'പ്രമേയത്തിലെ വ്യത്യസ്തത തിരശീലയിൽ യാഥാർഥ്യമാക്കിയ സംവിധായകൻ' ; കെ ജി ജോർജിനെ അനുസ്മരിച്ച് വി ഡി സതീശൻ

'പ്രമേയത്തിലെ വ്യത്യസ്തത തിരശീലയിൽ യാഥാർഥ്യമാക്കിയ സംവിധായകൻ' ; കെ ജി ജോർജിനെ അനുസ്മരിച്ച് വി ഡി സതീശൻ

അന്തരിച്ച സംവിധായകൻ കെ ജി ജോർജിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെന്നിന്ത്യൻ ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച സംവിധായകനാണ് കെ.ജി.ജോർജ്. ന്യൂജെൻ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കുന്ന സിനിമകളുടെ തലതൊട്ടപ്പനായിരുന്നു അദ്ദേഹം എന്ന് വി ഡി സതീശൻ. ആദാമിന്റെ വാരിയെല്ല് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നാണെന്നും പ്രമേയത്തിലെ വ്യത്യസ്തത തിരശീലയിൽ യാഥാർഥ്യമാക്കിയ സംവിധായകനാണ് കെ.ജി. ജോർജ് എന്നും വി ഡി സതീശൻ തന്റെ ഫേസ്‍ബുക്കിലൂടെ കുറിച്ചു.

വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം അതായിരുന്നു കെ.ജി.ജോർജ്. മലയാള സിനിമയിൽ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകൻ. ന്യൂജെൻ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കുന്ന സിനിമകളുടെ തലതൊട്ടപ്പനായിരുന്നു അദ്ദേഹം. കഠിനമായ ജീവിതാവസ്ഥകളെ സത്യസന്ധമായി അവതരിപ്പിച്ച സിനിമകൾ. കലാമൂല്യവും വാണിജ്യ സാധ്യതയും ഒരു പോലെ നിലനിർത്തിയ കാലാതിവർത്തിയായ ചലച്ചിത്രങ്ങൾ.

ആദാമിന്റെ വാരിയെല്ല് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നാണ്. പ്രമേയത്തിലെ വ്യത്യസ്ത തിരശീലയിൽ യാഥാർഥ്യമാക്കിയ സംവിധായകനാണ് കെ.ജി. ജോർജ് . ആ സിനിമകളിൽ ഒന്നും സൂപ്പർ താരങ്ങളില്ല , കഥാപാത്രങ്ങൾ മാത്രം. സംവിധായകനായിരുന്നു യഥാർഥ നായകൻ. മലയാള സിനിമയല്ല തെന്നിന്ത്യൻ ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച സംവിധായകനാണ് കെ.ജി.ജോർജ്. അദ്ദേഹത്തിന്റെ സൃഷ്ടികൾ എക്കാലവും ഒരു പാഠശാലയായി നിലനിൽക്കും.

വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് എറണാകുളം കാക്കനാട് വയോജക കേന്ദ്രത്തിലായിരുന്നു കെ ജി ജോർജിന്റെ അന്ത്യം. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളായ പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം അദ്ദേഹം ചെയ്തു. നാൽ‌പത് വർഷത്തെ സിനിമ ജീവിതത്തിൽ പത്തൊമ്പത് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. 1998 ൽ സംവിധാനം ചെയ്ത ഇലവങ്കോട് ദേശം ​ആണ് അവസാനത്തെ ചിത്രം. ആദ്യ ചിത്രമായ സ്വപ്നാടനം എന്ന സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള മികച്ച ദേശീയ അവാർഡും ലഭിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in