ലൈഗറിന്റെ തിയ്യേറ്ററുകളിലെ തകര്‍ച്ച ; വിജയ് ദേവരക്കൊണ്ട ആര്‍ക്കും നഷ്ടപരിഹാരം നല്‍കില്ല

ലൈഗറിന്റെ തിയ്യേറ്ററുകളിലെ
 തകര്‍ച്ച ; വിജയ് ദേവരക്കൊണ്ട ആര്‍ക്കും നഷ്ടപരിഹാരം നല്‍കില്ല
Published on

വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പൂരി ജഗന്നാഥ് ഒരുക്കിയ ചിത്രമായിരുന്നു ലൈഗര്‍. അഞ്ച് ഭാഷകളില്‍ രാജ്യമൊട്ടാകെ റിലീസ് ചെയ്ത ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ നായകന്‍ വിജയ് ദേവരക്കൊണ്ടയില്‍ നിന്ന് വിതരണക്കാരും തിയ്യേറ്റര്‍ ഉടമകളും നഷ്ടപരിഹാരം ആവശ്യപ്പെട്ട വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയില്‍ താരം ചെറിയ പ്രതിഫലം മാത്രമേ വാങ്ങിയുള്ളൂവെന്നും അതിനാല്‍ ആര്‍ക്കും നഷ്ടപരിഹാരമൊന്നും നല്‍കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തെലുഗില്‍ ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ പൂരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗറില്‍ അനന്യ പാണ്ഡേയായിരുന്നു നായിക. ധര്‍മ്മ പ്രൊഡക്ഷന്‍സും പൂരി കണക്ടും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഹിന്ദി ,തെലുഗ്, എന്നീ രണ്ടു ഭാഷകളിലായിട്ടാണ് ഷൂട്ട് ചെയ്തത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയുടെ എഡിറ്റര്‍ ജുനൈദ് സിദ്ധിഖിയാണ്. 125 കോടിയായയിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്

ചിത്രം റിലീസ് ചെയ്യുമ്പോള്‍ തന്നെ ബോയ്‌ക്കോട്ട് ക്യാമ്പയിനുകള്‍ ചിത്രത്തിന് നേരെയുണ്ടായിരുന്നു. സിനിമയുടെ പ്രമോഷന്‍ സമയത്ത് വിജയ് ദേവരകൊണ്ട മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിനായിരുന്നു ബോയ്‌കോട്ട് ക്യാമ്പയിന്‍ നടന്നത്. റിലീസിന് ശേഷം വിജയ് ദേവരകൊണ്ടയുടെ മോശം പെരുമാറ്റം സിനിമയെ ദോഷമായി ബാധിച്ചുവെന്ന വിമര്‍ശനവുമായി മുംബൈ തിയേറ്റര്‍ ഉടമ മനോജ് ദേശായി രംഗത്തെത്തിയിരുന്നു. പിന്നീട് വിജയ് അതേ തിയ്യേറ്റര്‍ ഉടമയെ നേരിട്ടെത്തി കാണുകയും ചെയ്തിരുന്നു.

വമ്പന്‍ പ്രതീക്ഷകളുമായി തിയ്യേറ്ററുകളില്‍ എത്തുന്ന സിനിമകള്‍ ആദ്യമായിട്ട് അല്ല തിയേറ്ററില്‍ പരാജയപ്പെടുന്നത്. ബോളിവുഡില്‍ കോവിഡിന് ശേഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഗംഗൂഭായ് ഒഴിച്ച് മറ്റ് ചിത്രങ്ങള്‍ക്ക് വലിയ വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. അക്ഷയ് കുമാറിന്റെ രക്ഷാബന്ധനും, ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയുമെല്ലാം ബോളിവുഡിന് ഉണര്‍വ്വുണ്ടാക്കുമെന്ന് കരുതിയതാണെങ്കിലും തിയ്യേറ്ററുകള്‍ കൈവിട്ടു. ബോയ്‌കോട്ട് ബോളിവുഡ് ക്യാമ്പയിനുകള്‍ സിനിമയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടെങ്കിലും കണ്ടന്റില്‍ മത്സരിക്കാന്‍ ബോളിവുഡിന് കഴിയില്ലെന്ന വിമര്‍ശനം കാര്യമായി തന്നെ വരുന്നുണ്ട്. ബോളിവുഡിനെ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ നിന്നെത്തിയ കെ.ജി.എ.എഫ്, ആര്‍ആര്‍ആര്‍, വിക്രം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിയ്യേറ്ററുകളില്‍ വലിയ വിജയം നേടാനും കഴിഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in