എന്റേത് എല്ലാക്കാലവും യൂത്തിന്റെ കഥകള്‍, 'ഹയ' എന്റര്‍ടെയ്നര്‍ : വാസുദേവ് സനല്‍

എന്റേത് എല്ലാക്കാലവും യൂത്തിന്റെ കഥകള്‍, 'ഹയ' എന്റര്‍ടെയ്നര്‍ : വാസുദേവ് സനല്‍

'പ്രിയം' എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് വാസുദേവ് സനല്‍. 2014 ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി'യ്ക്ക് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹയ'. ഗുരു സോമസുന്ദരം, ലാല്‍ ജോസ്, ഇന്ദ്രന്‍സ്, ശ്രീധന്യ, ജോണി ആന്റണി, കോട്ടയം രമേശ് എന്നീ മുന്‍നിര താരങ്ങളോടൊപ്പം 29 പുതുമുഖങ്ങളെ ഒന്നിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നു എന്നതാണ് സിനിമയുടെ സവിശേഷത. മനോജ് ഭാരതിയാണ് സിനിമയുടെ തിരക്കഥ.

യൂത്തിനെ പ്രധാന അട്രാക്ഷനാക്കി വച്ചുകൊണ്ട് അവരുടെയും അവരുടെ കുടുംബത്തിന്റെയും കഥ പറയുകയാണ് റിലീസിനൊരുങ്ങുന്ന 'ഹയ'യെന്ന് സംവിധായകനായ വാസുദേവ് സനല്‍ പറയുന്നു. ട്രീറ്റ്‌മെന്റ് എല്ലാം തന്നെ മറ്റ് കാമ്പസ് സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു എന്റര്‍ടെയ്ന്‍മെന്റ് മൂഡിലാണ് സിനിമ ചെയ്തിരിക്കുന്നത്. അതിനാല്‍ സിനിമ നല്ല എന്റര്‍ടെയ്‌നിംഗ് മൂഡിലായിരിക്കും മൂവ് ചെയ്യുക. തന്റെ ഏറ്റവും പുതിയ സിനിമയായ 'ഹയ'യെ കുറിച്ച് വാസുദേവ് സനല്‍ ദ ക്യുവിനോട് സംസാരിക്കുന്നു.

എല്ലാക്കാലവും യൂത്തിന്റെ സിനിമകള്‍

സിനിമ യൂത്തിന്റെ കഥയാണ് പറയുന്നത്. യൂത്തിനെ പ്രധാന അട്രാക്ഷനാക്കി വച്ചുകൊണ്ട് അവരുടെ കഥ പറയുമ്പോള്‍ അവരുടെ രക്ഷിതാക്കളുടെ അല്ലെങ്കില്‍ അവരുടെ കുടുംബത്തിന്റെ കഥ പറയാതെ നമുക്ക് പോകാന്‍ കഴിയില്ല. പ്രത്യേകിച്ചും ഈ സിനിമ കൈകാര്യം ചെയ്യുന്ന ഒരു വിഷയം എന്നത് ഒരു അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ ഉള്ളില്‍ മക്കളെ പ്രതിയുള്ള ഒരു ഫയര്‍ ഉണ്ട്. ഒരു വിദ്യാര്‍ത്ഥി വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങി വൈകുന്നേരം തിരിച്ച് വരുന്നത് വരെ അവരുടെ കുടുംബം ഉള്ളില്‍ വളരെ ടെന്‍ഷനും പ്രതീക്ഷയും എല്ലാം അനുഭവിക്കുന്ന ഒരു സമൂഹത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആ ടെന്‍ഷന്‍ ഈ സിനിമയില്‍ ഉണ്ട്. ആ ടെന്‍ഷന്‍ എന്താണെന്ന് ചോദിച്ചാല്‍ അതാണ് സിനിമ പ്രെസന്റ് ചെയ്യുന്ന വിഷയം.

എല്ലാ സമയത്തും യൂത്തിനെ വച്ച് തന്നെയാണ് ഞാന്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. എന്റെ സിനിമകളില്‍ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഫഹദ് എന്നിവരൊക്കെ ആയിരുന്നു അഭിനയിച്ചിരുന്നത്. അതില്‍ തന്നെ സോഷ്യല്‍ കമ്മിറ്റഡ് ആയിട്ടുള്ള വിഷയങ്ങള്‍ ചെയ്യുന്നതിലും എനിക്ക് താത്പര്യം ഉണ്ടായിട്ടുണ്ട്. 2014 ല്‍ വന്ന 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന സിനിമയില്‍ കുറച്ച് ഹോട്ടായിട്ടുള്ള സോഷ്യല്‍ വിഷയമാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. അതുപോലെ തന്നെ 'ഹയ' എന്ന ഏറ്റവും പുതിയ സിനിമയിലും ഒരു സോഷ്യല്‍ വിഷയം ഊന്നി പറയുന്നുണ്ട്.

