്‍ട്ട്

'ചുരുളി റീഷൂട്ട് പൊളിയായിരുന്നു'; ഐഎഫ്എഫ്‌കെ വേര്‍ഷനല്ല ഒടിടിയില്‍ വരുന്നതെന്ന് വിനയ് ഫോര്‍ട്ട്

ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനത്തിനെത്തിയ ചുരുളിയില്‍ നിന്നും വ്യത്യസ്തമായിരിക്കും സോണി ലിവ്വില്‍ റിലീസ് ചെയ്യുന്ന ചുരുളിയെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. ഐഎഫ്എഫ്‌കെയില്‍ ഉള്ളത് ലിജോ ചേട്ടന്റെ ഒരു മാജിക്കായിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകര്‍ക്ക് വ്യക്തമായി മനസിലാക്കാന്‍ കഴിയുന്ന ചുരുളിയാണ് ഇനി വരാന്‍ പോകുന്നതെന്ന് വിനയ് ഫോര്‍ട്ട് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

വിനയ് ഫോര്‍ട്ട് പറഞ്ഞത്:

'ചുരുളിയുടെ റീഷൂട്ട് പൊളിയായിരുന്നു. ഫിലിം ഫെസ്റ്റിവലില്‍ നിങ്ങള്‍ കണ്ട വേര്‍ഷനല്ല ഒടിടിയില്‍ വരാന്‍ പോവുന്നത്. ഐഎഫ്എഫ്‌കെയില്‍ ഉള്ളത് ലിജോ ചേട്ടന്റെ ഒരു മാജിക്കായിരുന്നു. അത് ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് വേണ്ടി കുറിച്ച് കോപ്ലിക്കേറ്റഡായ വേര്‍ഷനാണ് ചെയ്തിരിക്കുന്നത്. അതില്‍ നിന്ന് വളരെ വ്യത്യസ്തമായൊരു വേര്‍ഷനാണ് ഒടിടിയിലേക്ക് വരുന്നത്. കുറച്ച് ഫിക്ക്ഷനലായ പ്രേക്ഷകര്‍ക്ക് വ്യക്തമായി മനസിലാക്കാന്‍ കഴിയുന്ന ചുരുളിയാണ് ഇനി വരാന്‍ പോകുന്നത്.

അടുത്ത് തന്നെ ചിത്രത്തിന്റെ ഒടിടി റിലീസുണ്ടാവും. കുറച്ച് കാലങ്ങളായ റിലീസ് കാത്തിരിക്കുന്ന സിനിമ കൂടിയാണ്. ചുരുളിക്ക് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. സിറ്റി ഓഫ് ഗോഡ് എന്ന സിനിമ കണ്ടതിന് ശേഷം എന്നെങ്കിലും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും ലീഡ് റോള്‍ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. അപ്പോള്‍ അങ്ങനെ നമ്മള്‍ ഇഷ്ടപ്പെടുന്ന സംവിധായകന്റെ സിനിമയില്‍ കേന്ദ്ര കഥാപാത്രമാവുക എന്നത് വലിയ കാര്യമാണ്.'

ചുരുളി നവംബര്‍ 19നാണ് സോണി ലവ്വിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. വിനോയ് തോമസിന്റെ കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. മൈലാടുംപറമ്പില്‍ ജോയ് എന്ന കഥാപാത്രത്തെ തേടി ചെമ്പന്‍ വിനോദ് ജോസും, വിനയ് ഫോര്‍ട്ടും ഏറെ പ്രത്യേകതയുള്ള സ്ഥലത്തേക്ക് എത്തുന്നതാണ് പ്രമേയമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. ലിജോ പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in