
താൻ നായകനാകണം എന്ന് ആഗ്രഹിച്ചതുപോലെ താൻ വില്ലനാകണം എന്നാണ് അമ്മ പറയാറുള്ളത് എന്ന് നടൻ വെങ്കിടേഷ്. ബാഷയിലെ രജനീകാന്താകണം എന്ന് ഞാൻ പറയുമ്പോൾ, ബാഷയിലെ രഘുവരനെ നോക്ക് എന്നാണ് അമ്മ പറയാറ്. കിങ്ഡം എന്ന സിനിമയിലെ വില്ലൻ വേഷം തനിക്ക് ലഭിച്ച ഒരു ഭാഗ്യമാണെന്നും വെങ്കിടേഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
വെങ്കിടേഷിന്റെ വാക്കുകൾ
സിനിമ യാത്രയുടെ തുടക്കം നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ തന്നെയാണ്. പക്ഷെ, അപ്രതീക്ഷിതമായിരുന്നു കിങ്ഡം എന്ന സിനിമയിലെ വില്ലൻ വേഷം. ഞാൻ എപ്പോഴും പറയും, എനിക്ക് നായകൻ ആകണം എന്ന്. പക്ഷെ, അമ്മ അപ്പോൾ പറഞ്ഞു, വേണ്ട നീ വില്ലൻ ആവണം എന്ന്. ഞാൻ തിരിച്ച് പറഞ്ഞു, അല്ല, നായകൻ, രജനികാന്ത് എന്ന്. അപ്പൊ അമ്മ തിരിച്ച് പറഞ്ഞു, അല്ല, വില്ലൻ, രഘുവരൻ എന്ന്. എനിക്കും ആഗ്രഹമുണ്ട് നായകനായി അഭിനയിക്കണം, കളിച്ച് ചിരിച്ച് കഥാപാത്രം ചെയ്യണം എന്ന്. പക്ഷെ, വരുന്നതൊക്കെ, ഒന്നുകിൽ ടോക്സിക് ബോയ്ഫ്രണ്ട്, ടോക്സിക് ഹസ്ബന്റ്, അല്ലെങ്കിൽ പെണ്ണുകാണാൻ വരുന്ന ആൾ, അങ്ങനെയാണ്. അപ്പോഴാണ് അമ്മ പറയുന്നത്, നീ നായകൻ ആവണ്ട, വില്ലൻ ആയാൽ മതി. ഇപ്പോൾ പുറത്തിറങ്ങുമ്പോൾ അമ്മയോട് ഞാൻ പറഞ്ഞു, ഇനിയെങ്കിലും വില്ലനാകണം എന്ന് പ്രാർത്ഥിക്കരുത്, നായനാകണം, സ്റ്റാർ ആകണം എന്ന് പ്രാർത്ഥിക്ക് എന്ന്. കാരണം, എനിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. എനിക്ക് സ്റ്റാർ ആകണം, എനിക്ക് എന്റെ പടം എന്ന് പറഞ്ഞ് ഒരു സിനിമ ഇറക്കണം, എന്റെ ഇൻട്രോയ്ക്ക് ആളുകൾ കൈ അടിക്കണം. ഇത്രയൊക്കെ സ്വപ്നങ്ങൾ ഉണ്ടെങ്കിലും അതിന് തുടക്കമിടണം എന്ന് കരുതിയാണ് ഞാൻ നെഗറ്റീവ് വേഷങ്ങൾ ചെയ്യുന്നത്. ഒരു പ്രൊഡ്യൂസർ വന്ന് നിന്റെ പേരിൽ ഞാൻ ഇത്രയും രൂപ മുടക്കാം എന്ന് പറയുന്നതാണ് അൾട്ടിമേറ്റ് സക്സസ്. അത് എന്നെങ്കിലും നേടിയെടുക്കണം.