'ആദ്യ സിനിമ മലയാളത്തിൽ മോഹൻലാലിനൊപ്പം, സിനിമ നടക്കാതെ പോയപ്പോൾ വലിയ ബുദ്ധിമുട്ടുണ്ടായി': വിദ്യാ ബാലൻ

'ആദ്യ സിനിമ മലയാളത്തിൽ മോഹൻലാലിനൊപ്പം, സിനിമ നടക്കാതെ പോയപ്പോൾ വലിയ ബുദ്ധിമുട്ടുണ്ടായി': വിദ്യാ ബാലൻ
Published on

കരിയറിലെ ആദ്യ ചിത്രം സംഭവിക്കാതെ പോയ അനുഭവം പറഞ്ഞ് വിദ്യാ ബാലൻ. ആദ്യമായി അഭിനയിക്കുന്നത് മലയാളത്തിൽ മോഹലാലിനൊപ്പം ചക്രം എന്ന സിനിമയിലാണ് . എന്നാൽ സിനിമ പകുതിയിൽ നിന്ന് പോകുകകയായിരുന്നു. സിനിമ നടക്കാതെ പോയതുകൊണ്ട് അന്ന് കരാർ എഴുതിയിരുന്ന മറ്റ് മലയാള സിനിമകളും നഷ്ടമായി. കഠിനമായ 3 വർഷങ്ങളാണ് താൻ പിന്നീട് നേരിട്ടത്. ആത്മവിശ്വാസം കുറഞ്ഞുപോയിരുന്നു. പക്ഷെ അങ്ങനെ സംഭവിച്ചതിൽ ഇപ്പോൾ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇന്നുള്ള തന്നെ താനാക്കിയത് ആ സംഭവങ്ങളാണെന്ന് ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിദ്യാ ബാലൻ പറഞ്ഞു.

വിദ്യാ ബാലൻ പറഞ്ഞത്:

ഞാൻ ആദ്യമായി അഭിനയിക്കുന്ന സിനിമ ഒരു മലയാള ചിത്രമായിരുന്നു. എന്നാൽ സിനിമ പകുതിക്ക് വെച്ച് ഉപേക്ഷിക്കേണ്ടതായി വന്നു. ചക്രം എന്നായിരുന്നു സിനിമയുടെ പേര്. മോഹൻലാൽ ആയിരുന്നു അതിലെ നായകൻ. ബോംബെയിൽ തിരിച്ചെത്തിയപ്പോഴാണ് സിനിമ ഉപേക്ഷിച്ച വിവരം അറിയുന്നത്. ആ സിനിമ ഉപേക്ഷിച്ചതുകൊണ്ട് ആ സമയത്ത് കരാർ എഴുതിയിരുന്ന മറ്റ് മലയാള സിനിമകളിൽ നിന്നെല്ലാം എന്നെ മാറ്റി നിർത്തി. കഠിനമായ 3 വർഷങ്ങളാണ് പിന്നീടുണ്ടായത്. കഴിക്കാൻ ഉദ്ദേശിച്ച ഭക്ഷണം ആരോ തട്ടിപ്പറിക്കുന്ന പോലെയായിരുന്നു സംഭവിച്ചത്. വളരെ ബുദ്ധിമുട്ട് തോന്നിയിരുന്നു. ആത്മവിശ്വാസം വളരെ കുറഞ്ഞുപോയി ആ സമയത്ത്. പക്ഷെ അങ്ങനെ സംഭവിച്ചതിൽ ഇപ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും, ഇപ്പോഴുള്ള എന്നെ ഞാൻ ആക്കിത്തീർത്തത് ആ സംഭവങ്ങളാണ്. എന്റെ വിശ്വാസങ്ങളെയാണ് ആ സംഭവങ്ങൾ പരീക്ഷിച്ചത്. ഒരു നടി ആകണോ വേണ്ടയോ എന്നുള്ള എന്റെ ആഗ്രഹത്തെയാണ് അതെല്ലാം ചോദ്യം ചെയ്തത്.

ബോളിവുഡ് ചിത്രങ്ങളിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രശസ്തി നേടിയ നടിയാണ് വിദ്യാബാലൻ. 2011 ൽ പുറത്തിറങ്ങിയ 'ഡേർട്ടി പിക്ചർ' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയിട്ടുണ്ട്. 'മണിച്ചിത്രത്താഴ്' സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ ശോഭന അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ചതും വിദ്യാ ബാലൻ ആയിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം ഇപ്പോൾ തിയറ്ററുകളിലേക്കെത്തുകയാണ്. 'ഭൂൽ ഭുലയ്യ 3' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിദ്യാ ബാലനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in