കോളാറിലെ സ്വര്‍ണഖനികളുടെ കഥ പറയാന്‍ പാ രഞ്ജിത്ത് ; വിക്രമും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന തങ്കളാന്‍ ആദ്യ ടീസര്‍

കോളാറിലെ സ്വര്‍ണഖനികളുടെ കഥ പറയാന്‍ പാ രഞ്ജിത്ത് ; വിക്രമും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന തങ്കളാന്‍ ആദ്യ ടീസര്‍

നച്ചത്തിരം നഗര്‍ഗിരത് എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. വിക്രം നായകനാകുന്ന ചിത്രത്തിന്റെ പേര് തങ്കളാന്‍ എന്നാണ്. പാര്‍വതി തിരുവോത്ത്, മാളവിക മോഹനൻ, പശുപതി, തുടങ്ങിയവരും ചിത്രത്തില്‍ മറ്റ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

കര്‍ണാടകയിലെ കോളാര്‍ മൈന്‍ ഫീല്‍ഡ്‌സ് കേന്ദ്രീകരിച്ചുള്ള ഒരു പീരീഡ് ഡ്രാമയാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീസറിലെ വിഷ്വലുകളും അഭിനേതാക്കളുടെ ഗെറ്റപ്പുമെല്ലാം അതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. വിക്രമിന്റെ കരിയറിലെ 61-ാമത് ചിത്രമാണ് തങ്കളാന്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്തെ ഒരു ഗോത്രസമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കുന്നതെന്നാണ് സൂചന.

'ഹാപ്പി ദീപാവലി' എന്ന് പറയാന്‍ ഇതിലും മികച്ചതെന്തുണ്ട് തങ്കാളന്റെ ലോകത്തേക്കുള്ള ഈ ചെറിയ ഉയര്‍ച്ച നിങ്ങളുടെ ദിനം പ്രകാശിപ്പിക്കട്ടെ എന്ന കുറിപ്പോടുകൂടിയാണ് വിക്രം സിനിമയുടെ ടീസര്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ജൂലൈ 15 ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നതായി നിര്‍മ്മാതാവായ ജ്ഞാനവേല്‍ രാജ അറിയിച്ചിരുന്നു. പാ രഞ്ജിത്തിനൊപ്പം തമിഴ് പ്രഭ കൂടെ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സിനിമയുടെ സംഗീതമൊരുക്കുന്നത് ജി വി പ്രകാശ്കുമാറാണ്. എ കിഷോര്‍ കുമാറിന്റെ ഛായാഗ്രഹണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സെല്‍വ ആര്‍ കെ കൈകാര്യം ചെയ്യുന്നു. സിനിമയില്‍ എസ് എസ് മൂര്‍ത്തി കല സംവിധാനവും, സ്റ്റണ്ണര്‍ സാം ആക്ഷന്‍ രംഗങ്ങളും ഒരുക്കുന്നു. തമിഴ്, തെലുങ്, ഹിന്ദി, കന്നഡ ,മലയാളം എന്നീ ഭാഷകളിലായാണ് സിനിമ പുറത്തിറങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in