ഫഹദിന്റെ 'ആവേശം' പോലെ അജിത്തിന്റെ കോമഡി മാസ്സ് പടമായിരുന്നു അത്, അജിത്തുമായുള്ള സിനിമ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി വിഘ്നേശ് ശിവൻ

ഫഹദിന്റെ 'ആവേശം' പോലെ അജിത്തിന്റെ കോമഡി മാസ്സ് പടമായിരുന്നു അത്, അജിത്തുമായുള്ള സിനിമ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി വിഘ്നേശ് ശിവൻ
Published on

അജിത് കുമാർ നായകനാക്കി വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തെക്കുറിച്ച് വലിയ തരത്തിലുള്ള ചർച്ചകളാണ് മുമ്പ് സോഷ്യൽ മീഡിയയിൽ നടന്നിരുന്നത്. എന്നാൽ ഈ പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടു എന്നാണ് പിന്നീട് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇപ്പോൾ‌ ചിത്രം ഉപേക്ഷിക്കപ്പെട്ടതിനെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ വിഘ്നേശ് ശിവൻ. പ്രൊഡ്യൂസറും താനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്നാണ് വിഘ്നേശ് ശിവൻ പറയുന്നത്. അജിത്തിനെ നായകനാക്കി താൻ എഴുതിയിരുന്ന തിരക്കഥയ്ക്ക് ആവേശം എന്ന ഫഹദ് ഫാസിൽ ചിത്രവുമായി സാമ്യമുണ്ടായിരുന്നുവെന്നും ​ഗലാട്ട പ്ലസ്സ് നടത്തിയ ഡയറക്ടേഴ്സ് റൗണ്ട് ടേബിൾ പരിപാടിയിൽ വിഘ്നേശ് ശിവൻ പറഞ്ഞു.

വിഘ്നേശ് ശിവൻ പറഞ്ഞത്:

ഈ വർഷം ഒരു സിനിമയും റിലീസ് ചെയ്യാത്ത സംവിധായകനായി ഞാൻ മാത്രമാണ് ഇവിടെ ഇരിക്കുന്നത്. അജിത് സാറിന് നാനും റൗഡി താൻ എന്ന സിനിമ ഇഷ്ടമായിരുന്നു. അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുമ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ഞാൻ ഒരുപാട് സിനിമകൾ കാണാറില്ല, പക്ഷേ ഈ സിനിമ ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്, നിങ്ങൾ അത് ചെയ്ത രീതി എനിക്ക് ഇഷ്ടപ്പെട്ടു, അതിലെ പാർത്ഥിപൻ എന്ന കഥാപാത്രം എനിക്ക് വളരെ ആകർഷകമായി തോന്നി എന്നാണ്. അത്തരത്തിൽ നിങ്ങളൊരു തിരക്കഥയുണ്ടാക്കിയാൽ നമുക്കൊരുമിച്ച് ഒരു സിനിമ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. എന്നെ അറിന്താൽ എന്ന സിനിമയിൽ ഞാൻ വരികളെഴുതാൻ പോയപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. പിന്നീട് അദ്ദേഹം അദ്ദേഹത്തിന്റെ വാക്ക് പാലിക്കുകയും എന്നെ വിളിക്കുകയും ചെയ്തു. നുമുക്ക് ഒരുമിച്ച് നിങ്ങളുടെ സ്റ്റൈലിൽ ഒരു സിനിമ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രൊഡ്യൂസർക്ക് ഇതിനെക്കുറിച്ച് മറ്റൊരു ഐഡിയ ആയിരുന്നു ഉണ്ടായിരുന്നത്. എന്ത് വർക്കാവും എന്ത് വർക്കാവില്ല എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് കുറച്ച് റൂൾസ് ഉണ്ടായിരുന്നു. ഞങ്ങൾക്കിടെയിൽ തന്നെ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. ഞാൻ തിരക്കഥ എഴുതി തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം പറഞ്ഞ റൂൾസ് എല്ലാം അവിടെ തകർന്ന് പോയിരുന്നു. ഉദാഹരണമായി പറയുകയാണെങ്കിൽ എനിക്ക് ആവേശം എന്ന സിനിമ കണ്ടപ്പോൾ എന്റെ തിരക്കഥയുമായി അതിന് എന്തൊക്കെയോ തരത്തിൽ സാമ്യം തോന്നിയിരുന്നു. അത്തരം ഒരു കഥാപാത്രം അജിത് സാർ അവതരിപ്പിച്ചാൽ അത് മാസ് എലമെന്റുകളൊക്കെയുള്ള വേറെ തന്നെ ഒരു സിനിമയായി നിന്നേനെ. പക്ഷേ ഞാൻ അതിന്റെ കഥ പറയുമ്പോൾ പ്രൊഡ്യൂസർ പറഞ്ഞത് ഇത് മുഴുവൻ കോമ‍ഡി ആണെല്ലോ എന്നാണ്. എനിക്ക് സിനിമയിൽ ഇമോഷനും പ്രേക്ഷകർക്ക് കൊടുക്കാൻ ഒരു മെസേജുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾകൊണ്ടാണ് എന്റെ മുമ്പത്തെ സിനിമ കാത്തുവാക്കിലെ രണ്ട് കാതൽ ഞാൻ തന്നെ നിർമിക്കാൻ തീരുമാനിച്ചത്. ഇത്തരം കൈകടത്തലുകൾ ഉണ്ടാകും എന്നതിനാൽ‌ ആ കഥ എനിക്ക് മറ്റാരോടും പറയാൻ തോന്നിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in