
മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെള്ളരിപ്പട്ടണം മാർച്ച് 24ന് തിയ്യേറ്ററുകളിലെത്തും. ആക്ഷേപഹാസ്യ സ്വഭാവത്തിലൊരുക്കുന്ന കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാരാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.
കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. സുനന്ദയുടെ സഹോദരൻ കെ.പി സുരേഷായിട്ടാണ് സൗബിൻ ഷാഹിർ അവതരിപ്പിക്കുന്നത്. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റ് അഭിനേതാക്കൾ.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.