'പാരാട്ടിട പോർമണ്ണ് പാട്ടാണേ..'; സന്തോഷ് നാരായണന്റെ സം​ഗീതത്തിൽ ധീയും ഓഫ്റോയും, അന്വേഷിപ്പിൻ കണ്ടെത്തും പുതിയ ​ഗാനം 'വിടുതൽ'

'പാരാട്ടിട പോർമണ്ണ് പാട്ടാണേ..'; സന്തോഷ് നാരായണന്റെ സം​ഗീതത്തിൽ ധീയും ഓഫ്റോയും, അന്വേഷിപ്പിൻ കണ്ടെത്തും പുതിയ ​ഗാനം 'വിടുതൽ'

തെന്നിന്ത്യ ആകെ അലയൊലി തീർത്ത 'എൻജോയി എൻജാമി' എന്ന ​ഗാനത്തിലൂടെ ശ്രദ്ധേയയായ ധീയും സം​ഗീത സംവിധായകൻ സന്തോഷ് നാരായണനും ഒന്നിച്ച് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിലെ ​ഗാനം പുറത്തു വിട്ടു. 'വിടുതൽ' എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ധീയും ഓഫ്റോയും ചേർന്നാണ്. മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണൻ ഈണം നൽകിയിരിക്കുന്നു. 2012-ൽ 'ആട്ടക്കത്തി' എന്ന സിനിമയിലൂടെ സം​ഗീത സംവിധാന രം​ഗത്ത് തുടക്കം കുറിച്ച വ്യക്തിയാണ് സന്തോഷ് നാരായണൻ. വീര്യമുള്ള മനസ്സുകളേയും പോരാട്ടങ്ങളേയും ധീരതയേയും പ്രകീർത്തിച്ചുകൊണ്ടാണ് 'വിടുതൽ' എന്ന ​ഗാനം ഒരുക്കിയിരിക്കുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന കുറ്റാന്വേഷണ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ഒരു പെൺകുട്ടിയുടെ ദുരൂഹമായ മരണവും അതിനെത്തുടർന്ന് തെളിയിക്കാൻ സാധിക്കാത്ത ആ കേസ് ടോവിനോയുടെ കഥാപാത്രമായ എസ്. ഐ ആനന്ദ് നാരായണനും നാല് പോലീസുകാരും ചേർന്ന്‌ അൺഒഫീഷ്യലായി തെളിയിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.

ജിനു വി എബ്രാഹമിന്റെതാണ് തിരക്കഥയും സംഭാഷണവും. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസാണ് പ്രദർശനത്തിനെത്തിക്കുന്നത്.

വളരെ ഹാപ്പി ആയിട്ടും റിലാക്സ്ഡ് ആയിട്ടും ചെയ്ത സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ എന്നും ഒരു ഫിസിക്കൽ സ്‌ട്രെയിനും ഈ സിനിമക്ക് ഇല്ലായിരുന്നുവെന്നും നടൻ ടൊവിനോ തോമസ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞിരുന്നു. ഈ സിനിമ നിങ്ങളെ എല്ലാവരെയും ആവേശത്തിന്റെ മുൾമുനയിൽ നിർത്തുമെന്നൊന്നും ഞാൻ പറയുന്നില്ലെന്നും പക്ഷെ തീർച്ചയായും സിനിമ എൻഗേജിങ്ങും തൃപ്തികരവുമായ അനുഭവവുമായിരിക്കുമെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in