അഭിനയത്തിൽ നിന്ന് വിരമിക്കുകയല്ല ഇടവേള എടുക്കുകയാണ് എന്ന് നടൻ വിക്രാന്ത് മൈസി. തന്റെ പോസ്റ്റ് പലരും തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മാനസികവും ശാരീരികവുമായ ആരോഗ്യം തകർന്നിരിക്കുകയാണെന്നതുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്നും വിക്രാന്ത് മൈസി പറഞ്ഞു. ട്വൽത് ഫെയ്ൽ, സെക്ടർ 36 തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനാണ് വിക്രാന്ത് മൈസി. കരിയറിലെ ഉന്നതിയിൽ നിൽക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ഇത്തരമൊരു പ്രഖ്യാപനം നടൻ നടത്തിയത് എന്നതിനെ തുടർന്ന് വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പിന്നാലെയാണ് നടൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.
വിക്രാന്ത് മൈസി പറഞ്ഞത്:
ഞാൻ വിരമിക്കുകയല്ല, തളർന്നിരിക്കുകയാണ്. വലിയ ഒരു ബ്രേക്ക് വേണമെന്ന് തോന്നി. വീട് മിസ്സ് ചെയ്യുന്നുണ്ട്, ഒപ്പം ആരോഗ്യവും. ഞാൻ എഴുതിയ പോസ്റ്റിനെ ആളുകൾ തെറ്റായി വായിച്ചതാണ്. അഭിനയം മാത്രമാണ് എനിക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം. എനിക്കിന്നുള്ളതെല്ലാം എനിക്ക് നൽകിയത് അഭിനയമാണ്. എൻ്റെ ശാരീരികവും മാനസികവുമായ ആരോഗ്യം തകർന്നിരിക്കുകയാണ്. അതുകൊണ്ട് കുറച്ചു സമയം എനിക്ക് ഇതിൽ നിന്നും മാറി നിൽക്കണം, എന്റെ ക്രാഫ്റ്റിനെ മെച്ചപ്പെടുത്തുകയും വേണം എനിക്ക്. എനിക്കിപ്പോൾ ഒരു വിരസത അനുഭവപ്പെടുന്നുണ്ട്. ഞാൻ അഭിനയം നിർത്തുകയോ വിരമിക്കുകയോ ചെയ്യുകയാണെന്ന തരത്തിൽ എൻ്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. കുറച്ചു നാൾ മാറി നിന്ന് എന്റെ കുടുംബത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശരിയായ സമയം വരുമ്പോൾ ഞാൻ തിരിച്ചു വരും.
കഴിഞ്ഞ ഡിസംബർ രണ്ടിനാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിക്രാന്ത് താൻ സിനിമാ അഭിനയത്തിൽ നിന്നും വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഭർത്താവ്, പിതാവ്, മകൻ എന്നീ നിലകളിലുള്ള തന്റെ ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുകയാണ് എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ വിക്രാന്ത് മൈസി പറഞ്ഞത്. അടുത്തവര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും തന്‍റെ അവസാന സിനിമകളെന്നും പങ്കുവച്ച കുറിപ്പിലൂടെ വിക്രാന്ത് മൈസി അറിയിച്ചിരുന്നു.
ടെലിവിഷനിലൂടെ തന്റെ കരിയര്‍ ആരംഭിച്ച വിക്രാന്ത് മൈസി 2007-ല്‍ 'ധൂം മച്ചാവോ ധൂം' എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. ധരം വീര്‍, ബാലികാവധു, ബാബ ഐസോ വര്‍ ധൂണ്ടോ, ഖുബൂല്‍ ഹേ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലികാ വധുവില്‍ ശ്യാം സിങ് എന്ന കഥാപാത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണ്. 2013-ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രമാദിത്യ മോട്വാനിയുടെ ലുട്ടേരയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മിർസാപൂർ എന്ന പരമ്പരയിലെ ബബ്ലു പണ്ഡിറ്റിന്‍റെ വേഷം അദ്ദേഹത്തിന്‍റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. മലയാളചിത്രം ഫോറന്‍സികിന്റെ റീ മേക്കില്‍ അഭിനയിച്ചിട്ടുണ്ട്.