ഇത് സച്ചിയുടെ സ്വപ്‌നം, 'ചന്ദനക്കൊള്ള'യുടെ കഥ വിലായത്ത് ബുദ്ധ സ്‌ക്രീനില്‍, പൃഥ്വിരാജിനൊപ്പം ജയന്‍ നമ്പ്യാര്‍

ഇത് സച്ചിയുടെ സ്വപ്‌നം, 'ചന്ദനക്കൊള്ള'യുടെ കഥ വിലായത്ത്  ബുദ്ധ സ്‌ക്രീനില്‍, പൃഥ്വിരാജിനൊപ്പം ജയന്‍ നമ്പ്യാര്‍
Summary

പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ചിത്രം സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു

അയ്യപ്പനും കോശിയും പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുന്ന ദിനത്തില്‍ സച്ചിക്ക് പ്രണാമമായി പുതിയ ചിത്രം. സച്ചി ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രമാണ് ശിഷ്യന്‍ ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ചിത്രം സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. സച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ചിത്രം സമര്‍പ്പിക്കുന്നുവെന്ന് ഉര്‍വശി തിയറ്റേഴ്‌സ്. പ്രശസ്ത എഴുത്തുകാരന്‍ ജി. ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലാണ് സിനിമയാകുന്നത്.

ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ. ജോമോന്‍ ടി ജോണ്‍ ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ജേക്‌സ് ബിജോയ് സംഗീതവുമൊരുക്കും.

വികാരഭരിതമായ കുറിപ്പിനൊപ്പമാണ് പൃഥ്വിരാജ് സുകുമാരന്‍ വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. ഇത് സച്ചിയുടെ സ്വപ്‌നമായിരുന്നു, സഹോദരാ ഇത് നിനക്ക് സമര്‍പ്പിക്കുന്നുവെന്ന് പൃഥ്വിരാജ്.

വിലായത്ത് ബുദ്ധയെക്കുറിച്ച് ജി.ആര്‍.ഇന്ദുഗോപന്‍ ദ ക്യു അഭിമുഖത്തില്‍

'സിനിമ ആക്കാൻ തരാമോ എന്ന് ചോദിച്ചുവന്നവരിൽ വളരെ ആ​ഗ്രഹത്തോടെ എന്നെ സമീപിച്ച ഒരാളായിരുന്നു സച്ചി. സിനിമയിൽ നിൽക്കുന്ന, വായന ഏറെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിലും ഒരു വക്കീൽ എന്ന നിലയിലുമൊക്കെയുളള കൗതുകം എനിക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്നു. മറ്റൊരാളുമായി ചെയ്യാൻ തീരുമാനിച്ചുപോയൊരു കാര്യമാണ്, അതിൽ നിന്ന് മാറിപ്പറയുന്നത് ശരിയല്ല, എന്നാണ് ആദ്യം സച്ചിയോട് ഞാൻ റഞ്ഞത്. പിന്നീട് വിലായത്ത് ബുദ്ധയുടെ ആദ്യ ഡ്രാഫ്റ്റ് പൂർത്തിയായപ്പോൾ എന്റെ സുഹൃത്തുക്കളോട് അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. അന്ന് സിനിമയയുമായി ബന്ധമുളള ചിലരാണ് പറഞ്ഞത്, ഇത് കൂടുതൽ നന്നായി ചെയ്യാൻ കഴിയുക സച്ചിക്ക് ആയിരിക്കും എന്നത്. സച്ചിയെ അത് ഏൽപ്പിച്ച ശേഷം വളരെ പെട്ടെന്ന്, നിമിഷങ്ങൾ കൊണ്ടാണ് സച്ചി അത് പ്രൊജക്ടാക്കി മാറ്റിയത്. തനിക്ക് സിനിമ ചെയ്യാൻ തരുമോ ഇല്ലയോ എന്ന സംശയം പോലും പ്രകടിപ്പിക്കാതെ അദ്ദേഹം വിലായത്ത് ബുദ്ധയിലേയ്ക്ക് ആകൃഷ്ടനാവുകയായിരുന്നു. അദ്ദേഹത്തിന്റെ ആവേശത്തിൽ എനിക്കൊരുപാട് സന്തോഷം തോന്നിയിരുന്നു',

തീട്ടം ഭാസ്‌കരനും ഡബിള്‍ മോഹനനുമാണ് വിലായത്ത് ബുദ്ധ എന്ന നോവലിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഏറെ മാറ്റങ്ങള്‍ക്കൊപ്പമാണ് സിനിമയെന്നറിയുന്നു. വന്‍ താരനിരക്കൊപ്പമാണ് ചിത്രമെന്നും സൂചനയുണ്ട്.

വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. റോണക്‌സ് സേവ്യര്‍ മേക്കപ്പ്. സിനറ്റ് സേവ്യര്‍ സ്റ്റില്‍. വെട്ടാന്‍ നില്‍ക്കുന്ന ചന്ദനമരവും ചന്ദനത്തടിയില്‍ കൊത്തിയതെന്ന് തോന്നുന്ന വിലായത്ത് ബുദ്ധ എന്ന ടൈറ്റിലുമാണ് ഓള്‍ഡ്മങ്ക്‌സ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.

