'തെറ്റ് പറ്റുന്നത് മാനുഷികം, ക്ഷമിക്കുന്നത് ദൈവീകം' ; മൻസൂർ അലി ഖാന്റെ മാപ്പ് അംഗീകരിച്ച് തൃഷ

'തെറ്റ് പറ്റുന്നത് മാനുഷികം, ക്ഷമിക്കുന്നത് ദൈവീകം' ; മൻസൂർ അലി ഖാന്റെ മാപ്പ് അംഗീകരിച്ച് തൃഷ

സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാന്റെ മാപ്പ് അംഗീകരിച്ച് നടി തൃഷ. തെറ്റ് പറ്റുന്നത് മാനുഷികം, ക്ഷമിക്കുന്നത് ദൈവീകം എന്ന് തൃഷ തന്റെ എക്സ് അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു. തൃഷയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഇന്നായിരുന്നു മൻസൂർ അലി ഖാൻ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചത് മനസ്സിലാക്കുന്നു എന്നും, സഹനടിയായ തൃഷ, എന്നോട് ക്ഷമിക്കു എന്നുമാണ് മൻസൂർ അലിഖാന്റെ മാപ്പപേക്ഷ. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മൻസൂർ അലിഖാന്റെ മാപ്പ് അപേക്ഷ.

ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. ‌മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ലെന്നും ലിയോ സിനിമയിൽ റേപ്പ് സീനുകളൊന്നുമില്ലെന്നും തൃഷയോടൊപ്പം ഉറപ്പായും ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നുമായിരുന്നു അഭിമുഖത്തിൽ മന്‍സൂര്‍ അലിഖാന്റെ പരാമർശം. ഇതിനെതിരെ തൃഷ തന്നെ രം​ഗത്ത് വന്നിരുന്നു. അയാളെപ്പോലെ മോശമായ ഒരാളുമായി സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാത്തതിൽ സന്തോഷമുണ്ടെന്നും, തന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് ട്വീറ്ററിലൂടെ തൃഷ പറഞ്ഞത്.

ഇതിനെ തുടർന്ന് തമിഴ് സിനിമ മേഖലയിലെ പല പ്രമുഖരും മൻസൂർ അലിഖാനെതിരെ രം​ഗത്ത് വരികയും സംഭവത്തെ അപലപിക്കുകകയും ചെയ്തു. എന്നാൽ പ്രസ്താവനയിൽ ആദ്യം മാപ്പു പറയാൻ മൻസൂർ അലിഖാൻ തയ്യാറായിരുന്നില്ല. തമാശയായിട്ടാണ് പ്രസ്താവന നടത്തിയത് എന്നും വിവിധ ഇൻഡസ്ട്രികളിൽ നിന്നുള്ള വിവിധ അഭിനേതാക്കളാൽ ഇതിനകം തന്നെ താൻ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്‌താവനയുടെ ഹാസ്യവശം മനസ്സിലാക്കാതെ താൻ പറഞ്ഞതിനെ ആളുകൾ ഊതിവിർപ്പിച്ചു എന്നുമാണ് സംഭവത്തെക്കുറിച്ച് പ്രസ്സ് മീറ്റിൽ മൻസൂർ അലിഖാൻ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in