'ഇത്തരം മനുഷ്യരെ കാണുന്നത് തന്നെ വെറുപ്പ്, ആവശ്യമായ നിയമ നടപടി സ്വീകരിക്കും'; സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് തൃഷ

'ഇത്തരം മനുഷ്യരെ കാണുന്നത് തന്നെ വെറുപ്പ്, ആവശ്യമായ നിയമ നടപടി സ്വീകരിക്കും'; സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് തൃഷ

പൊതുവേദിയിൽ തനിക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ എഐഎഡിഎംകെ നേതാവ് എ.വി. രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് നടി തൃഷ. ശ്രദ്ധ നേടാനായി ഏത് തലത്തിലേക്കും താഴുന്ന മനുഷ്യരെ കാണുന്നത് തന്നെ വെറുപ്പുളവാക്കുന്നതാണെന്നും ഇത്തരക്കാർക്കെതിരെ തീർച്ചയായും നിയമ നടപടി സ്വീകരിക്കുമെന്നും തൃഷ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 2017ൽ എഐഎഡിഎംകെയിലെ അധികാര വടംവലിക്കിടെ എംഎൽഎമാരെ കൂവത്തൂർ റിസോർട്ടിൽ താമസിപ്പിച്ചപ്പോൾ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമർശം നടത്തിയത്. സേലം വെസ്റ്റ് എംഎൽഎ ജി വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് ഇരുപത്തിയഞ്ച് ലക്ഷം രൂപ കൊടുത്ത് നടിയെ റിസോർട്ടിൽ എത്തിച്ചെന്നായിരുന്നു എ.വി.രാജു പറഞ്ഞത്.

തൃഷയുടെ ട്വീറ്റ്:

ശ്രദ്ധ നേടാനായി ഏതു തലത്തിലേക്കും താഴുന്ന മനുഷ്യരെ ആവർത്തിച്ച് കാണുന്നത് ഏറ്റവും അറപ്പുളവാക്കുന്നതാണ്. ഇതിനെതിരെ എന്റെ ലീ​ഗൽ ഡിപ്പാർട്ട്മെന്റ് ആവശ്യമായതും കഠിനവുമായ നടപടി സ്വീകരിക്കും എന്ന് ഉറപ്പ് തരുന്നു.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എ.വി.രാജുവിനെതിരെ സോഷ്യൽ മീഡിയയിൽ വ്യപക പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് താൻ തൃഷയെക്കുറിച്ചല്ല പറഞ്ഞതെന്നും തൃഷയെപ്പോലെ ഭം​ഗിയുള്ള ഒരു പെണ്ണ് വേണമെന്നാണ് എംഎൽഎ ജി വെങ്കടാചലം പറഞ്ഞത് എന്നും എ.വി.രാജു പറഞ്ഞു.

മുമ്പ് നടൻ മൻസൂർ അലിഖാനും തൃഷയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നു. ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. തുടർന്ന് തൃഷയെ പിന്തുണച്ച് സോഷ്യൽ മീഡിയയും തമിഴ് സിനിമ ലോകവും ​രം​ഗത്ത് എത്തിയിരുന്നു. സംഭവത്തിൽ പിന്നീട് മൻസൂർ അലിഖാൻ മാപ്പ് പറയുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in