ഷൂട്ടിങ് ദിവസങ്ങളിൽ രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളുടെ വീഡിയോ ഒക്കെ വെറുതേയിരുന്നു കാണുമായിരുന്നു: മഞ്ജു വാര്യർ

ഷൂട്ടിങ് ദിവസങ്ങളിൽ രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളുടെ വീഡിയോ ഒക്കെ വെറുതേയിരുന്നു കാണുമായിരുന്നു: മഞ്ജു വാര്യർ

വെള്ളരിപട്ടണം ഷൂട്ടിങ് ദിവസങ്ങളിൽ രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളുടെ വീഡിയോ ഒക്കെ വെറുതേയിരുന്ന് കാണുമായിരുന്നുവെന്ന് മഞ്ജു വാര്യർ. ചിത്രത്തിലെ കഥാസന്ദർഭങ്ങൾക്ക് പശ്ചാത്തലമായതോ അല്ലെങ്കിൽ അവയ്ക്ക് പ്രചോദനമായതോ ആയ രാഷ്ട്രീയസാഹചര്യങ്ങളുടെയും സംഭവങ്ങളുടെയും വിശദാംശങ്ങൾ തിരക്കഥാകൃത്തിനോടും സംവിധായകനോടും ചോദിച്ചറിയുകയും ചെയ്തു. ട്രെയ്‌ലർ ഇറങ്ങിയപ്പോൾതന്നെ ഹിറ്റായിമാറിയ ഹിന്ദി പ്രസംഗപരിഭാഷയെക്കുറിച്ചൊക്കെ ഇങ്ങനെ മനസ്സിലാക്കിയെടുത്തതാണെന്നും മഞ്ജു വാര്യർ. ശരത് കൃഷ്ണയുടെ തിരക്കഥയിൽ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരിപ്പട്ടണം എന്ന സിനിമ തിയറ്ററിൽ പ്രദർശനം തുടരവേയാണ് മഞ്ജുവിന്റെ പ്രതികരണം.

സുനന്ദ എന്ന രാഷ്ട്രീയക്കാരിയായ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ പതിവ് രാഷ്ട്രീയക്കാരുടെ ശരീരഭാഷയോ സംസാരശൈലിയോ പാടില്ലെന്ന് തീരുമാനിച്ചിരുന്നതായും മഞ്ജു മാതൃഭൂമി ദിനപത്രത്തിലെ അഭിമുഖത്തിൽ പറയുന്നു. .

മലയാളത്തില്‍ ഹാസ്യം കൈകാര്യം ചെയ്യാന്‍ അറിയാവുന്ന നടിമാരില്‍ ഒരാള്‍ തന്നെയാണ് മഞ്ജുവാര്യര്‍. എന്നാല്‍ മഞ്ജു തന്നെ പറഞ്ഞിട്ടുള്ളപോലെ, എന്തുകൊണ്ടോ മലയാള സിനിമ അവരിൽ നിന്ന് അത്തരമൊരു സാധ്യത ഉപയോഗിച്ചിട്ടില്ല. ആദ്യകാലത്ത് ചെയ്ത സിനിമകളിൽ ചില സീനുകളിൽ ഹ്യൂമർ ചെയ്തതൊഴിച്ചാൽ ഒരു മുഴുനീള ഹാസ്യം കൈകാര്യം ചെയ്യുന്ന രീതീയിൽ മഞ്ജുവിനെ മുമ്പ് കാസ്റ്റ് ചെയ്തിട്ടില്ല. ആ തിരിച്ചറിവില്‍ നിന്നാണ് എന്തുകൊണ്ട് ഒരു മുഴുനീള കോമഡി എന്‍ര്‍ടെയ്നറില്‍ മഞ്ജുവിനെ കൊണ്ടുവന്നുകൂടാ എന്ന ചിന്തയുണ്ടാകുന്നത്.

ശരത് കൃഷ്ണ, തിരക്കഥാകൃത്ത്

കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സുനന്ദയുടെ സഹോദരന്‍ കെ.പി സുരേഷായിട്ടാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്. സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റ് അഭിനേതാക്കള്‍.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.

Related Stories

No stories found.
logo
The Cue
www.thecue.in