'സന്ദേശം സിനിമ കണ്ടതിന്റെ പിറ്റേ ദിവസം മുതൽ ജോലിക്ക് പോയി തുടങ്ങി; സത്യൻ അന്തിക്കാട് വേദിയിലിരിക്കെ വി.ഡി.സതീശൻ

'സന്ദേശം സിനിമ കണ്ടതിന്റെ പിറ്റേ ദിവസം മുതൽ ജോലിക്ക് പോയി തുടങ്ങി; സത്യൻ അന്തിക്കാട് വേദിയിലിരിക്കെ വി.ഡി.സതീശൻ

സന്ദേശം സിനിമ കണ്ടിട്ടാണ് അഭിഭാഷകനായി ജോലിക്ക് പോയി തുടങ്ങിയത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സത്യൻ അന്തിക്കാട് വേദിയിലിരിക്കവേയാണ് പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തൽ. എൽഎൽബി പൂർത്തിയാക്കിയതിന് ശേഷം കെ.എസ്.യു വിടാനുള്ള മടി കാരണം ജോലിക്ക് പോയിരുന്നില്ല എന്നും അങ്ങനെ ഉഴപ്പി നടക്കുന്ന കാലത്താണ് താൻ സന്ദേശം എന്ന സിനിമ കണ്ടതെന്നും വി.ഡി.സതീശൻ പറയുന്നു.

സിനിമ കണ്ടതിന്റേ പിറ്റേ ദിവസം മുതൽ താൻ ജോലിക്ക് പോയി തുടങ്ങി എന്നും ആത്മാർത്ഥമായി തന്നെ ജോലി ചെയ്തു എന്നും പറഞ്ഞ വി.ഡി.സതീശൻ. ഇന്ന് രാഷ്ട്രീയക്കാരനെന്ന നിലയിൽ തന്റെ ഏറ്റവും വലിയ പിൻബലം കുറച്ച് കാലമെങ്കിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ആ അഞ്ച് എട്ട് കൊല്ലമായിരുന്നു എന്നും വ്യക്തമാക്കി. കോൺഗ്രസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ജി. ജയചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി.സതീശൻ.

വി.ഡി.സതീശൻ പറഞ്ഞത്:

പരീക്ഷയൊക്കെ നല്ല മാർക്കോടെയൊക്കെ പാസായി ഞാൻ എൻറോൾ ചെയ്തു. എൻറോൾ ചെയ്തെങ്കിലും കെഎസ്‌യു വിടാനുള്ള വിടാനുള്ള മടി കാരണം പ്രാക്ടീസ് ചെയ്യാൻ പോകുന്നില്ല. വീട്ടിലൊക്കെ പറഞ്ഞെങ്കിലും ഞാൻ മൊത്തതിൽ ഉഴപ്പി കുറേക്കാലം നടന്നപ്പോഴാണ് ഇദ്ദേഹത്തിന്റെ സന്ദേശം എന്ന സിനിമ കാണുന്നത്. സന്ദേശം എന്ന സിനിമയുടെ അവസാനം ശ്രീനിവാസൻ എല്ലാ രാഷ്ട്രീയ പ്രവർത്തനവും നിർത്തിവച്ച് പ്രാക്ടീസ് ചെയ്യാൻ പോവുകയാണ്. എനിക്കാണെങ്കിൽ വക്കീൽ ഓഫിസ് എല്ലാം നേരത്തേ പറഞ്ഞുവച്ചിരിക്കുകയാണ്. എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ ഞാൻ അഞ്ചാറു മാസമായി അവിടേക്കു പോകുന്നുണ്ടായിരുന്നില്ല. ഈ സിനിമ കണ്ടതിന്റെ പിറ്റേ ദിവസം ഞാൻ വക്കീൽ ഓഫിസിൽ പോയിത്തുടങ്ങി. ഈ സംഭവം ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.

ഇന്ന് നമ്മുടെ ഏറ്റവും വലിയ പിൻബലം കുറച്ചു കാലമാണെങ്കിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതിന്റെ പരിചയസമ്പത്തും സന്തോഷവുമാണ്. കാരണം ലീ​ഗലായിട്ടുള്ള പല കാര്യങ്ങളും സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും, നിയമനിർമാണത്തിൽ ഇടപെടുമ്പോഴുമൊക്കെ ആ 5–8 വർഷം പ്രാക്ടീസ് ചെയ്തത് നമുക്ക് വലിയ അനുഭവമാണ് നൽകുന്നത്. അതിന്റെ കാരണഭൂതനാണ് ഈ ഇരിക്കുന്നതെന്ന് ഞാൻ ഈ നാട്ടിൽവച്ച് പ്രത്യേകം പറയുകയാണ്. ഈ സംഭവം ഞാൻ പലതവണ പറയണമെന്നു കരുതിയാണ്. ഇതുവരെ പറഞ്ഞിട്ടില്ല. ആ സിനിമ കണ്ടതിന്റെ പിറ്റേന്നു മുതൽ ഞാൻ ഓഫിസിൽ ഹാജരാണ്. പിന്നീട് ഞാൻ ആ ഓഫിസിൽ വളരെ ആത്മാർഥമായി ജോലി ചെയ്തു. രാത്രി ഒരു മണി വരെയൊക്കെ ഇരുന്നും പിറ്റേന്നു രാവിലെ എട്ടിനു തന്നെ ഓഫിസിലെത്തിയും ജോലി ചെയ്യാൻ സാധിച്ചു. അത് കൂടി പറയാൻ ഈ സദസ്സിൽ കഴി‍ഞ്ഞതിലുള്ള സന്തോഷം ഇവിടെ പങ്കുവയ്ക്കുന്നു.

1991 സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ തിലകൻ, ജയറാം, ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് സന്ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in