'തമിഴ്നാട്ടിലെ എൻ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവൽ'; ആരാധകരെ മലയാളത്തിൽ അഭിസംബോധന ചെയ്ത് വിജയ്

'തമിഴ്നാട്ടിലെ എൻ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവൽ'; ആരാധകരെ മലയാളത്തിൽ അഭിസംബോധന ചെയ്ത് വിജയ്

മലയാളത്തിൽ ആരാധകരെ അഭിസംബോധന ചെയ്ത് തമിഴ് നടൻ വിജയ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് വിജയ് നായകനായെത്തുന്ന ​ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി രണ്ട് ദിവസം മുമ്പാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. വിജയ് താമസിക്കുന്ന ഹയാത്ത് റസിഡൻസിയിലും ഷൂട്ടിം​ഗ് സെറ്റുകളിലും അദ്ദേഹത്തെ കാണാൻ നിരവധിപ്പേരാണ് തടിച്ചു കൂടിയത്. വിജയെ കാണാൻ കാത്തു നിൽക്കുന്ന ആരാധകരുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വെെറലാണ്. കേരളത്തിൽ എത്തിയ ശേഷം ആദ്യമായി കഴിഞ്ഞ ദിവസം വിജയ് തന്റെ ആരാധകരെ മലയാളത്തിൽ അഭിസംബോധന ചെയ്തിരിക്കുകയാണ്. പതിവ് ശെെലിയിൽ ബസ്സിന് മുകളിൽ കയറി നിന്നാണ് വിജയ് ആരാധകരോട് സംസാരിച്ചത്.

വിജയ് പറഞ്ഞത് :

ഏൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ.. നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്. ഓണാഘോഷത്തിൽ നിങ്ങൾ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എനിക്ക് ഉള്ളത്. എല്ലാവർക്കും കോടാനു കോടി നന്ദി. തമിഴ്നാട്ടിലെ എന്റെ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവൽ. നിങ്ങൾ നൽകുന്ന സ്നേഹത്തിന് വീണ്ടും കോടാനു കോടി നന്ദി അറിയിക്കുന്നു.

'ബിഗില്‍' എന്ന ചിത്രത്തിന് ശേഷം എ.ജി.എസ് എന്റർടൈൻമെൻറ്സും വിജയ്യും ഒന്നിക്കുന്ന ചിത്രമാണ് ​ഗോട്ട്. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'. മങ്കാത്ത, ഗോവ , സരോജ, ചെന്നൈ 600028, മാനാട് എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവ ​ഗണേഷ്, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. 2003-ലെ പുതിയ ഗീതൈ എന്ന ചിത്രത്തിന് ശേഷം യുവനും വിജയ്യും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയും ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈമിനുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ നുനിയും എഡിറ്റിംഗ് വെങ്കട്ട് രാജനും നിർവഹിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in