'ഇത് എന്നെ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുന്നു'; നാഷ്ണൽ ക്രഷ് എന്ന് ടാഗ് ചെയ്യപ്പെട്ടതിനെക്കുറിച്ച് ത്രിപ്തി ദിമ്രി

'ഇത് എന്നെ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുന്നു';  നാഷ്ണൽ ക്രഷ് എന്ന് ടാഗ് ചെയ്യപ്പെട്ടതിനെക്കുറിച്ച് ത്രിപ്തി ദിമ്രി

അനിമൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം നാഷ്ണൽ ക്രഷ് എന്ന തരത്തിൽ ലേബൽ ചെയ്യപ്പട്ടതിനെക്കുറിച്ച് നടി ത്രിപ്തി ദിമ്രി. ഒരു മികച്ച സിനിമ സംഭവിക്കുമ്പോൾ ആ സിനിമയിലെ നായകന്റെ പ്രകടനത്തെ നാഷ്ണൽ അവാർഡിന് അർഹമെന്ന് പറയുകയും അതേ സമയം ആ ചിത്രത്തിലെ നായികയെ നാഷ്ണൽ ക്രഷ് എന്ന ലേബലിലേക്ക് ഒതുക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി ത്രിപ്തി. താൻ ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നും മികച്ച തരത്തിലുള്ള സ്നേഹമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിട്ടുള്ളത് എന്നും എപ്പോഴെങ്കിലും ഒരു അഭിനേത്രി ആവുകയാണെങ്കിൽ ലോകം തന്റെ ജോലിയെക്കുറിച്ചായിരിക്കണം സംസാരിക്കേണ്ടത് എന്നായിരുന്നു തന്റെ ആ​ഗ്രഹമെന്നും അത് അങ്ങനെ തന്നെയാണ് സംഭവിച്ചിരിക്കുന്നത് എന്നും ത്രിപ്തി പറഞ്ഞു. നാഷ്ണൽ ക്രഷ് എന്ന ​ലേബൽ ഒരു അഭിനേത്രി എന്ന നിലയിൽ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ തന്നെ പ്രചോദിപ്പിക്കുന്നതാണ് എന്നും അത്തരത്തിൽ താൻ ഒരു ഭാ​ഗ്യവതിയാണ് എന്നാണ് തോന്നുന്നത് എന്നും ത്രിപ്തി ബാഡ് ന്യൂസ് സിനിമയുടെ ട്രെയ്ലർ ലോഞ്ചിൽ പറഞ്ഞു.

ത്രിപ്തി ദിമ്രി പറഞ്ഞത്:

എനിക്ക് കിട്ടിയ ഭാ​ഗ്യത്തിന് ഞാൻ ഈശ്വരനോട് നന്ദി പറയാൻ ആ​ഗ്രഹിക്കുന്നു. എന്റെ കാര്യത്തിൽ നേരെ വിപരീതമായിട്ടാണ് സംഭവിച്ചിട്ടുള്ളത്, ഞാൻ എത്രത്തോളം സിനിമകൾ ചെയ്തിട്ടുണ്ടോ എന്റെ പഴയ സിനിമകൾ ആണെങ്കിലും അല്ലെങ്കിൽ ഇപ്പോഴുള്ള എന്റെ സിനിമകളാണെങ്കിലും പ്രേക്ഷകരിൽ നിന്നും മികച്ച തരത്തിലുള്ള സ്നേഹമാണ് എനിക്ക് ലഭിച്ചത്. ആളുകൾ എൻ‌റെ ജോലിയെക്കുറിച്ചാണ് സംസാരിച്ചത്. എനിക്ക് തുടക്കത്തിൽ തോന്നിയിരുന്നത് ഞാൻ എപ്പോഴെങ്കിലും ഒരു അഭിനേത്രി ആവുകയാണെങ്കിൽ ലോകം എന്റെ ജോലിയെക്കുറിച്ചായിരിക്കണം സംസാരിക്കേണ്ടത് എന്നാണ്. ഭാ​ഗ്യം കൊണ്ട് തന്നെ എന്റെ ഏതൊക്കെ സിനിമകൾ റിലീസായിട്ടുണ്ടോ അപ്പോഴൊക്കെ ആളുകൾ എന്റെ ജോലിയെക്കുറിച്ചാണ് സംസാരിച്ചതും. അതുകൊണ്ട് തന്നെ ഈ കാര്യങ്ങൾ ഒക്കെ ഒരു അഭിനയത്രി എന്ന നിലയിൽ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ എന്നെ പ്രചോദിപ്പിക്കുന്നതാണ്. അങ്ങനെ നോക്കുമ്പോൾ ഞാൻ ഭാഗ്യവതിയാണ് എന്ന് തോന്നുന്നു.

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമായിരുന്നു അനിമൽ. രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് ത്രിപ്തി അവതരിപ്പിച്ചത്. ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും ത്രിപ്തി ദിമ്രിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നാലെ നാഷ്ണൽ ക്രഷ് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ത്രിപ്തി അറിയപ്പെട്ടത്. ആനന്ദ് തിവാരിയുടെ സംവിധാനത്തിൽ തൃപ്തി ദിമ്രി, വിക്കി കൗശല്‍ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാഡ് ന്യൂസാണ് ത്രിപ്തിയുടേതായി അടുത്തതായി തിയറ്ററിൽ എത്താനിരിക്കുന്ന ചിത്രം. ഹിരൂ യാഷ് ജോഹർ, കരൺ ജോഹർ, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ജൂലൈ 19ന് തിയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in