സിമ്പു ചിത്രം വടചെന്നൈ 2 അല്ല, ഒരേ യൂണിവേഴ്സിൽ നടക്കുന്ന കഥ, ഒറ്റ രൂപ പോലും പ്രതിഫലം വാങ്ങാതെ ധനുഷ് സിനിമയ്ക്ക് NOC തന്നു: വെട്രിമാരൻ

സിമ്പു ചിത്രം വടചെന്നൈ 2 അല്ല, ഒരേ യൂണിവേഴ്സിൽ നടക്കുന്ന കഥ, ഒറ്റ രൂപ പോലും പ്രതിഫലം വാങ്ങാതെ ധനുഷ് സിനിമയ്ക്ക് NOC തന്നു: വെട്രിമാരൻ
Published on

ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ വട ചെന്നൈയുടെ രണ്ടാം ഭാ​ഗം അല്ല സിമ്പു ചിത്രമെന്ന് സംവിധായകൻ വെട്രിമാരൻ. വട ചെന്നൈയുടെ സീക്വലുണ്ടാകുമെന്ന് മുമ്പ് സംവിധായകൻ വെട്രിമാരൻ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതിനെക്കുറിച്ചുള്ള യാതൊരു അപ്ഡേറ്റുകളും വെട്രിമാരൻ നൽകിയിരുന്നില്ല. ഇതിനിടെയാണ് കുബേരയുടെ ഓഡിയോ ലോഞ്ചിൽ‌ വട ചെന്നൈ രണ്ടാം ഭാ​ഗം അടുത്ത വർഷം വരും എന്ന് ധനുഷ് മറുപടി നൽകിയത്. എന്നാൽ ഇതിന് പിന്നാലെ വെട്രിമാരൻ സിമ്പുവുമായി ചേർന്ന് ഒരുക്കുന്ന STR49 എന്ന ചിത്രം വടചെന്നൈ 2 ആണെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് ഇപ്പോൾ വെട്രിമാരൻ.

വെട്രിമാരൻ പറഞ്ഞത്:

സിമ്പുവുമായി ചേർന്ന് ചെയ്യുന്ന ചിത്രം വടചെന്നൈ 2 അല്ല. ധനുഷിനെ വെച്ച് ചെയ്യുന്നതാണ് വടചെന്നൈ 2. എന്നാൽ സിമ്പു ചിത്രവും വട ചെന്നൈ വേൾഡിൽ തന്നെയാണ് ഒരുങ്ങുന്നത്. ആ ടൈം പീരിയഡിലായത് കൊണ്ട് തന്നെ വടചെന്നൈയിലെ ചില കഥാപാത്രങ്ങളും കാര്യങ്ങളും ഈ സിനിമയിലും ഉണ്ടാകും. ധനുഷ് ആണ് വടചെന്നൈ സിനിമയുടെ നിർമാതാവ്. അതുകൊണ്ട് തന്നെ ആ ചിത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കഥാപാത്രങ്ങളും ആശയങ്ങളും ആ സിനിമയ്ക്ക് ഉണ്ടാകുന്ന സീക്വലുകളും പ്രീക്വലുകളും തുടങ്ങി എല്ലാത്തിന്റെയും ഐപി ഓണർ ധനുഷ് ആണ്. എന്നാൽ ഈ ചിത്രത്തിന് പ്രതിഫലം ചോദിക്കാതെ ധനുഷ് ‍ഞങ്ങൾക്ക് NOC തന്നു.

2018 ൽ ആണ് ധനുഷിനെ നായകനാക്കി വെട്രിമാരൻ വട ചെന്നൈ എന്ന ചിത്രം ഒരുക്കിയത്. രണ്ട് വര്‍ഷത്തോളം സമയമെടുത്ത് ചിത്രീകരിച്ച സിനിമയാണ് വടചെന്നൈ. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിലേക്കുള്ള പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചിരുന്നു. വടക്കന്‍ ചെന്നൈയിലെ അന്‍പ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിച്ചത്. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in