'ആ​ഗോള ബോക്സ് ഓഫീസിൽ മൂന്നാമത്'; ഡി കാപ്രിയോ ചിത്രത്തെ പിന്തള്ളി ലോകേഷ്-വിജയ് ചിത്രം ലിയോ

'ആ​ഗോള ബോക്സ് ഓഫീസിൽ മൂന്നാമത്'; ഡി കാപ്രിയോ ചിത്രത്തെ പിന്തള്ളി ലോകേഷ്-വിജയ് ചിത്രം ലിയോ

വീക്കെൻഡ് ഗ്ലോബൽ ബോക്‌സ് ഓഫീസിൽ ഡി കാപ്രിയോ ചിത്രം കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണിനെ പിന്തള്ളി ലോകേഷ് കനകരാജ് ചിത്രം ലിയോ. വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. വെറൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം മാർട്ടിൻ സ്‌കോഴ്‌സസെ സംവിധാനം ചെയ്ത ഡി കാപ്രിയോ ചിത്രം 'കില്ലേഴ്‌സ് ഓഫ് ദ് ഫ്ലവർ മൂൺ' ഈ വാരാന്ത്യത്തിൽ നേടിയത് 44 മില്ല്യൺ‌ ഡോളറാണ്. അതേ സമയം അന്താരാഷ്ട്ര ബോക്സ് ഓഫീസിൽ നാല് ദിവസം കൊണ്ട് ലിയോ നേടിയത് 48 മില്ല്യൺ ഡോളറും. ഇതോടെ ആ​ഗോള ബോക്സ് ഓഫീസിൽ വാരന്ത്യത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാമത് എത്തിയിരിക്കുകയാണ് വിജയ്യുടെ ലിയോ.

ഒക്ടോബർ പത്തൊമ്പതിന് ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രം 400 കോടിയോളം പിന്നിട്ട് ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ആ​ഗോള ബോക്സ് ഓഫീസിൽ ആദ്യ ദിവസം തന്നെ 148 കോടി രൂപ സ്വന്തമാക്കിയ ലിയോ, ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത എല്ലാ സിനിമകളുടെയും ഓപ്പണിം​ഗ് റെക്കോഡിനെയാണ് മറികടന്നത്. ഇതുവരെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നത് ഷാറുഖിന്റെ ജവാൻ, പഠാൻ എന്നീ ചിത്രങ്ങളാണ്. പഠാൻ 106 കോടിയും ജവാൻ 129 കോടിയുമാണ് ആദ്യദിനം നേടിയത്. ഈ റെക്കോർഡാണ് ആദ്യ ദിവസം തന്നെ ലിയോ തിരുത്തി കുറിച്ചത്. കേരളത്തിലെ ബോക്സ് ഓഫീസുകളിലും റെക്കോർഡ് നേട്ടമാണ് ലിയോ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. വിദേശ രാജ്യങ്ങളിലും ചിത്രം മികച്ച നേട്ടം കെെവരിക്കുന്നുണ്ട്.

ചിത്രത്തിൽ പാർത്ഥിപൻ, ലിയോ ​ദാസ് എന്നീ കഥാപാത്രങ്ങളായാണ് വിജയ് എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in