'നടികര്‍ തിലകം' ടൊവിനോ തോമസ്; കോണ്‍സെപ്റ്റ് മോഷന്‍ പോസ്റ്ററുമായി ലാല്‍ ജൂനിയര്‍ ചിത്രം

'നടികര്‍ തിലകം' ടൊവിനോ തോമസ്; കോണ്‍സെപ്റ്റ് മോഷന്‍ പോസ്റ്ററുമായി ലാല്‍ ജൂനിയര്‍ ചിത്രം

ടൊവിനോ തോമസും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'നടികര്‍തിലകം' എന്ന ചിത്രത്തിലെ കോണ്‍സപ്റ്റ് മോഷന്‍ പോസ്റ്റര്‍ പുറത്ത്. വെള്ളത്തിനടിയില്‍ ക്രൂശിതനായ ക്രിസ്തുവിന്റേതിന് സമാനമായ രീതിയില്‍ ടൊവിനോ തോമസിനെ അവതരിപ്പിക്കുന്ന പോസ്റ്റര്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പുഷ്പ - ദ റൈസ് നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സാണ്. മൈത്രി മൂവീസിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

സുവിന്‍ സോമശേഖരന്‍ തിരക്കഥയൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മൈത്രി മൂവീസിനൊപ്പം അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്‍കുന്ന ഗോഡ്സ്പീടും നിര്‍മാണ പങ്കാളിയാണ്. നേരത്തെ, സൗബിന്‍ ഷാഹിറിന്റെ ജന്മദിനത്തിലും 'നടികര്‍തിലക'ത്തിലെ സൗബിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. 'ബാല' എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സൗബിന്‍ എത്തുന്നത്.

ടോവിനോ, സൗബിന്‍ എന്നിവര്‍ക്ക് പുറമെ, സുരേഷ് കൃഷ്ണ, ബാലു വര്‍ഗീസ്, വീണ നന്ദകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പ് - അറിവും സിനിമയുടെ ഭാഗമാണ്. ആല്‍ബിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫര്‍ ഭൂപതിയും, സൗണ്ട് ഡിസൈനിങ് അരുണ്‍ വര്‍മയുമാണ്. പബ്ലിസിറ്റി ഡിസൈന്‍ ഹെസ്റ്റണ്‍ ലിനോ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in