കേരള മന:സ്സാക്ഷിയെ ഞെട്ടിച്ച ജോളി കൊലപാതകം വീണ്ടും ചർച്ചയാക്കി ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും

കേരള മന:സ്സാക്ഷിയെ ഞെട്ടിച്ച ജോളി കൊലപാതകം വീണ്ടും ചർച്ചയാക്കി ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. രണ്ട് പെൺകുട്ടികളുടെ കൊലപാതകങ്ങളെ മുൻനിർത്തി മുമ്പോട്ടുപോകുന്ന കഥാഗതിയാണ് സിനിമയുടേത്. റിലീസിന് ശേഷം കേരള മന:സ്സാക്ഷിയെ ഞെട്ടിച്ച ജോളി കൊലപാതകം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ ആദ്യ പകുതിയിൽ പരാമർശിക്കുന്ന ലൗലി മാത്തൻ വധക്കേസിനാണ് 1984-ൽ കേരളത്തെ ഞെട്ടിച്ച ജോളി വധക്കേസുമായി ബന്ധമുള്ളത്. കോളേജ് വിദ്യാര്‍ത്ഥിനിയായ ജോളി മാത്യു ലൈംഗിക പീഡന ശ്രമത്തിനിടെ കൊല്ലപ്പെട്ട സംഭവമാണ് ജോളി വധക്കേസ്. 1984 ഏപ്രില്‍ 23-നാണ് ജോളി മാത്യു എന്ന പതിനെട്ടുകാരിയെ കോട്ടയം ബഥനി ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നടന്ന സംഭവങ്ങളെ കുറിച്ച് വിവരിക്കുകയാണ് ജോളിയുടെ സഹോദരൻ മോനച്ചൻ :

ജോളിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് കൊണ്ടുവന്ന ശേഷം കുറച്ചുനേരം മാത്രമേ വീട്ടിൽ വെച്ചുള്ളൂ. എങ്ങും പ്രതിഷേധമായിരുന്നു. എം.സി റോഡിലെ ഗതാഗതം അന്ന് നാല് മണിക്കൂറോളം തടസ്സപ്പെട്ടു. നാല് വണ്ടി പോലീസുകാർ ഇവിടെ വീടിന് പരിസരത്തുണ്ടായിരുന്നു. ക്രൈം ബ്രാഞ്ചിനായിരുന്നല്ലോ ആദ്യം അന്വേഷണ ചുമതല. കിണറിൽ ഒരു ബോഡി പൊങ്ങിയെന്ന് പറഞ്ഞുകേട്ടപ്പോഴേ ഞാൻ പോയി നോക്കി. എനിക്ക് വസ്ത്രം കണ്ടപ്പോഴേ മനസ്സിലായി. ആകപ്പാടെ ഞാൻ തകർന്നുപോയി. അവിടുന്നോടി ഞാനാണ് വീട്ടിലേക്ക് വന്ന് പറഞ്ഞത്. നാൽപതായില്ലേ വർഷം. ജോളിക്ക് അന്ന് 18 വയസ്സല്ലേയുള്ളൂ. ഞങ്ങളുടെ ജോളിയുടെ കൊലപാതകം വിഷയമായി സിനിമ ഇറങ്ങിയതറിഞ്ഞു. സിനിമ കണ്ടാലല്ലേ കൂടുതൽ അഭിപ്രായം പറയാൻ കഴിയൂ.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ ഫാ. ജോര്‍ജ് ചെറിയാനെ അന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അത് അന്നേറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്നത് ഐപിഎസ് ഓഫീസറായ സിബി മാത്യൂസായിരുന്നു. അദ്ദേഹം എഴുതിയ നിര്‍ഭയം എന്ന പുസ്തകത്തില്‍ ഈ കേസന്വഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങള്‍ അടിവരയിട്ടു പറഞ്ഞിട്ടുമുണ്ട്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൽ ലൗലി മാത്തൻ എന്ന പെൺകുട്ടി കൊല്ലപ്പെടുന്നതും ടൊവിനോ അവതരിപ്പിക്കുന്ന എസ്.ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രം ഈ കേസിന് പിന്നാലെ പോകുന്നതും തുടർസംഭവങ്ങളുമാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായി തിയറ്ററുകളിലെത്തിയ സിനിമയാണ് ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും. ജിനു വി എബ്രാഹം തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in