സിനിമയിലെ ദിവസവേതനക്കാരുടെ വീട് നിർമ്മാണത്തിൽ സഹായവുമായി വിജയ് സേതുപതി; 1.30 കോടി രൂപയുടെ സംഭാവന കൈമാറി

സിനിമയിലെ ദിവസവേതനക്കാരുടെ വീട് നിർമ്മാണത്തിൽ സഹായവുമായി വിജയ് സേതുപതി; 1.30 കോടി രൂപയുടെ സംഭാവന കൈമാറി
Published on

സിനിമയിലെ ദിവസവേതനക്കാരും ടെക്‌നീഷ്യൻസുമായ സിനിമാ പ്രവർത്തകർക്ക് വീട് നിർമ്മിക്കാൻ സഹായവുമായി നടൻ വിജയ് സേതുപതി. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്ക്(FEFSI) 1.30 കോടി രൂപ സംഭാവനയായി നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് അപാർട്മെന്റ് നിർമ്മാണത്തിനായി വിജയ് സേതുപതി സഹായിച്ച വാർത്ത എക്‌സിലൂടെ പങ്കുവെച്ചത്. വിജയ് സേതുപതി ടവേഴ്സ് എന്നാണ് പുതിയ അപ്പാർട്മെന്റിന് പേരിടുക എന്നും എക്‌സിലെ കുറിപ്പിൽ പറയുന്നു.

ഫെബ്രുവരി 21 നാണ് വിവിധ സംഘടനകൾക്ക് ഭൂമി പാട്ടത്തിന് നൽകിയുള്ള ഉത്തരവ് പുറത്തുവന്നത്. തമിഴ്നാട് ഉപ മുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനാണ് ഉത്തരവ് കൈമാറിയത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(FEFSI), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കാണ് ഭൂമി ലഭ്യമാക്കിയത്. ഇതില്‍ തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ.

വിടുതലൈ രണ്ടാം ഭാഗമാണ് വിജയ് സേതുപതിയുടേതായി അവസാനം റിലീസായ ചിത്രം. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായിക. സൂരിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത്. ജയമോഹന്റെ ''തുണൈവന്‍'' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇത്. കാട്ടില്‍ വിവിധ ചെക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പൊലീസുകാരനായിട്ടാണ് ചിത്രത്തില്‍ സൂരി എത്തിയത്. 'മക്കള്‍ പടൈ' എന്ന സര്‍ക്കാരിനും പൊലീസിനും എതിരെ പ്രക്ഷോഭം നയിക്കുന്നവരുടെ നേതാവായ വാദ്യാര്‍ എന്ന കഥാപാത്രമാണ് വിജയ് സേതുപതി അവതരിപ്പിച്ചത്. വാദ്യാരെയും മക്കള്‍ പടെയെയും അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടികളുടെ പശ്ചാത്തലത്തില്‍ വീണ്ടും ഒരിക്കല്‍ കൂടി പൊലീസ് അതിക്രമങ്ങളുടെ കഥ പറയുകയാണ് ചിത്രത്തിലൂടെ വെട്രിമാരന്‍.

Related Stories

No stories found.
logo
The Cue
www.thecue.in