അടി, ഇടി പടം ഒന്നും ഞാൻ സംവിധാനം ചെയ്യില്ല, ഒരു കഥ പടം ചെയ്ത് ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ കാണിക്കണം, അതാണ് ആഗ്രഹം: ടൊവിനോ തോമസ്

അടി, ഇടി പടം ഒന്നും ഞാൻ സംവിധാനം ചെയ്യില്ല, ഒരു കഥ പടം ചെയ്ത് ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ കാണിക്കണം, അതാണ് ആഗ്രഹം: ടൊവിനോ തോമസ്
Published on

സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടിയുമായി നടൻ ടൊവിനോ തോമസ്. അഭിനയമാണ് താൻ ഇപ്പോൾ ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന കാര്യം എന്നും അതിൽ നിന്നും ശ്രദ്ധ മാറിപ്പോകരുത് എന്നാണ് താൻ ഇപ്പോൾ ആ​ഗ്രഹിക്കുന്നത് എന്നും ടൊവിനോ പറഞ്ഞു. കാലക്രമേണ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പ്രാപ്തി വന്നു എന്നു തോന്നിയാൽ അതിലേക്ക് ഇറങ്ങാം എന്നും സംവിധാനം ചെയ്യുന്ന സിനിമ ഒരിക്കലും ഒരു അടി, ഇടി പടം ആയിരിക്കില്ലെന്നും നരിവേട്ടയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തരം​ഗ് 2025 ന്റെ വേദിയിൽ ടൊവിനോ പറഞ്ഞു. കഥയുള്ളൊരു സിനിമ ചെയ്യനാണ് താൽപര്യം. ആ സിനിമ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റുകളിൽ പ്രദർശിപ്പിക്കണം എന്നാണ് തന്റെ ആ​ഗ്രഹം എന്നും ടൊവിനോ കൂട്ടിച്ചേർത്തു.

ടൊവിനോ തോമസ് പറഞ്ഞത്:

അഭിനയം ആണ് ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയ്യുന്നത്. അതിൽ ഇനിയും കുറേ കാര്യങ്ങൾ ചെയ്യണം എന്നാണ് ആ​ഗ്രഹം. അതിൽ നിന്നും ശ്രദ്ധ മറ്റൊരിടത്തേക്കും പോകണ്ട ഇതിൽ തന്നെ നിന്നാൽ മതിയെന്നാണ് തൽക്കാലം ഞാൻ ആ​ഗ്രഹിക്കുന്നത്. പറയാൻ പറ്റില്ല, ചിലപ്പോൾ കാലക്രമേണ സംവിധാനം ചെയ്യാനുള്ള ഒരു പ്രാപ്തി എനിക്ക് ആയി എന്ന് തോന്നിയാൽ ചിലപ്പോൾ ചെയ്തേക്കാം. ചെയ്താലും അടി ഇടി പടങ്ങൾ ഒന്നും ആയിരിക്കില്ല ഞാൻ സംവിധാനം ചെയ്യുക. ചെയ്യുകയാണെങ്കിൽ തന്നെ അതൊരു കഥ പടം ആയിരിക്കും. ആ കഥ പടം കൊണ്ട് വല്ല ഇന്റർനാഷണൽ ഫെസ്റ്റിവലുകൾക്കും പോകണം എന്നുള്ളതായിരിക്കും എന്റെ ഏറ്റവും വലിയ ആ​ഗ്രഹം.

ഇഷ്ക് എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട. ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിൾ ആയാണ് ടൊവിനോ എത്തുന്നത്. പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രവും പ്രധാന വിഷയമാക്കിയാണ് നരിവേട്ട ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. വലിയ ക്യാൻവാസിൽ, വൻ ബജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തത് എജിഎസ് എന്റർടെയ്‌ൻമെന്റ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in