'ഷോര്‍ട്ട് ഫിലിം എഴുതുന്നതുപോലെയല്ല, രണ്ടേകാല്‍ മണിക്കൂര്‍ സിനിമ'; വരുണ്‍ ധാര

'ഷോര്‍ട്ട് ഫിലിം എഴുതുന്നതുപോലെയല്ല, രണ്ടേകാല്‍ മണിക്കൂര്‍ സിനിമ'; വരുണ്‍ ധാര

ആന്റണി വര്‍ഗീസ് പെപ്പെ കേന്ദ്രകഥാപാത്രമായി എത്തുന്ന പൂവന്‍ എന്ന 'സിനിമ'യുടെ പശ്ചാത്തലം തനിക്ക് പരിചിതമായ സാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് തിരക്കഥാകൃത്ത് വരുണ്‍ ധാര. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ റിലീസാവുന്നതിനും മുന്‍പ് ചര്‍ച്ചയിലുണ്ടായിരുന്ന 'പൂവന്‍' പല തിരുത്തലുകള്‍ക്ക് ശേഷമാണ് ഇന്നത്തെ നിലയില്‍ സ്‌ക്രീനിലെത്താനിരിക്കുന്നതെന്ന് വരുണ്‍ പറയുന്നു. നേരത്തെ, ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ടെങ്കിലും രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമ എഴുതാന്‍ സാധിക്കുമോയെന്ന് സംശയമുണ്ടായിരുന്നതായും വരുണ്‍ ധാര ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

'പേര് ഗായത്രി'യ്ക്ക് ശേഷം ഒന്നു രണ്ട് ഷോര്‍ട്ട് ഫിലിം ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ഗിരിഷ് എ.ഡി ഒരു ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമായി വിളിക്കുന്നത്. അക്കാലത്ത് തണ്ണീര്‍ മത്തന്‍ എന്ന സിനിമയുടെ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതിന് ശേഷം സൂപ്പര്‍ ശരണ്യയുണ്ടായി. ഒടുവില്‍ 2019-ലാണ് പൂവന്‍ ഓണ്‍ ആകുന്നത്. അപ്പോഴേക്കും കൊവിഡ് പശ്ചാത്തലത്തില്‍ കാലാനുസൃതമായ പല മാറ്റങ്ങളും തിരക്കഥയിലുണ്ടായി. അതല്ലാതെയുമുള്ള പല തിരുത്തലുകള്‍ക്ക് ശേഷമാണ് ഇന്നത്തെ നിലയില്‍ തിരക്കഥ എത്തിയിരിക്കുന്നത്.

ഇതിനിടെ എഴുതുന്ന പ്രൊസസില്‍ പലപ്പോഴും ബ്ലോക്കുണ്ടായിട്ടുണ്ട്. നേരത്തെ ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഒരു രണ്ടേകാല്‍ മണിക്കൂര്‍ സിനിമ എഴുതാന്‍ പറ്റുമോ സംശയമുണ്ടായിരുന്നു. തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ റിലീസിന് മുന്‍പാണത്. സിനിമയില്‍ അഭിനയിക്കാന്‍ വന്ന് എഴുതുന്നു എന്നായിരുന്നു മനസില്‍. എവിടെയെങ്കിലും വച്ച് ബ്ലോക്കാവും എന്നുറപ്പായിരുന്നു. അങ്ങനെ ബ്ലോക്കിലിരിക്കെയാണ് ഡെന്നീസ് ജോസഫിന്റെ ഒരു അഭിമുഖ പരിപാടി കാണുന്നത്. അത് കണ്ട പ്രചോദനത്തില്‍ നിന്നാണ് 'പൂവന്‍' എന്ന സിനിമയെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

എനിക്ക് പരിചിതമായ പല സാഹചര്യങ്ങളും എന്റെ ജീവിതത്തിലെ പല അനുഭവങ്ങളും പൂവനിലുണ്ട്. ആദ്യത്തെ സിനിമയായതുകൊണ്ടുതന്നെ എന്റേതായ പലതും കേന്ദ്രകഥാപാത്രങ്ങളിലുണ്ടാകും. അവിടെ നിന്ന് ഓരോ സിനിമ പിന്നിടുമ്പോഴും എനിക്ക് എഴുതാന്‍ വഴങ്ങുന്നതല്ലാത്തതും മാറ്റി ചെയ്യണമെന്നാണ് കണക്കുകൂട്ടുന്നത്. എഴുതുമ്പോഴും ഡയറക്ഷനിലും എന്റേതായ ലോകത്ത് നിന്ന് എന്തെങ്കിലും പ്രേക്ഷകര്‍ക്ക് കൊടുക്കാനാകും. എനിക്കറിയാവുന്ന എന്റെ ലോകം അവതരിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ 'അജിത് മേനോന്‍' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 20 ന് തിയറ്ററുകളിലെത്തും. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് ആന്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ റിങ്കു രണധീര്‍, അഖില ഭാര്‍ഗവന്‍, അനിഷ്മ അനില്‍കുമാര്‍, എന്നിവരാണു നായികമാര്‍. സംവിധായകന്‍ വിനീത് വാസുദേവനും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
The Cue
www.thecue.in