'വിജയ് സാറാണ് എന്റെ നിരൂപകനും വിമര്‍ശകനും' ; എന്തിന് സീരിയലുകളെ ഡീഗ്രേഡ് ചെയ്യുന്നു ? വാരിസ് വിമര്‍ശനത്തില്‍ സംവിധായകന്‍

'വിജയ് സാറാണ്  എന്റെ നിരൂപകനും വിമര്‍ശകനും' ; എന്തിന് സീരിയലുകളെ ഡീഗ്രേഡ് ചെയ്യുന്നു ? വാരിസ് വിമര്‍ശനത്തില്‍ സംവിധായകന്‍

വിജയ് ചിത്രം വാരിസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ വംശി പൈഡിപ്പള്ളി. താന്‍ സിനിമകളുണ്ടാക്കുന്നത് നിരൂപകര്‍ക്ക് വേണ്ടിയല്ല, സാധാരണക്കാരായ പ്രേക്ഷകര്‍ക്കുവേണ്ടിയാണ്. അവരുടെ കയ്യടികളാണ് വാരിസിന്റെ വിജയമായി കാണുന്നതെന്നും സംവിധായകന്‍ പറഞ്ഞു. വാരിസ് സീരിയലുപോലെയാണെന്ന പരിഹാസം അര്‍ഥശൂന്യമാണെന്നും, എന്തിനാണ് സീരിയലുകളെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും വംശി പൈഡിപ്പള്ളി ചോദിച്ചു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

വലിയ ആരാധകവൃന്ദമുള്ളയാളാണ് ദളപതി വിജയ്. അദ്ദേഹത്തിന്റെ ആരാധകരെ നിരാശപ്പെടുത്തിയാല്‍ ഒരു ദിവസം പോലും തിയറ്ററില്‍ പിടിച്ച് നില്‍ക്കാനാകില്ല എന്ന വ്യക്തമായ ബോധ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് തിയറ്ററുകളിലേക്ക് നോക്കൂ, സംതൃപ്തിയോടെയാണ് പ്രേക്ഷകന്‍ സിനിമ കണ്ടിറങ്ങുന്നത്. ആ പ്രേക്ഷകരാണ് ഈ സിനിമയുടെ വിജയം.

സിനിമാ നിരൂപകരോടുള്ള ബഹുമാനം വച്ചുകൊണ്ട് തന്നെ പറയട്ടെ, ഞാന്‍ സിനിമയെടുക്കുന്നത് നിരൂപകര്‍ക്ക് വേണ്ടിയല്ല. അവര്‍ സിനിമ കാണുന്നത് സിനിമയെപ്പറ്റി എഴുതാനാണ്. ഓഡിറ്റോറിയത്തില്‍ എത്തുന്നത് തന്നെ സിനിമയെക്കുറിച്ചുള്ള ഒരു മുന്‍ധാരണയുമായാണ്. അങ്ങനെ എഴുതാനാണെങ്കില്‍ നൂറുകാര്യങ്ങളുണ്ടാകും. അത്തരത്തില്‍ നിരൂപകര്‍ മോശം എന്നു പറഞ്ഞ എന്റെ ഒരു സിനിമ ദേശീയ പുരസ്‌കാരം വരെയെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമ കാണാന്‍ ടിക്കറ്റെടുത്ത് തിയറ്ററിലെത്തുന്ന സാധാരണ പ്രേക്ഷകന്റെ പ്രതികരണത്തിലാണ് എനിക്ക് വിശ്വാസം. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ സിനിമയുണ്ടാക്കുന്നത്.

ഞാന്‍ കൊമേഷ്യല്‍ സിനിമയുണ്ടാക്കുന്ന സംവിധായകനാണ്. അത്തരം സിനിമകളുണ്ടാക്കാനേ എനിക്കറിയൂ. അസാമാന്യ മികവുള്ള ഒരു ആര്‍ട്ട് സിനിമയുണ്ടാക്കാന്‍ എനിക്ക് കഴിയുമെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. ഞാന്‍ വളര്‍ന്നത് കൊമേഷ്യല്‍ സിനിമകള്‍ കണ്ടാണ്. അത്തരം സിനിമകളുണ്ടാക്കാനാണ് എനിക്ക് താത്പര്യം. അത് പേക്ഷകര്‍ ടിക്കറ്റെടുത്ത് കാണണം. സംതൃപ്തിയോടെ തിയറ്ററില്‍ നിന്ന് മടങ്ങണം. അത്തരമൊരു സിനിമയാണ് വാരിസും. ഒരു സിനിമയെക്കുറിച്ച് എഴുതണമെന്നുണ്ടെങ്കില്‍ ആ സിനിമയെ പഠിക്കാനാണ് ശ്രമിക്കേണ്ടത്. ആ സിനിമയിലൂടെ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്നാണ് പഠിക്കേണ്ടത്.

വാരിസ് സീരിയലുപോലെയാണെന്ന് പരിഹസിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. എന്തിനാണ് അവര്‍ സീരിയലുകളെ ഡീഗ്രേഡ് ചെയ്യുന്നത്. നിങ്ങളുടെ വീടുകളിലെ എത്രപേരുടെ വിനോദമാണത്. എത്രപേരുടെ സന്തോഷത്തെയാണ് അത് മുന്നോട്ടുകൊണ്ടുപോകുന്നത്. സിനിമ പോലെ തന്നെ കലാപരമായ ഒരു തൊഴിലാണ് സീരിയലും. ഒന്നിനെയും താഴ്ത്തിക്കെട്ടാനുള്ള ശ്രമം നല്ലതിനല്ല. അതിന് ശ്രമിക്കുന്നവര്‍ അവരെതന്നെയാണ് തരംതാഴ്ത്തുന്നത്. ഇത്തരം പരാമര്‍ശങ്ങളെ ഞാന്‍ മുഖവിലയ്ക്കെടുത്താന്‍ എന്റെ തൊഴിലിനെ അപമാനിക്കുന്നതിന് തുല്യമാകും.

ഒരു സിനിമയുണ്ടാക്കാന്‍ ഇന്നത്തെക്കാലത്ത് എന്ത് ബുദ്ധിമുട്ടുണ്ടെന്ന് അറിയാമോ. സാക്ഷാല്‍ വിജയ് സാര്‍ തന്നെ, ഓരോ പാട്ടിനും ഡയലോഗിനും വേണ്ടി വീണ്ടും വീണ്ടും പ്രാക്ടീസ് ചെയ്താണ് സ്‌ക്രീനിലെത്തുന്നത്. അദ്ദേഹത്തിന് വേണ്ടിയാണ് ഞാന്‍ സിനിമയുണ്ടാക്കുന്നത്. അദ്ദേഹമാണ് എന്റെ നിരൂപകനും വിമര്‍ശകനും. അങ്ങനെ ഒരു സിനിമയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ഓരോരുത്തരുടെയും അധ്വാനവും ത്യാഗവുമാണ് നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്നത്. അങ്ങനെ അധ്വാനിക്കാനേ ഞങ്ങള്‍ക്ക് കഴിയൂ. റിസള്‍ട്ട് ഞങ്ങളുടെ കയ്യിലല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in