

യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ സിനിമയുടെ റിലീസ് വൈകുമെന്ന അഭ്യൂഹങ്ങൾ തള്ളി നിർമാതാക്കൾ. 2026 മാർച്ച് 19 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു. ഗീതു മോഹൻദാസും യാഷും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മൂലം സിനിമയുടെ റിലീസ് നീട്ടിയതായി ആയിരുന്നു റിപ്പോർട്ടുകൾ വന്നത്. ഇതിന് പിണങ്ങളെയാണ് നിർമ്മാതാക്കളുടെ സ്ഥിരീകരണം വന്നിരിക്കുന്നത്.
'ടോക്സിക് സിനിമ 2026 മാർച്ച് 19 ന് റിലീസ് ചെയ്യുന്നു' എന്നാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. തരൺ ആദർശ് പങ്കുവച്ച പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടാണ് കെവിഎൻ പ്രൊഡക്ഷൻസ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. 'അഭ്യൂഹങ്ങൾ നിർത്തൂ. യാഷിന്റെ ടോക്സിക് സിനിമയുടെ റിലീസ് നീട്ടിയിട്ടില്ല. 2026 മാർച്ച് 19 ന് തന്നെ ചിത്രം റിലീസ് ചെയ്യും. നിർമാതാക്കളോട് സംസാരിച്ചു,' എന്നായിരുന്നു തരൺ ആദർശ് കുറിച്ചത്.
യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ടാഗ്‌ലൈൻ. നിവിൻ പോളി നായകനായെത്തിയ മൂത്തോനു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം.
