
'കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹ്ഷിൻ സംവിധാനം നിർവ്വഹിക്കുകയും ‘കഠിന കഠോരമീ അണ്ഡകടാഹം’,‘ഉണ്ട’, ‘പുഴു’ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഹർഷദ് രചന നിർവഹിക്കുകയും ചെയ്ത പുതിയ ചിത്രം ‘വള' യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഫെയർബെ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹാസ്യവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും ഒരുപാട് നിഗൂഢതകളും നിറഞ്ഞ, തികച്ചും വേറിട്ടൊരു കഥയാണ് ഈ ചിത്രമെന്നും മലയാളത്തിൽ ആദ്യ ചിത്രം ചെയ്യുമ്പോൾ തന്നെ പ്രേക്ഷകർക്ക് നൂതനമായ ഒരനുഭവം നൽകാനാണ് തങ്ങൾ ശ്രമിച്ചതെന്നും ചിത്രത്തിന്റെ നിർമ്മാതാക്കൾ പറഞ്ഞു.
വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. വിജയരാഘവൻ, ശാന്തി കൃഷ്ണ, ലുക്മാൻ അവറാൻ, ധ്യാൻ ശ്രീനിവാസൻ, രവീണ രവി, ശീതൾ ജോസഫ് എന്നിവരോടൊപ്പം അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്(പർഫ്യൂമർ), ഗോകുലൻ എന്നിവരും അണിനിരക്കുന്നു. പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ് എന്നുള്ളതും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അഫ്നാസ് വിയാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സിദ്ദിഖ് പി ഹൈദറാണ്. ആർട്ട് ഡയറക്ഷൻ അർഷദ് നക്കോത്തും പബ്ലിസിറ്റി ഡിസൈനുകൾ ഒരുക്കിയിരിക്കുന്നത് യെല്ലോ ടൂത്ത്സുമാണ്. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിട്ടുള്ളത്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).