
ലിയോയ്ക്ക് ശേഷം വിജയ് നായകനാകുന്ന ചിത്രം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യും. 'ദളപതി 68' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. 'മങ്കാത്ത', 'മാനാട്' തുടങ്ങിയ ഒരുപാട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വെങ്കട്ട് പ്രഭു ആദ്യമായിട്ടാണ് വിജയ്‌ക്കൊപ്പം ചേരുന്നത്.
എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദളപതി 68'. വലിയ ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രം എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നും ചിത്രത്തിനായി ആഗോള നിലവാരത്തിലുള്ള മികച്ച സാങ്കേതിക വിദഗ്ദര്‍ ഒന്നിക്കുമെന്നും ചിത്രത്തിന്റെ ടൈറ്റില്‍ ഉള്‍പ്പടെ മറ്റു വിവരങ്ങള്‍ പ്രൊഡക്ഷന്‍ കമ്പനി വഴിയേ പുറത്തുവിടുമെന്നും എ.ജി.എസ് എന്റർടൈൻമെന്റ് പ്രസ് റിലീസ് വഴി അറിയിച്ചു.
ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. 'പുതിയ ഗീതൈ' എന്ന ചിത്രത്തിന് ശേഷം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്യും യുവന്‍ ശങ്കര്‍ രാജയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ബിഗില്‍' എന്ന ചിത്രത്തിന് ശേഷം എ.ജി.എസ് എന്റർടൈൻമെൻറ്സും വിജയ്യും ഒന്നിക്കുന്ന 'ദളപതി 68' 2024 ല്‍ റിലീസ് ചെയ്യും.
നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ'യിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രം ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ്.