
മൈക്കിൾ ജാക്സൺ ഗാനങ്ങളാണ് ഒരുകാലത്ത് ഒരുപാട് കേൾക്കാൻ ഇഷ്ടമുള്ളതെന്ന് ഗായകൻ വിധു പ്രതാപ്. അതുപോലുള്ള ഗാനങ്ങൾ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. അതുപോലെ, ഹരിഹരന്റെ ആരും കേൾക്കാത്ത ഒരുപാട് ഗസലുകളുണ്ട്. അതുപോലുള്ള പാട്ടുകളും പാടണമെന്നുണ്ടെന്നും എന്നും പരീക്ഷണങ്ങൾ ചെയ്യുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ലെന്നും വിധു പ്രതാപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
വിധു പ്രതാപിന്റെ വാക്കുകൾ
ഇപ്പോൾ കുറച്ചുകൂടി വൈഡായാണ് പാട്ടുകളെ സമീപിക്കുന്നത്. കേൾക്കുന്നതും അങ്ങനെത്തന്നെ. ഹെവി റോക്ക് ഒന്നും എനിക്ക് ദഹിക്കില്ല. നല്ലതല്ലാത്തതുകൊണ്ടല്ല, എനിക്ക് എൻജോയ് ചെയ്യാൻ പറ്റില്ല. കുറച്ച് നേരം കേൾക്കും, മാറ്റിവെക്കും എന്നല്ലാതെ, അധികം താൽപര്യമില്ല. ഇന്റർനാഷണൽ ബാന്റുകളുടെ പാട്ടുകൾ, പുതിയതും പഴയതുമായ നമ്മുടെ പാട്ടുകൾ അങ്ങനെ എല്ലാം കേൾക്കാറുണ്ട്. കേൾക്കണമല്ലോ, അല്ലെങ്കിൽ, നിലനിൽക്കാൻ ബുദ്ധിമുട്ടാണ്. ഒരുപാട് കേട്ടാൽ മാത്രമേല, ചെറിയൊരു സ്പാർക്ക് നമുക്ക് ലഭിക്കുകയുള്ളു.
ഞാനൊരു വലിയ മൈക്കിൾ ജാക്സൻ ആരാധകനാണ്. ബ്രൂണോ മാഴ്സ്, ജസ്റ്റിൻ ബീബർ, കോൾഡ് പ്ലേ തുടങ്ങി എല്ലാവരുടെ സംഗീതവും ആസ്വദിക്കാറുണ്ട്. എന്നെ ഇഷ്ടപ്പെടുന്നവർ കേട്ടുനോക്കിയാൽ നന്നാകും എന്ന് എനിക്ക് തോന്നിയ കുറച്ച് പേരെ പറയാം. ആർട്ടിസ്റ്റ് ഓറിയന്റഡാണെങ്കിൽ മൈക്കിൾ ജാക്സന്റെ പാട്ടുകൾ കേൾക്കാൻ ഞാൻ പറയും. അത്തരത്തിലുള്ള പാട്ടുകൾ കുറച്ച് ഇറക്കണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. അതുപോലെത്തന്നെയാണ് ബ്രൂണോ മാഴ്സ്. പിന്നെ ഹരിഹരൻ സാറിന്റെ ആരും കേൾക്കാത്ത ഗസലുകൾ ഒരുപാടുണ്ട്. മലയാളികളെ സംബന്ധിച്ചെടുത്തോളം, ധാരാളം കേൾക്കുന്ന, കാണുന്ന, സ്വീകരിക്കുന്ന ആളുകളാണ്. അതുകൊണ്ടുതന്നെ, പരീക്ഷണങ്ങൾ ചെയ്യുമ്പോൾ സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും. പക്ഷെ, എക്സ്പിരിമെന്റ് ചെയ്യാലോ. പരാജയപ്പെട്ടാൽ അടുത്തത് ചെയ്യാം. അതാണല്ലോ ലൈഫ്. വിധു പ്രതാപ് പറഞ്ഞു.