
മാർക്കോയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടാകുമെന്ന് ഉണ്ണി മുകുന്ദൻ. മാർക്കോ 4 വരെ ചെയ്യുമെന്നാണ് മനസ്സിലുള്ളത്. പിന്നീടുള്ള കാര്യങ്ങൾ ആരോഗ്യത്തെ പോലെ ചെയ്യാം എന്നാണ് കരുതുന്നത്. ഈ സിനിമയിൽ നിന്ന് പ്രചോദനം സ്വീകരിക്കരുതെന്ന് ഇന്നത്തെ യുവാക്കളെ പഠിപ്പിക്കേണ്ട കാര്യമില്ല. അത്രയും അറിവും കഴിവുമുള്ളവരാണ് അവർ. സിനിമ എന്താണെന്നും റിയാലിറ്റി എന്താണെന്നും ഇന്നത്തെ കുട്ടികൾക്കറിയാമെന്ന് ഗോൾഡ് 101.3 എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഉണ്ണി മുകുന്ദൻ പറഞ്ഞത്:
മാർക്കോ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഉണ്ടാകും. മാർക്കോ 4 വരെ പോകുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. ബാക്കി ആരോഗ്യം ഉള്ളതുപോലെ ചെയ്യാം എന്നാണ് കരുതുന്നത്. യങ്‌സ്റ്റേഴ്‌സിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്ന ആളല്ല. അത്രയും ബുദ്ധിയും അറിവുമുള്ളവരാണ് അവർ. റിയാലിറ്റി എന്താണ് ഫിക്ഷൻ എന്താണ് എന്ന് കൃത്യമായി അവർക്ക് അറിയാം. ചെറുപ്പക്കാരുടെ ഇന്റലിജൻസിനെ ഞാൻ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നില്ല. സിനിമ എന്താണെന്നും റിയാലിറ്റി എന്താണെന്നും കൃത്യമായി ഇപ്പോഴത്തെ കുട്ടികൾക്കറിയാം. അതുകൊണ്ട് ഈ സിനിമ കണ്ട് പ്രചോദനം ഉൾക്കൊള്ളരുത് എന്ന് അവരെ പേടിക്കേണ്ട കാര്യം എനിക്കില്ല എന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയം അത്രയും സീരിയസായി ഈ വിഷയത്തെ നോക്കിക്കാണേണ്ട എന്നാണ് ഞാൻ കരുതുന്നത്. ചെറുപ്പക്കാരുടെ ഇന്റലിജെൻസ് അത്രയും ചെറുതാണ് എന്നൊന്നും ഞാൻ ആലോചിക്കേണ്ടതില്ല. 30 , 40 വർഷം മുൻപ് പിന്നെയും അങ്ങനെ എന്തെങ്കിലും ആലോചിക്കാമായിരുന്നു. ഇപ്പൊ അങ്ങനെ ഒന്ന് പറഞ്ഞ് അവരെ പഠിപ്പിക്കേണ്ട കാര്യമില്ല.
അതേ സമയം മാർക്കോയുടെ ഹിന്ദി പതിപ്പിന് ഉത്തരേന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരുൺ ധവാൻ ചിത്രം ബേബി ജോണിന്റെ സ്ക്രീൻ കൗണ്ടുകൾ പോലും സ്വന്തമാക്കിയാണ് മാർക്കോ ഹിന്ദിയിൽ മുന്നേറുന്നത്. മാർക്കോയുടെ ഹിന്ദി പതിപ്പ് മാത്രം 10 കോടിയിലധികം നേടിയെന്നാണ് പല ട്രേഡ് അനലിസ്റ്റുകളും വ്യക്തമാക്കുന്നത്. കേരള ബോക്സ് ഓഫീസിൽ മാത്രം 40 കോടിയിലധികം രൂപയാണ് മാർക്കോ നേടിയത്. തമിഴ്, തെലുങ്ക് തുടങ്ങിയ പതിപ്പുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും മാർക്കോയിൽ അണിനിരന്നിട്ടുണ്ട്.