
'പുഷ്പ 2' വിനെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് സംവിധായകൻ വിക്രമാദിത്യ മോട്‍വാനി. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ തിയറ്റർ പ്രദർശനവുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു 'പുഷ്പ 2' വിനെ സംവിധായകൻ വിമർശിച്ചത്. 'പുഷ്പ 2' വിന് ഒരു മൾട്ടിപ്ലക്സിൽ ദിവസേന 36 പ്രദർശനം ലഭിക്കുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് സംവിധായകൻ വിഷയം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിക്രമാദിത്യ മോട്‍വാനിയുടെ പരിഹാസവും വിമർശനവും നിറഞ്ഞ കുറിപ്പ് ഇങ്ങനെയായിരുന്നു. 'പായലിന്റെ നേട്ടം നമ്മൾ തള്ളിക്കളയും. ആ സിനിമ ആളുകളിലേക്കെത്താൻ നമ്മൾ സമ്മതിക്കില്ല. കൂടാതെ ഒരു സിനിമയ്ക്ക് മൾട്ടിപ്ലക്സിൽ ഒരു ദിവസം തന്നെ 36 ഷോകൾ നമ്മൾ നൽകുകയും ചെയ്യും. അഭിനന്ദനങ്ങൾ !'
'പുഷ്പ 2' വിനെതിരെ തുടർന്നുള്ള പോസ്റ്റിലും സംവിധായകൻ വിമർശിച്ചിട്ടുണ്ട്. മൾട്ടിപ്ലക്‌സ് തിയറ്ററുകൾ ഈ രീതിയിൽ മറ്റൊരു സിനിമയും പ്രദർശിപ്പിക്കാതെ ഒരു സിനിമയെ സപ്പോർട്ട് ചെയ്യുന്നത് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രസ്തുത പോസ്റ്റിൽ സംവിധായകൻ. ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് പരിമിതമായ സ്‌ക്രീനുകളിലാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്. നവംബറിലായിരുന്നു ചിത്രത്തിന്റെ റിലീസ്.
അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ വിപുലമായ പ്രദർശനങ്ങൾക്ക് ശേഷമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് കഴിഞ്ഞ നവംബറിൽ തിയറ്റർ റിലീസിനെത്തിയത്. കാൻ ഫിലിം ഫെസ്റ്റിവൽ മുതൽ ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രത്തിലുണ്ട്.
എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ റിലീസായി പുറത്തുവന്ന ചിത്രമാണ് 'പുഷ്പ 2'. ലോകമെമ്പാടും 12000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 1000 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം. അല്ലു അർജുൻ, രശ്‌മിക എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുകുമാറാണ്.