പുതുമുഖങ്ങളുടെ തെരഞ്ഞെടുപ്പ്

കാസ്റ്റിംഗ് കോള്‍ ഒക്കെ വച്ചാണ് സിനിമയില്‍ പുതുമുഖങ്ങളെ തെരഞ്ഞടുത്തത്. ഒപ്പം പാരലല്‍ ആയിട്ട് മികച്ച ആര്‍ട്ടിസ്റ്റുകളെ കിട്ടാനുള്ള അന്വേഷണം ഉണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാം തന്നെ വളരെ കഴിവുള്ള ആളുകളാണ്. അങ്ങനെ ഒരു കാമ്പയിനിലൂടെ തന്നെയാണ് ഇവരെയൊക്കെ കണ്ടെത്തിയത്. അതില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടു എന്നുള്ളതാണ്.

വിലയിരുത്തേണ്ടത് പ്രേക്ഷകര്‍

സിനിമയില്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരിക്കുന്ന ഒരു കണ്‍ടന്റ് വളരെ ഹോട്ട് ആയിട്ടുള്ള ഒരു സോഷ്യല്‍ വിഷയമാണ്. അതുകൊണ്ട് തന്നെ ഉപയോഗിച്ചിരിക്കുന്ന പ്രമേയം, അതിന്റെ ഒരു ട്രീറ്റ്‌മെന്റ് എല്ലാം തന്നെ മറ്റ് കാമ്പസ് സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു എന്റര്‍ടെയ്ന്‍മെന്റ് മൂഡിലാണ് പടം ചെയ്തിരിക്കുന്നത്. അതിനാല്‍ പടം നല്ല എന്റര്‍ടെയ്‌നിംഗ് മൂഡിലായിരിക്കും മൂവ് ചെയ്യുക. അതിനാല്‍ സിനിമ കണ്ടിട്ട് പ്രേക്ഷകര്‍ വേണം പറയാന്‍ സിനിമയിലെ വ്യത്യസ്തത. നമ്മള്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ അവര്‍ക്ക് എങ്ങനെ ഫീല്‍ ചെയ്യുന്നു, അത് അവരിലേക്ക് എത്തുന്നുണ്ടോ എന്നൊക്കെ പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്. അതിനായി നമ്മള്‍ 25ാം തിയതി ആകാംക്ഷയോടെ കാത്തിരിക്കും.

'പ്രിയ'ത്തിലും പുതുമുഖങ്ങളുണ്ടായിരുന്നു

'പ്രിയം' ചെയ്യുന്ന സമയത്ത് കുഞ്ചാക്കോ ബോബന്‍ നാലോ അഞ്ചോ സിനിമ ചെയ്തിട്ടുള്ള വിജയത്തില്‍ നില്‍ക്കുന്ന താരമായിരുന്നു. സിനിമയിലെ നായികയും കുട്ടികളുമൊക്കെ പുതുമുഖങ്ങളായിരുന്നു ആ സമയത്ത്. അതില്‍ തന്നെ സീനിയറായിട്ടുള്ള ആര്‍ട്ടിസ്റ്റ് തിലകന്‍, ജഗതി, ദേവന്‍, ഇന്ദ്രന്‍സ് എന്നിങ്ങനെ നല്ല സ്റ്റഫ് ആയിട്ടുള്ള, പ്രേക്ഷകന്‍ കാരക്ടറിന് അനുസരിച്ച് ഇഷ്ടപ്പെടുന്ന ആളുകളും അഭിനയിച്ചിട്ടുണ്ട്. ആ ഒരു അവസ്ഥയാണ് ഈ സിനിമയിലും എനിക്ക് കിട്ടിയിരിക്കുന്നത്. ഇപ്പോള്‍ കാസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഗുരു സോമസുന്ദരം, ജോണി ആന്റണി, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, ലാല്‍ ജോസ് ഇവരില്‍ ആരായാലും അത് ഇപ്പോള്‍ പ്രേക്ഷകന്‍ അത്യാവശ്യം ചൂസ് ചെയ്യുന്ന, അവര്‍ക്ക് വളരെ പ്രതീക്ഷകളോടുകൂടി തിയേറ്ററില്‍ വരാവുന്ന ആര്‍ട്ടിസ്റ്റുകള്‍ ആണ്. അങ്ങനെ ഒരു നല്ല പില്ലേഴ്‌സ് ഈ പുതുമുഖങ്ങളുടെ ഇടയിലും ഉണ്ട്. അത് കാരക്ടര്‍ ബേസ് ചെയ്ത് തന്നെ ആര്‍ട്ടിസ്റ്റുകളെ ഞങ്ങള്‍ കാസ്റ്റ് ചെയ്തിരിക്കുകയാണ്. അതില്‍ എനിക്ക് വളരെ സംതൃപ്തിയുണ്ട്.

