'വട ചെന്നെെയിലെ രാജന്റെ കഥ ഒരു പടമായി വെട്രിമാരന്റെ കൈയ്യിലുണ്ട്' ; പെറ്റീഷൻ കൊടുത്ത് അത് റിലീസ് ചെയ്യിപ്പിക്കണമെന്ന് സന്തോഷ് നാരായണൻ

'വട ചെന്നെെയിലെ രാജന്റെ കഥ ഒരു പടമായി വെട്രിമാരന്റെ കൈയ്യിലുണ്ട്' ; പെറ്റീഷൻ കൊടുത്ത് അത് റിലീസ് ചെയ്യിപ്പിക്കണമെന്ന് സന്തോഷ് നാരായണൻ

വെട്രിമാരൻ സംവിധാനം ചെയ്ത 'വട ചെന്നൈ' എന്ന ചിത്രത്തിൽ അമീർ അവതരിപ്പിച്ച രാജൻ എന്ന കഥാപാത്രത്തെ ആസ്പദമാക്കി 'രാജൻ വഗയര' എന്നൊരു മുഴുനീള ചിത്രം വെട്രിമാരന്റെ കയ്യിലുണ്ടെന്നു സംഗീത സംവിധായകൻ സന്തോഷ് നാരായണൻ. വടചെന്നൈക്ക് ഒപ്പമോ അതിനു മുകളിലോ നിൽക്കുന്ന രണ്ടു മണിക്കൂർ ദൈർഘ്യമുള്ള സിനിമയാണത്. രാജൻ എന്ന കഥാപാത്രത്തിന്റെ ജീവിതവും അയാൾ എവിടെ നിന്ന് വന്നെന്നും അയാളുടെ മരണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നു സന്തോഷ് നാരായണൻ പറഞ്ഞു. തിരുകുമരൻ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സന്തോഷ് നാരായണന്റെ വെളിപ്പെടുത്തൽ.

എല്ലാവരും കൂടെ ഒരു പെറ്റിഷൻ ഇട്ട് ആ സിനിമ ഇറക്കാൻ പറയണം. ക്വന്റിൻ ടരാന്റിനോയുടെ 'റിസെർവോയർ ഡോഗ്‌സി' നെക്കാളും മികച്ചൊരു സിനിമയാണതെന്നും ഈ സിനിമയിലെ ചില സീനുകൾ വടചെന്നൈയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും സന്തോഷ് നാരായണൻ പറഞ്ഞു.

ധനുഷ്, ആൻഡ്രിയ, സമുദ്രക്കനി, ഐശ്വര്യ രാജേഷ്, അമീർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'വടചെന്നൈ'. ചിത്രത്തിൽ അമീർ അവതരിപ്പിച്ച രാജൻ എന്ന കഥാപാത്രം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ കമ്മിറ്റ്‌മെന്റുകൾ കഴിഞ്ഞതിന് ശേഷം അതിലേക്ക് കടക്കുമെന്നും വെട്രിമാരൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ വിടുതലൈ ഭാഗം ഒന്നാണ് വെട്രിമാരന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമയ്ക്കും ചിത്രത്തിലെ സൂരിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. രണ്ടു ഭാഗങ്ങൾ ആയി നിർമിച്ച ചിത്രത്തിന്റെ അടുത്ത ഭാഗം ഉടൻ തിയറ്ററുകളിലെത്തും.

logo
The Cue
www.thecue.in