ഇനി അജിത്ത്-വിക്കി മാസ്, മ്യൂസിക് അനിരുദ്ധ്

ഇനി അജിത്ത്-വിക്കി മാസ്, മ്യൂസിക് അനിരുദ്ധ്

അജിത്ത് കുമാറിന്റെ 62-ാമത് ചിത്രം പ്രഖ്യാപിച്ച് ലൈക്ക പ്രൊഡക്ഷന്‍സ്. വിഘ്‌നേഷ് ശിവനാണ് ചിത്രത്തിന്റെ സംവിധായകന്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മ്മാണം.

ചിത്രത്തില്‍ നയന്‍താരയായിരിക്കും നായിക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. 2022 അവസാനത്തോടെയാണ് ചിത്രീകരണം ആരംഭിക്കുക. 2023 പകുതിയോടെ റിലീസ് ചെയ്യും.

നിലവില്‍ ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പ്രഖ്യാപിച്ചിട്ടില്ല. ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ലൈക പ്രൊഡക്ഷന്‍സ് അറിയിച്ചിട്ടുണ്ട്. അജിത്തിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷം വാക്കുകളില്‍ ഒതുക്കാനാവില്ലെന്നാണ് വിഘ്‌നേഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം വലിമൈയാണ് അവസാനമായി റിലീസ് ചെയ്ത അജിത്ത് ചിത്രം. വലിമൈയുടെ സംവിധായകനായ എച്ച് വിനോദിനൊപ്പമാണ് അജിത്തിന്റെ 61-ാമത്തെ ചിത്രം. ഏപ്രിലിലാണ് ചിത്രീകരണം ആരംഭിക്കുക. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണ് അജിത്തിന്റേതെന്ന് സൂചനയുണ്ട്. എകെ 61ന് ശേഷം വിഘ്‌നേഷ് ശിവന്‍ ചിത്രം ആരംഭിക്കും.

logo
The Cue
www.thecue.in