ലഹരി ഉപയോഗത്തിനെതിരെ പോസ്റ്റുമായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ ഹിറ്റ് ചിത്രം മാർക്കോയുമായി ബന്ധപ്പെടുത്തിയാണ് ഉണ്ണി ലഹരിക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റുമായി എത്തിയത്. സിനിമയിലെ വയലൻസ് സമൂഹത്തെ സ്വാധീനിക്കുന്നു എന്ന തരത്തിൽ വലിയ വിവാദങ്ങളുയർത്തിയ ചിത്രമായിരുന്നു മാർക്കോ. ചിത്രത്തിലെ അതിതീവ്ര വയലൻസിനെതിരെ സിനിമ മേഖലയിലുള്ളവർ തന്നെ മുമ്പ് രംഗത്ത് എത്തിയിരുന്നു. എന്നാൽ കയ്യിൽ സിഗരറ്റുള്ള 'മാര്‍ക്കോ'യെ അനുകരിക്കാന്‍ എളുപ്പമാണെന്നും സിക്‌സ്പായ്ക്കുള്ള 'മാര്‍ക്കോ' ആവാനാണ് ശ്രമിക്കേണ്ടതെന്നും പങ്കുവച്ച പോസ്റ്റിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഉണ്ണി മുകുന്ദന്റെ പോസ്റ്റ്:
ബ്രാന്‍ഡും തരവും പരിഗണിച്ച് ഒരു സിഗരറ്റിന്റെ ഭാരം 0.7 മുതല്‍ 1.0 ഗ്രാം വരെയാണ്. ഫില്‍റ്ററും പേപ്പറടക്കം ശരാശരി ഒരു സിഗരറ്റിന്റെ ഭാരം ഒരുഗ്രാമാണ്. ഈ സിഗരറ്റ് ഉപയോഗിക്കുന്നതാണ് പൗരുഷം എന്ന് കരുതുന്നവര്‍ ദയവു ചെയ്ത് നിങ്ങളുടെ സാധ്യതകള്‍ പുനഃപരിശോധിക്കണം. ‘ഹൈ' ആവാന്‍ പുരുഷന്മാര്‍ 50 കിലോ ഭാരമുള്ള ഇരുമ്പാണ് ഉയര്‍ത്തുന്നത്. അതുകൊണ്ടു തന്നെ ഏത്തിരഞ്ഞെടുക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. കയ്യിൽ സിഗരറ്റുള്ള 'മാര്‍ക്കോ'യെ അനുകരിക്കാന്‍ എളുപ്പമാണ്. സിക്‌സ്പായ്ക്കുള്ള 'മാര്‍ക്കോ' ആവാന്‍ ശ്രമിച്ചുനോക്കൂ. അതിന് അല്‍പം നിശ്ചയദാര്‍ഢ്യം കൂടി വേണ്ടതുണ്ട്.
മുമ്പ് റെട്രോ സിനിമയുടെ ഭാഗമായി തിരുവനന്തപുരത്ത് പ്രമോഷന് എത്തിയ നടൻ സൂര്യയും ലഹരി ഉപയോഗിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. 'റെട്രോ'യില്‍ താന്‍ സിഗരറ്റുവലിക്കുന്നതായി കാണിക്കുന്നുണ്ടെങ്കിലും സ്വന്തം ജീവിതത്തില്‍ താന്‍ ഒരിക്കലും പുകവലിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളെ താൻ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും സൂര്യ പറഞ്ഞിരുന്നു. സിഗരറ്റ് വലിച്ചു തുടങ്ങിയാൽ അത് അവസാനിപ്പിക്കാൻ ബുദ്ധിമുട്ട് ആണെന്നും അത് ചെയ്യരുതെന്നും സൂര്യ കൂട്ടിച്ചേർത്തിരുന്നു.