സന്ദീപ് സേനന്‍ ചിത്രത്തെക്കുറിച്ച്

ഈ സിനിമ സംഭവിക്കുന്നതിനുപിന്നിൽ ഉണ്ടായ ഒരുപാട് കാര്യങ്ങൾ എഴുതണമെന്നുണ്ട്, വാക്കുക്കൾ കിട്ടുന്നില്ല. മറ്റൊരവസരത്തിൽ പറയാം.സുഹൃത്തുക്കളെ,ഉർവ്വശി തീയേറ്റേഴ്സ് അഭിമാനപുരസ്സരം അവതരിപ്പുക്കുന്നു " വിലായത് ബുദ്ധ " . സച്ചിയേട്ടന്റെ പ്രിയ ശിഷ്യൻ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് മുഖ്യകഥാപാത്രത്തിൽ എത്തുന്നു .എന്റെ ബാല്യകാല സുഹൃത്തുകൂടിയായ രാജുവിന്റെ കൂടെ ഞാൻ ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് "വിലായത് ബുദ്ധ". ഈ ചിത്രം സംഭവിക്കാൻ ഒരേയൊരു കാരണക്കാരൻ സച്ചിയേട്ടനാണ് . ഞങ്ങളെ എല്ലാവരെയും ചേർത്തു നിർത്തിയിട്ട് അദ്ദേഹം പോയി .ഇതു ഞങ്ങളുടെ കടമകൂടിയാണ് എന്ന ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ദുഗോപനും രാജ് പിന്നാടനും ചേർന്നൊരുക്കുന്ന തിരക്കഥ.ഛായാഗ്രഹണം ജോമോൻ ടി ജൊൺ , ചിത്രസംയോജനം മഹേഷ് നാരായണൻ സംഗീതം ജെക്സ ബിജോയ് പ്രൊജക്റ്റ് ഡിസൈനർ ബാദുഷ കല സംവിധാനം മോഹൻദാസ്.

സച്ചിയേട്ടന്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം

സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ എഴുതിയ പോസ്റ്റില്‍ അവസാനമായി ചന്ദരമരങ്ങളെക്കുറിച്ചുള്ള സിനിമയുടെ ക്ലൈമാസ് നീ എന്നോട് പറഞ്ഞിരുന്നില്ലെന്ന് ഉണ്ടായിരുന്നു. വിലായത്ത് ബുദ്ധയുടെ ക്ലൈമാക്‌സിനെക്കുറിച്ചാണ് പൃഥ്വിരാജ് പരാമര്‍ശിച്ചതും

സച്ചിയുടെ അസോസിയേറ്റ് ഡയറക്ടര്‍ ജയന്‍ നമ്പ്യാര്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പൃഥ്വിരാജ് ചിത്രത്തിലേക്കും സച്ചി കടന്നിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫലി എന്നിവരുള്‍പ്പെടെ അണിനിരക്കുന്ന ബ്രിഗന്റ് എന്ന മള്‍ട്ടിസ്റ്റാര്‍ സിനിമയും സച്ചിയുടെ മനസിലുണ്ടായിരുന്നു. സച്ചിക്കുള്ള സുഹൃത്തുക്കളുടെ ആദരമായാണ് വിലായത്ത് ബുദ്ധ സ്‌ക്രീനിലെത്തുന്നത്.

ജനപ്രിയ സിനിമയ്ക്ക് മലയാളത്തില്‍ പുത്തന്‍ രുചിഭേദങ്ങള്‍ സൃഷ്ടിച്ച സച്ചി വിട പറഞ്ഞപ്പോള്‍ ബാക്കിയായ സുപ്രധാന പ്രൊജക്ടുമായിരുന്നു വിലായത്ത് ബുദ്ധ. ജി ആര്‍ ഇന്ദുഗോപന്റെ നോവലിന്റെ ആധാരമാക്കിയുള്ള വിലായത്ത് ബുദ്ധയുടെ പണിപ്പുരയിലായിരുന്നു 2020 ലോക്ക് ഡൗണില്‍ സച്ചി. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ജി ആര്‍ ഇന്ദുഗോപനും ഓള്‍ഡ് മൊങ്ക്സ് ഡിസൈനിലെ രാജേഷിനുമൊപ്പം സിനിമയുടെ തിരക്കഥയിലേക്ക് കടക്കാനായിരുന്നു തീരുമാനം. തിരക്കഥയെഴുതാനും ലൊക്കേഷന്‍ കണ്ടെത്താനുമായി മറയൂരിലേക്ക് പോകാനും തീരുമാനിച്ചിരുന്നു.

ഇത് സച്ചിയുടെ സ്വപ്‌നം, 'ചന്ദനക്കൊള്ള'യുടെ കഥ വിലായത്ത്  ബുദ്ധ സ്‌ക്രീനില്‍, പൃഥ്വിരാജിനൊപ്പം ജയന്‍ നമ്പ്യാര്‍
അന്നൊരു കവിതയെഴുതി വഴിമാറിയ സച്ചി

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തിയറ്റേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രവുമാണ് വിലായത്ത് ബുദ്ധ.

ഇത് സച്ചിയുടെ സ്വപ്‌നം, 'ചന്ദനക്കൊള്ള'യുടെ കഥ വിലായത്ത്  ബുദ്ധ സ്‌ക്രീനില്‍, പൃഥ്വിരാജിനൊപ്പം ജയന്‍ നമ്പ്യാര്‍
മനസിലുണ്ടായിരുന്നത് കൊമേര്‍ഷ്യല്‍ സിനിമകളല്ല : സച്ചി അഭിമുഖം
ഇത് സച്ചിയുടെ സ്വപ്‌നം, 'ചന്ദനക്കൊള്ള'യുടെ കഥ വിലായത്ത്  ബുദ്ധ സ്‌ക്രീനില്‍, പൃഥ്വിരാജിനൊപ്പം ജയന്‍ നമ്പ്യാര്‍
മമ്മൂക്കയുടെ തീരുമാനം ശരിയെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍ : സച്ചി അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in