പലതരം വികാരങ്ങൾ പ്രകടിപ്പിക്കുന്ന മികച്ച ക്യാരക്ടർ ആർക് ഉള്ള കഥപാത്രമാണ് നരിവേട്ടയിലെ വർഗീസ് പീറ്റർ എന്ന് നടൻ ടൊവിനോ തോമസ്. ഇഷ്ക് എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട. ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിൾ ആയാണ് ടൊവിനോ എത്തുന്നത്. പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രവും പ്രധാന വിഷയമാക്കിയാണ് നരിവേട്ട ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ കഥ വായിച്ചത് മുതൽ താൻ വളരെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് നരിവേട്ട എന്ന് ടൊവിനോ നരിവേട്ടയുടെ പ്രസ്സ് മീറ്റിൽ പറഞ്ഞു.
ടൊവിനോ പറഞ്ഞത്:
എന്റെ സംവിധായകനാണ് എന്റെ ആദ്യത്തെ പ്രേക്ഷകൻ. ആ സംവിധായകനും എഴുത്തുകാരനുമാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. അവർ ഇതിൽ സംതൃപ്തരാണോ അവർ ആഗ്രഹിച്ച പോലെയോ അല്ലെങ്കിൽ അവർ ആഗ്രഹിച്ചതിനെക്കാൾ ഒരുപടി മുകളിലോ ഇവർക്ക് എന്റെ പെർഫോമൻസ് കൊടുക്കാൻ പറ്റുമോ എന്നായിരിക്കും ഞാൻ ഒരോ സീൻ ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക. നരിവേട്ടയിലെ എന്റെ കഥാപാത്രം നല്ല ക്യാരക്ടർ ആർക് ഉള്ള പലതരം വികാരങ്ങൾ പ്രകടിപ്പിക്കേണ്ട ഒരു കഥാപാത്രം ആണ്. തുടക്കം മുതൽ അവസാനം വരെ ആ ഒരു കഥാപാത്രത്തിന്റെ ഇമോഷണൽ ഗ്രാഫും നമ്മൾ അങ്ങനെ തന്നെയാണ് ചിന്തിച്ചിരുന്നതും. ഈ സിനിമയുടെ കഥ വായിച്ചത് മുതൽ വളരെ ആവേശത്തോടെയാണ് ഞാൻ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. വയനാട്ടിൽ ആയിരുന്നു സിനിമയുടെ ഷൂട്ട്. ആ സമയത്ത് ഞാൻ വീട്ടിലേക്ക് വന്ന സമയങ്ങൾ വളരെ ചുരുക്കമാണ്. മറ്റൊരു തരത്തിലുമുള്ള ഡിസ്ട്രാക്ഷൻ അവിടെയുണ്ടായിരുന്നില്ല. ഈ സിനിമയ്ക്ക് വേണ്ടിയാണ് നമ്മൾ നിന്നത്. മാത്രമല്ല ഇത്രയും ഇന്റൻസായ ഒരു കഥാപാത്രം ചെയ്യുന്ന സമയത്ത് നമ്മൾ കഥാപാത്രത്തിന്റെ ഭാഗത്ത് നിന്നും ചിന്തിക്കേണ്ടി വരും. ടൊവിനോ തോമസ് ആയി നിന്ന് ഞാൻ ചിന്തിച്ചാൽ എനിക്ക് മനസ്സിലാവാത്ത കാര്യങ്ങൾ ആ കഥാപാത്രത്തിന്റെ സാഹചര്യത്തിൽ നിന്ന് ചിന്തിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. സിനിമയിലെ നമ്മൾ ചെയ്യുന്ന കഥാപാത്രത്തിന്റെ സാഹചര്യങ്ങളെ നമ്മൾ ആത്മാർത്ഥമായി അവതരിപ്പിക്കുകയാണെങ്കിൽ ഗ്ലിസറിൻ ഉപയോഗിക്കാതെയും നമുക്ക് കരയാൻ സാധിക്കും.
വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളിന്‍റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറഞ്ഞു പോകുന്ന സിനിമയാണ് നരിവേട്ട. ചിത്രത്തിൽ വർഗ്ഗീസ് പീറ്ററായി എത്തുന്നത് ടൊവിനോ തോമസ് ആണ്. വലിയ ക്യാൻവാസിൽ, വൻ ബജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തത് എജിഎസ് എന്റർടെയ്‌ൻമെന്റ് ആണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.