ഹോളിവുഡ് നിലവാരത്തില്‍ സൂപ്പര്‍നാച്ചുറല്‍ ത്രില്ലറാകാന്‍ 'വടക്കന്‍' ; ചിത്രം പുരോഗമിക്കുന്നു

ഹോളിവുഡ് നിലവാരത്തില്‍ സൂപ്പര്‍നാച്ചുറല്‍ ത്രില്ലറാകാന്‍ 'വടക്കന്‍' ; ചിത്രം പുരോഗമിക്കുന്നു

കിഷോറും ശ്രുതി മേനോനും മുഖ്യവേഷങ്ങളിലെത്തുന്ന സൂപ്പര്‍നാച്ചുറല്‍ ത്രില്ലര്‍ വടക്കന്‍ ഒരുങ്ങുന്നു. സജീദ് എ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആറാണ്. ഓഫ്ബീറ്റ് സ്റ്റുഡിയോസിനു വേണ്ടി ജയ്ദീപ് സിംഗ്, ഭവ്യ നിധി ശര്‍മ്മ, നുസ്രത് ദുറാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രാഹക കെയ്‌കോ നകഹാര കാമറ ചലിപ്പിക്കുന്നു. ബിജിപാല്‍ സംഗീതം നല്‍കുന്നു.

ഹോളിവുഡ് നിലവാരത്തില്‍ മലയാളത്തിലൊരുക്കുന്ന ചിത്രത്തില്‍ അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ചിത്ര വിന്യാസങ്ങളുമുപയോഗിക്കും. കേരള പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം മലയാളികള്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിട്ടായിരിക്കും തിയറ്ററുകളിലെത്തുക.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഒട്ടേറെ വെബ്‌സീരീസുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച മീഡിയ കമ്പനിയാണ് ഓഫ്ബീറ്റ്. ഓഫ്ബീറ്റിന്റെ ആദ്യത്തെ സ്വാതന്ത്ര്യസിനിമാ നിര്‍മാണസംരംഭമാണ് വടക്കന്‍. ആഗോളതലത്തില്‍ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച ഗ്രാഫിക്‌സ് ടീമുകളും ചിത്രത്തിന് പിന്നിലുണ്ട്.

പുതുതലമുറ മാധ്യമ, വിനോദ കമ്പനിയായ ഓഫ്ബീറ്റ് മീഡിയയാണ് മലയാളത്തില്‍ ഇത്രയും വലിയൊരു പരീക്ഷണ ചിത്രത്തിന് മുതല്മുടക്കാന്‍ മുന്നിട്ടിറങ്ങിയത്. കമ്പനിയുടെ സ്ഥാപകരായ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശര്‍മ്മ, നുസ്രത് ദുറാനി എന്നിവര്‍, മുന്‍പ് എംടിവി, വിയാകോം 18, സീ ടിവി, ബിബിസി എന്നീ സ്ഥാപനങ്ങളില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളവരാണ്.

അവര്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ ഇന്നത്തെ ഏറ്റവും മികച്ച ക്രിയേറ്റീവ് കണ്ടന്റ്. ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, സംഘവുമുണ്ട്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സംസ്‌കാര പാരമ്പര്യങ്ങളില്‍ വേരോടുന്ന വ്യത്യസ്തമായ കഥകള്‍ കണ്ടെത്തി സിനിമയാക്കാനാണ് ഓഫ്ബീറ്റ് മീഡിയ ശ്രമിക്കുന്നത്. വടക്കന്‍ എന്ന ചിത്രം അന്താരാഷ്ട്ര സിനിമാ ഭൂപടത്തില്‍ കേരളത്തിന്റെ സാന്നിധ്യമുറപ്പിക്കുന്ന നാഴികക്കല്ലാകുമെന്ന് ഉറപ്പാണ്. ത്രസിപ്പിക്കുന്ന ദൃശ്യങ്ങളും ശബ്ദ, സംഗീത വിന്യാസങ്ങളോടും കൂടിയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം, നിലവില്‍ കന്നടയിലും ഡബ് ചെയ്തിട്ടുണ്ട്. മറ്റ് പ്രാദേശിക ഭാഷകളിലും ചിത്രം പുറത്തിറക്കാന്‍ പദ്ധതിയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in