'രണ്ട് ടീൻ ഏജേഴ്സ് ചെവിയിൽ രഹസ്യം പറയുന്നത് പോലൊരു പാട്ട്'; മോഹൻ സിത്താരയുടെ ആ വാക്കുകൾ ഓർത്തെടുത്ത് വിധു പ്രതാപ്

'രണ്ട് ടീൻ ഏജേഴ്സ് ചെവിയിൽ രഹസ്യം പറയുന്നത് പോലൊരു പാട്ട്'; മോഹൻ സിത്താരയുടെ ആ വാക്കുകൾ ഓർത്തെടുത്ത് വിധു പ്രതാപ്
Published on

തന്റെ കരിയറിൽ വലിയൊരു വഴിത്തിരിവിന് കാരണമായ ​ഗാനമാണ് 'നമ്മൾ' എന്ന ചിത്രത്തിലെ 'സുഖമാണീ നിലാവ്' എന്ന് ​ഗായകൻ വിധു പ്രതാപ്. യുവത്വം തുളുമ്പുന്ന കഥയായതുകൊണ്ട് അത്തരത്തിലുള്ള പാട്ടുകളായിരുന്നു മോഹൻ സിത്താര ഒരുക്കിയിരുന്നത്. രണ്ട് കമിതാക്കൾ ചെവിയിൽ പരസ്പരം രഹസ്യം പറയുന്നത് പോലെ ആയിരിക്കണം പാട്ട് എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത് എന്നും വിധു പ്രതാപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

വിധു പ്രതാപിന്‍റെ വാക്കുകള്‍

എന്റെ മ്യൂസിക്കൽ കരിയറിൽ ഏറ്റവും വലിയൊരു ബ്രേക്ക് കൊണ്ടുവന്ന പാട്ടാണ് സുഖമാണീ നിലാവ്. എന്റെ ശബ്ദത്തിന് ഒരു ഐഡന്റിറ്റി ലഭിച്ചത്, അല്ലെങ്കിൽ, ഇത്തരം ഫീൽ ഉള്ള പാട്ടുകൾ വിധുവിനെക്കൊണ്ട് പാടിക്കാം എന്ന് മറ്റുള്ളവരെക്കൊണ്ട് തോന്നിപ്പിച്ചത് നമ്മളിലെ ഈ പാട്ടാണ്. മോഹൻ സിത്താര ഈ പാട്ടിനെ ബ്രീഫ് ചെയ്ത് തന്നത് പോലും വളരെ രസമായിട്ടാണ്. രണ്ട് കൗമാരക്കാരായ കമിതാക്കൾ, ഒരു ഹിൽ സ്റ്റേഷനിൽ അടുത്തടുത്ത് ഇരുന്നുകൊണ്ട്, ചെവിയിൽ ചെറിയ സ്വരത്തിൽ രഹസ്യം പറയുന്നത് പോലെയാണ് ഈ പാട്ട് പാടേണ്ടത് എന്നാണ്. അത് പാടുന്ന സമയത്ത്, വോയ്സ് എങ്ങാനും കുറച്ച് ഓപ്പൺ ആയാൽ, മോഹൻ സിത്താര മാഷ് വന്ന് പറയും, ഇത്ര തുറക്കണ്ട, കുറച്ച് താഴ്ത്തി പാട് എന്ന്. തൃശൂർ ചേതന സ്റ്റുഡിയോയിലാണ് അതിന്റെ റെക്കോർഡിങ് നടന്നത്. സുഖമാണീ നിലാവിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ആ സംഭവങ്ങളെല്ലാം ഓർമ്മയിലൂടെ ഇങ്ങനെ കടന്നുപോകും. വിധു പ്രതാപ് പറയുന്നു.

സിദ്ധാർത്ഥ് ഭരതൻ, ജിഷ്ണു രാഘവൻ, രേണുക മേനോൻ, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത സിനിമയാണ് നമ്മൾ. ഒരുപിടി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സിനിമ കൂടിയാണ് നമ്മൾ. ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഈണം നൽകിയത് മോഹൻ സിത്താരയായിരുന്നു. എല്ലാ ​ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ആൽബം എന്ന പ്രത്യേകത കൂടി നമ്മൾ എന്ന സിനിമയ്ക്കുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in