100 ദശലക്ഷം സ്ട്രീമിങ്ങ് മിനിറ്റ്സ്; പുതിയ റെക്കോര്‍ഡ് നേട്ടവുമായി വെട്രിമാരന്റെ വിടുതലൈ

100 ദശലക്ഷം സ്ട്രീമിങ്ങ് മിനിറ്റ്സ്; പുതിയ റെക്കോര്‍ഡ് നേട്ടവുമായി വെട്രിമാരന്റെ വിടുതലൈ

വെട്രിമാരന്‍ സംവിധാനം ചെയ്ത് കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ സൂരി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് 'വിടുതലൈ' ഭാഗം ഒന്ന്. സിനിമയ്ക്കും ചിത്രത്തിലെ സൂരിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിങ്ങിനെത്തിയ ചിത്രം ഇപ്പോള്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്.

ഏറ്റവും വേഗതയില്‍ 100 ദശലക്ഷം സ്ട്രീമിങ്ങ് മിനിറ്റ്സ് എന്ന റൊക്കോര്‍ഡാണ് വെട്രിമാരന്‍ ചിത്രം 'വിടുതലൈ' സ്വന്തമാക്കിയത്. സീ5-ലെ ആദ്യത്തെ റൊക്കോര്‍ഡാണിത്. ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്ന സീനുകള്‍ ഉള്‍പ്പടെ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കാത്ത ഡയറക്ടേഴ്സ് കട്ടാണ് ഒ.ടി.ടി. യില്‍ റിലീസിനെത്തിയത്. മാര്‍ച്ച് 31 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഏപ്രില്‍ 28 നാണ് സീ5 എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്.

ജയമോഹന്റെ ''തുണൈവന്‍'' എന്ന ചെറുകഥയെ ആസ്പദമാക്കിയ ചിത്രത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. കാട്ടില്‍ വിവിധ ചെക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പൊലീസുകാരനായിട്ടാണ് സൂരി വേഷമിടുന്നത്. 'മക്കള്‍ പടൈ' എന്ന സര്‍ക്കാരിനും പൊലീസിനും എതിരെ പ്രക്ഷോഭം നയിക്കുന്നവരുടെ നേതാവായ വാദ്യാര്‍ എന്ന കഥാപാത്രമായി വിജയ് സേതുപതി വേഷമിടുന്നു. വാദ്യാരെയും മക്കള്‍ പടെയെയും അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടികളുടെ പശ്ചാത്തലത്തില്‍ വീണ്ടും ഒരിക്കല്‍ കൂടി പൊലീസ് അതിക്രമങ്ങളുടെ കഥ പറയുകയാണ് ചിത്രത്തിലൂടെ വെട്രിമാരന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 സെപ്തംമ്പറോട് കൂടി തിയേറ്ററുകളിലെത്തും

Related Stories

No stories found.
logo
The Cue
www.thecue.in