ഗംഭീര നടിയാണ് മഞ്ജു വാര്യർ എന്ന് നടൻ വിജയ് സേതുപതി. വളരെ പെട്ടെന്നാണ് അവർ സിനിമയിലെ സംഭാഷണങ്ങൾ പഠിക്കുന്നതെന്നും തനിക്കൊന്നും അത്ര പെട്ടെന്ന് അത് സാധിക്കാറില്ലെന്നും വിജയ് സേതുപതി പറയുന്നു. പെർഫോം ചെയ്യുന്നത് പോലെയല്ല, വളരെ സാധാരണമായാണ് അവർ കഥാപാത്രമായി മാറുന്നതെന്നും ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞു.
വിജയ് സേതുപതി പറഞ്ഞത്:
മഞ്ജു വാര്യരെക്കുറിച്ച് ഞാൻ പറയേണ്ട ആവശ്യമേയില്ല, എല്ലവർക്കും അറിയാം അവർ ഒരു ഗംഭീര നടിയാണ് എന്ന്. അവർ വളരെ പെട്ടെന്നാണ് ഡയലോഗുകൾ പഠിക്കുന്നത്. സിനിമയിലെ ഒരു ഡയലോഗ് എനിക്കും മഞ്ജുവിനും ഒരേ സമയത്താണ് പറഞ്ഞു തന്നത്. വളരെ പെട്ടെന്ന് തന്നെ അവർ അത് പഠിച്ചെടുത്തു. മഞ്ജുവിന്റെ മാതൃഭാഷ അല്ല തമിഴ്, എന്നിട്ടും അവർ അത് മനസിലാക്കി ഗംഭീരമായി ഡെലിവർ ചെയ്തു. ഷോട്ട് തുടങ്ങുന്നതിന് മുന്നേ വരെ മഞ്ജു വാര്യർ ഡയലോഗ് പ്രാക്ടീസ് ചെയ്തുകൊണ്ട് ഇരിക്കും. ഒരു പെർഫോമൻസ് പോലെയല്ല വളരെ സാധാരണമായാണ് അവർ ക്യാരക്ടർ ആയി മാറുന്നത്.
വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതിയും സൂരിയും മഞ്ജു വാര്യരും ഒരുമിക്കുന്ന ചിത്രമാണ് 'വിടുതലൈ' ഭാഗം രണ്ട്. . ചിത്രം 2024 ഡിസംബർ 20 ന് തിയറ്ററുകളിലെത്തും. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ജയമോഹന്റെ ''തുണൈവന്‍'' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇത്. ചിത്രത്തിൽ 'മക്കള്‍ പടൈ' എന്ന സര്‍ക്കാരിനും പൊലീസിനും എതിരെ പ്രക്ഷോഭം നയിക്കുന്നവരുടെ നേതാവായ വാദ്യാര്‍ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തിയത്. കാട്ടില്‍ വിവിധ ചെക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പൊലീസുകാരനായിട്ടാണ് ചിത്രത്തില്‍ സൂരി എത്തിയത്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ്.