ഈ സിനിമയില്‍ പുതുമുഖങ്ങളായ കുട്ടികള്‍ക്കും നമ്മള്‍ ഒരു മാസത്തെ തിയേറ്റര്‍ പ്രാക്ടീസ് അല്ലെങ്കില്‍ ആക്ടര്‍ ട്രെയ്‌നിംഗ് കൊടുത്തിട്ടാണ് കൊണ്ടുവന്നത്. അത്രയും സിസ്റ്റമാറ്റിക്ക് ആയിട്ടാണ് ഈ പുതുമുഖങ്ങളെ സിനിമയില്‍ പ്രെസന്റ് ചെയ്തിരിക്കുന്നത്. അത്രയും ഹാര്‍ഡ് വര്‍ക്ക് സിനിമയ്ക്ക് പിന്നില്‍ അതിന്റെ ക്രൂ ചെയ്തിട്ടുണ്ട്. ആ ഹാര്‍ഡ് വര്‍ക്ക് സിനിമ കാണുമ്പോള്‍ അറിയാം. അതിന് വിലമതിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

'ഹയ' എന്ന ടൈറ്റിലിന് പിന്നില്‍

'ഹയ' ഇപ്പോഴത്തെ ട്രെന്റില്‍ ഉള്ള ഒരു പേരല്ല. ശരിക്കും സിനിമയ്ക്ക് ഈ പേര് ഇടുന്നതില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്ക ഉണ്ടായിരുന്നു. ആളുകളിലേക്ക് ഈ പേര് റീച്ച് ചെയ്യുമോ എന്ന്. സിനിമയുടെ ടൈറ്റില്‍ രണ്ടക്ഷരം എന്നത് ഇപ്പോള്‍ ട്രെന്റില്‍ ഉള്ള കാര്യമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അത് ഞങ്ങള്‍ക്ക് ഭയങ്കരമായിട്ട് കോണ്‍ഫിഡന്‍സ് തരുന്നുണ്ട്. 'ഹയ' എന്ന ടൈറ്റില്‍ സിംപിള്‍ ആയി പറഞ്ഞാല്‍ ഹണി, യമുന എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളുടെ കഥയാണ്. 'ഹ' ഹണിയേയും 'യ' യമുനയേയും സൂചിപ്പിക്കുന്നു. മറ്റൊന്ന് 'ഹയ' എന്നത് ഒരു അറബിക് വാക്കാണ്. രണ്ട് എക്‌സ്ട്രീം അര്‍ത്ഥങ്ങളുണ്ട് ആ വാക്കിന്. അതില്‍ ഒരു മീനിംഗ് സിനിമയുടെ ടാഗ് ലൈനായി ഉപയോഗിച്ചിട്ടുണ്ട്. 'ലൗ വിത്ത് വാനിറ്റി, ലൗ വിത്ത് മോഡെസ്റ്റി'. പിന്നൊന്ന് 'ഹയ' എന്ന് പറഞ്ഞാല്‍ കുതിരയാണ്. മനുഷ്യന്റെ മനസ് എപ്പോഴും കുതിരയെ പോലെയാണ്. ഒരിക്കല്‍ കൈവിട്ട് പോയാല്‍ പോയി.

തിയ്യേറ്ററിലേക്കെത്തുമ്പോഴുള്ള പ്രതീക്ഷകള്‍

സിനിമ റിലീസ് 25-ാം തിയതിയാണ്. ആ ദിവസം ഞങ്ങളുടെ സിനിമ ഞങ്ങള്‍ ജനസമക്ഷം എത്തിക്കുകയാണ്. ഇത്രയും പുതുമുഖങ്ങളെ പ്രെസന്റ് ചെയ്യുന്ന അടുത്തകാലത്ത് ഇറങ്ങുന്ന സിനിമയാണ് 'ഹയ'. 'ഹയ' ഒരു കാമ്പസ് സ്റ്റോറിയാണ്. ഒരു ഫാമിലി സ്റ്റോറിയാണ്. നല്ല പാട്ടുകളുണ്ട് സിനിമയില്‍. ഇത് തിയറ്ററില്‍ പോയി എക്‌സ്പീരിയന്‍സ് ചെയ്യേണ്ടതാണ്. ഇതൊരു പുതുമുഖ സംരംഭമാണ്. ഈ സിനിമയിലൂടെ ഒരു പുതുമുഖ കമ്പനി മലയാളത്തിലേക്ക് ലോഞ്ച് ചെയ്യുകയാണ്. സപ്പോര്‍ട്ട് ചെയ്യുക, ആവശ്യമായ പ്രചോദനങ്ങള്‍ നല്‍കുക.

Related Stories

No stories found.
logo
The Cue
www.thecue.in