'മികച്ച നടനുള്ള സെപ്റ്റിമ്യൂസ് അവാർഡ് സ്വന്തമാക്കി ടൊവിനോ തോമസ്' ; അവാർഡിനർഹനാകുന്ന ആദ്യ സൗത്ത് ഇന്ത്യൻ താരം

'മികച്ച നടനുള്ള സെപ്റ്റിമ്യൂസ് അവാർഡ് സ്വന്തമാക്കി ടൊവിനോ തോമസ്' ; അവാർഡിനർഹനാകുന്ന ആദ്യ സൗത്ത് ഇന്ത്യൻ താരം

മികച്ച ഏഷ്യൻ താരത്തിനുള്ള അന്തർദേശീയ സെപ്റ്റിമ്യൂസ് അവാർഡ് സ്വന്തമാക്കി നടൻ ടൊവിനോ തോമസ്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇതോടെ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ സൗത്ത് ഇന്ത്യൻ നടൻ കൂടിയായി ടോവിനോ തോമസ്. മികച്ച ഏഷ്യന്‍ നടനായി എന്നെ തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇത് എപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നുവെന്ന് ടൊവിനോ തോമസ് തന്റെ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.

ഒരിക്കലും വീഴാതിരിക്കുന്നതിലല്ല നമ്മുടെ മഹത്വം. മറിച്ച് വീണുപോകുന്ന ഓരോ തവണയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് പിന്നീട് ലോകം കണ്ടു. ഈ പുരസ്കാരം കേരളത്തിനുള്ളതാണെന്നും ടൊവിനോ തോമസ് കൂട്ടിച്ചേർത്തു. മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളിലും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്സ്. ഇറാഖി നടന്‍ വസിം ദിയ, സിംഗപ്പൂരില്‍ നിന്നുള്ള മാര്‍ക് ലീ, ഇറാനിയന്‍ നടന്‍ മൊഹ്സെന്‍ തനബന്ദേ, ഇന്തോനേഷ്യന്‍ നടന്‍ റിയോ ദേവാന്തോ, സൌദി നടന്‍ അസീസ് ബുഹൈസ്, യെമെനി നടന്‍ ഖാലിദ് ഹംദാന്‍ എന്നിവരെ പിന്തള്ളിയാണ് മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം ടൊവിനോ നേടിയിരിക്കുന്നത്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നോമിനേഷനിലും ഇടംപിടിച്ചിരുന്നു. മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം 34 ദിവസം കൊണ്ടാണ് ചിത്രം 200 കോടി നേടിയിരിക്കുന്നത്. മെയ് 5 ന് പുറത്തിറങ്ങിയ ചിത്രം ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ മലയാള ചിത്രമാവുകയും ചെയ്തു. ടൊവിനോ തോമസ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, കുഞ്ചാക്കോ ബോബന്‍, തന്‍വി റാം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in