തനിക്കൊപ്പമുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ടൊവിനോ, പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് വി എസ്. സുനിൽ കുമാർ

തനിക്കൊപ്പമുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ടൊവിനോ, പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് വി എസ്. സുനിൽ കുമാർ

തന്റെയോ തനിക്കൊപ്പമുള്ളതോ ആയ ഫോട്ടോകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിക്കരുതെന്ന് നടൻ ടൊവിനോ തോമസ്. കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്.വി.ഇ.ഇ.പി) അംബാസ്സഡര്‍ ആണ് താനൊന്നും അതുകൊണ്ട് തന്നെ തന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രാചാരണത്തിനുപയോ​ഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ടൊവിനോ പറഞ്ഞു. ആരെങ്കിലും അതുപയോഗിക്കുന്നുവെങ്കില്‍ തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ ടൊവിനോ തോമസ് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ആശംസകളും നേർന്നിട്ടുണ്ട് ടൊവിനോ.

ടൊവിനോയുടെ പോസ്റ്റ്:

എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ .

ഞാൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP(Systematic Voters Education and Electoral Participation )അംബാസ്സഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് .

ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല .

ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു.

നേരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍ കുമാര്‍ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍ കുമാറിന്റെ കുറിപ്പ്. വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നുമായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. ഇതിന് പിന്നാലെയാണ് ടോവിനോ തോമസിന്റെ പ്രതികരണം. പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ വി.എസ് സുനില്‍ കുമാര്‍ സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in