ഷാജി എൻ കരുൺ, മലയാള സിനിമയെ രാജ്യാന്തര തലത്തിൽ എത്തിച്ച ചലച്ചിത്ര പ്രതിഭ

ഷാജി എൻ കരുൺ, മലയാള സിനിമയെ രാജ്യാന്തര തലത്തിൽ എത്തിച്ച ചലച്ചിത്ര പ്രതിഭ
Published on

വിഖ്യാത സംവിധായകനും ഛായാ​ഗ്രാഹകനുമായിരുന്ന ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. വൈകിട്ട് അഞ്ചു മണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു. ‌കാനിൽ അടക്കം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള പ്രതിഭ കൂടിയാണ് അദ്ദേ​ഹം. 2011 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിലെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023 ലെ ജെ.സി.ഡാനിയേൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഏഴു തവണ വീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ‌ നേടി. കലാ സാംസ്കാരിക സംഭാവനകൾക്കുള്ള ഫ്രഞ്ച് ‘ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ്’ ബഹുമതിക്കും അർഹനായി. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായ അദ്ദേഹം നിലവിൽ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാണ്.

മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭയായിരുന്നു ഷാജി എന്‍. കരുണ്‍. ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. സംവിധായകനായി അരങ്ങേറിയ ചിത്രം പിറവിയാണ്. 'പിറവി'യ്ക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ 'സ്വം' കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്. ഇതോടെ കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി അദ്ദേഹം മാറി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി 1952 ൽ കൊല്ലം ജില്ലയിലെ കണ്ടംചി‌റയിലാണ് ഷാജി എന്‍. കരുണ്‍ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാൻ ആയിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് 'ഫിയാഫി'ന്റെ അംഗീകാരം ലഭിച്ചതും.

Related Stories

No stories found.
logo
The Cue
www.thecue.in